രാമു

Name in English: 
Ramu
K G Ramu
Artist's field: 
Date of Death: 
തിങ്കൾ, 23 September, 2013
Alias: 
പൂജപ്പുര രാമു
ചമയം രാമു
കെ ജി രാമു

യഥാര്‍ഥ പേര് കെ ജി രാമചന്ദ്രന്‍ നായര്‍. ഹിന്ദിയിലെ വൈദഗ്ധ്യം അദ്ദേഹത്തിനു ശങ്കേഴ്സ് ട്യൂട്ടോറിയലില്‍ ഹിന്ദി അധ്യാപകനായി ജോലി നേടിക്കൊടുത്തു. പിന്നീട് നാടക നടന്മാരായ സഹോദരന്മാർ മുഖേനയാണ് രാമു ആദ്യമായി കലാവേദിയിൽ എത്തുന്നത്. 1963ല്‍ പൂജപ്പുര സി.എം.ജി.എച്ച് സ്കൂളില്‍ സ്റ്റേജ് പരിപാടിക്ക് ചമയമൊരുക്കി രംഗപ്രവേശം. തുടര്‍ന്ന് ഗവ. കോളജ്, കോട്ടണ്‍ഹില്‍ സ്കൂള്‍ എന്നിവിടങ്ങളിലെ വാര്‍ഷിക പരിപാടിക്ക് ക്ഷണിക്കപ്പെട്ടു. പ്രശസ്ത നാടക കലാകാരന്മാരായ പി കെ വേണുക്കുട്ടന്‍നായര്‍, ജി ശങ്കരപ്പിള്ള, ടി എന്‍ ഗോപിനാഥന്‍നായര്‍, ടി ആര്‍ സുകുമാരന്‍നായര്‍, നാഗവള്ളി ആര്‍ എസ് കുറുപ്പ്, ജഗതി എന്‍ കെ ആചാരി എന്നിവർക്കൊപ്പം നിരവധി നാടകങ്ങളിൽ സഹകരിച്ചു. മേക്കപ്പിനും രംഗാവിഷ്കാരത്തിനും രാമുവിന്റെ സാന്നിധ്യമില്ലാതിരുന്ന നാടക ട്രൂപ്പുകളില്‍ സംസ്ഥാനത്ത് വിരളമായിരുന്നു.

സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനായി കോടമ്പാക്കത്തേക്ക്  വണ്ടി കയറിയ രാമു,, 1972ൽ മലയാളത്തിലും ഹിന്ദിയിലുമായി ഇറങ്ങിയ ത്രിസന്ധ്യ എന്ന ചിത്രത്തിനു ചമയമൊരുക്കിക്കൊണ്ട് സിനിമയിലേക്ക് കടന്നു വന്നു. തൂടർന്ന് സ്വയംവരം, കൊടിയേറ്റം, കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, അയനം തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളുടെ ചമയമൊരുക്കി. വളരെ ചിലവ് കുറച്ച് ചമയമൊരുക്കുന്നതിൽ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം പ്രശസ്തമായിരുന്നു. സിനിമക്ക് ശേഷം ടെലിവിഷൻ രംഗത്തും അദ്ദേഹം പ്രവർത്തിച്ചു. മണി ഓർഡർ എന്ന ടെലിഫിലിമിൽ നെടുമുടി വേണുവിനെ 26 കാരനായും 76 കാരനായും അണിയിച്ചൊരുക്കിയത് ശ്രദ്ധ നേടി. തലസ്ഥാനത്ത് ചമയ സാധനങ്ങള്‍ വാടകക്ക് നല്‍കുവാൻ തുടങ്ങിയത് രാമുവാണ്. ഇന്ത്യയിലാദ്യമായി Make-up and Costumes കോഴ്സിനായി അദ്ദേഹം തിരുവനന്തപുരത്ത് ഒരു സ്കൂൾ ആരംഭിച്ചു. 2012 ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 2013 സെപ്തംബർ 23 ന് പൂജപ്പുരയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ഭാര്യ ജയശ്രീ, മകള്‍ ദേവിപ്രിയ