ബാലാജി

Balaji Sarma

മുഴുവൻ പേര് ബാലാജി ശർമ്മ. തിരുവനന്തപുരം ആർട്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ കലാ രംഗത്ത് സജീവം. ഇടക്ക് എയർ ഫോഴ്സിൽ ജോലി ലഭിച്ചതിനാൽ പഠനം ഉപേക്ഷിച്ച് ആഗ്രയിൽ ജോലിക്ക് ചേർന്നു. അവിടെ വച്ച് പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കി. പിന്നീട് ജോഥ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബിയിൽ രണ്ടാം റാങ്കോടെ പാസ്സായി. വക്കീലായി എൻറോൾ ചെയ്തെങ്കിലും കലയോടുള്ള ആഭിമുഖ്യം കാരണം ജോലിയുപേക്ഷിച്ച് അഭിനയ ലോകത്തെത്തി. തുടക്കത്തിൽ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച ബാലാജി, ആദ്യമായി അഭിനയിച്ചത് രാജസേനനന്റെ നാടൻ പെണ്ണും നാട്ടു പ്രമാണിയും എന്ന ചിത്രത്തിലെ ചെറു വേഷമാണ്. പിന്നീട് മിനി-സ്ക്രീനിൽ സജീവമായി. എസിവിയിലെ തമാശ.കോം എന്ന പരിപാടി വിവിധ വേഷങ്ങളിൽ അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെടുകയും  അതു വഴി സീരിയലിലേക്ക് എത്തിപ്പെടുകയുമാണുണ്ടായത്. അലകൾ, അമ്മക്കിളി, കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രേക്ഷക ശ്രദ്ധ നേടിയ സീരിയലുകളായിരുന്നു. മധുപാൽ സംവിധാനം ചെയ്ത ഒഴിമുറിയിലെ മുരുകൻ നായർ എന്ന വേഷത്തോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.