ശ്രീലത മേനോൻ

Name in English: 
Sreelatha Menon

മലയാളചലച്ചിത്ര - ടെലിവിഷൻ താരം. തിരുവനന്തപുരം കുന്നുകുഴി വടയ്ക്കാട് മണവിളാകം വീട്ടിൽ റിട്ടയേഡ് തഹസിൽദാർ നാരായണമേനോന്റേയും റിട്ടയേഡ് ഖാദിബോർഡ് സുപ്രണ്ട് ഭവാനിയുടെയും മകളായി 1969ൽ ജനിച്ചു. 1969ൽ മിസ് ട്രിവാൻഡ്രം ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രീലതമേനോൻ കലാരംഗത്ത് ശ്രദ്ധിയ്ക്കപ്പെടുന്നത്.

  ബിരുദപഠനത്തിനുശേഷം 1989ൽ ആണ് ശ്രീലതമേനോൻ സിനിമാരംഗത്ത് എത്തുന്നത്. കൗതുക വാർത്തകൾ ആയിരുന്നു ശ്രീലത അഭിനയിച്ച ആദ്യ ചിത്രം. പെരുന്തച്ചൻ,കേളി.. തുടങ്ങി മുപ്പതോളം സിനിമകളിലും, ഗുരുവായൂരപ്പൻ, കടമറ്റത്തു കത്തനാർ... തുടങ്ങി നൂറോളം സീരിയലുകളിലും ശ്രീലത മേനോൻ അഭിനയിച്ചു. റിഗാറ്റ,നൂപുര എന്നിവിടങ്ങളിൽ നിന്നും നൃത്തം അഭ്യസിച്ച ശ്രീലത അഞ്ഞൂറോളം വേദികളിൽ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത് വർഷമായി എല്ലുപൊട്ടുന്ന രോഗവുമായി വളരെ കഷ്ടപ്പെട്ടാണ് ശ്രീലതമേനോൻ കഴിഞ്ഞിരുന്നത്. അസുഖം മൂലം അധിക കാലം അവർക്ക് സിനിമാരംഗത്ത് തുടരാൻ കഴിഞ്ഞില്ല, ഭർത്താവ് മധു കാൻസർ ബാധിച്ചു മരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും, ശാരീരിക അവശതകളുമായി കഴിഞ്ഞിരുന്ന ശ്രീലതമേനോൻ 2016 ഒക്റ്റോബറിൽ അന്തരിച്ചു. അവർക്ക് മൂന്നു മക്കളാണ്. അർജ്ജുൻ, ആദി, അരവിന്ദ്.