കലാമണ്ഡലം വി സത്യഭാമ

Kalamandalam V Sathyabhama
Date of Birth: 
Thursday, 4 November, 1937
Date of Death: 
Sunday, 13 September, 2015

1937 നവംബർ 4 ആം തിയതി തലശ്ശേരി കടമ്പാട്ട് കൃഷ്ണൻ നായരുടെയും വേണാട്ട് അമ്മിണിയമ്മയുടെയും മകളായി പാലക്കാടുള്ള ഷൊർണ്ണൂരിൽ കലാമണ്ഡലം സത്യഭാമ ജനിച്ചു.

1951 ൽ കലാമണ്ഡലത്തിൽ ചേർന്ന അവർ ആറുവർഷത്തോളം കേരള കലാമണ്ഡലത്തിൽ പെരുമാങ്ങോട്ടു വാരിയത്ത് കൃഷ്ണൻകുട്ടിവാരിയർ/ അച്യുതവാരിയർ എന്നിവരിൽ നിന്ന് ഭരതനാട്യവും, പഴയന്നൂർ തോട്ടശ്ശേരി ചിന്നമ്മുവമ്മയിൽ നിന്ന് മോഹിനിയാട്ടവും, കലാമണ്ഡലം പത്മനാഭൻ നായരിൽ നിന്ന് കഥകളിയും അഭ്യസിച്ചു.

1954 ൽ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തിൽ മലേഷ്യ/സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ സംഘത്തിൽ അംഗമായ അവർ  1957 ൽ കലാമണ്ഡലത്തിൽ അഡീഷണൽ അധ്യാപികയായി. 1993 ൽ പ്രിൻസിപ്പൽ ആയി വിരമിച്ചു. 

മോഹിനിയാട്ടത്തിൽ അഞ്ചു വർണങ്ങൾ/പതിനൊന്നു പദങ്ങൾ/ ഒരു തില്ലാന എന്നിവ പുതിയതായി സംവിധാനം ചെയ്തു. ചില കവിതകൾ മോഹിനിയാട്ട രൂപത്തിൽ ആവിഷ്കരിച്ചു. ബാലകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നു കേരളത്തിൽ അറിയപ്പെടുന്ന ഒട്ടുമിക്ക മോഹിനിയാട്ട നർത്തകിമാരും അധ്യാപകരും സത്യഭാമയുടെ ശിഷ്യന്മാരാണ്.

1976 ൽ കേരള സംഗീത നാടക അക്കാദമിയുടെയും 1994 ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും മോഹിനിയാട്ടത്തിനുള്ള അവാർഡ്/ കേരള കലാമണ്ഡലം അവാർഡ്/ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്/കേന്ദ്ര സർക്കാറിന്റെ സീനിയർ ഫെലോഷിപ്പ്/2005 ൽ കേരള സർക്കാറിന്റെ ആദ്യത്തെ നൃത്തനാട്യ പുരസ്കാരം/2014 ൽ പത്മശ്രീ എന്നിവ ലഭിച്ചിട്ടുണ്ട്. 

1993 ൽ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'ബന്ധുക്കള്‍ ശത്രുക്കള്‍' എന്ന സിനിമയിലെ ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’ എന്ന് തുടങ്ങുന്ന ഗാനത്തിലെ മോഹിനിയാട്ട രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത് സത്യഭാമ ടീച്ചറായിരുന്നു.  

ഇവർ രചിച്ച 'ചരിത്രം സിദ്ധാന്തം പ്രയോഗം' എന്ന പുസ്തകത്തില്‍ മോഹിനിയാട്ടത്തെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്നുണ്ട്.

2015 സെപ്റ്റംബർ 13 ആം തിയതി അവർ തന്റെ 77 ആം വയസ്സിൽ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇവർ അന്തരിച്ചു.

കഥകളി ആചാര്യന്‍ കലാമണ്ഡലം പത്മനാഭൻനായരാണ് ഭർത്താവ്/ വേണുഗോപാലൻ/ലതിക/രാധിക/ ശശികുമാർ എന്നിവരാണ് മക്കൾ.