രഞ്ജിത്ത് അമ്പാടി

Ranjith Ambadi

 ഏറണാംകുളം ജില്ലയിലെ നോർത്ത് പറവൂരിൽ വേണുഗോപാലിന്റെയും ശൈലജയുടെയും മകനായി ജനിച്ചു. 2000- ത്തിൽ റിലീസ് ചെയ്ത സ്വയംവര പന്തൽ എന്ന ചിത്രത്തിൽ മേക്കപ്പ് അസിസ്റ്റന്റായിട്ടാണ് രഞ്ജിത്ത് സിനിമയിലെത്തുന്നത്. ബ്ലെസ്സിയുടെ 2005- ൽ ബെളെസ്സി സംവിധാനം ചെയ്ത കാഴ്ച്ച- യിലൂടെയാണ്‌ സ്വതന്ത്ര മേക്കപ്പ്‌ ആര്‍ട്ടിസ്റ്റായി സിനിമാരംഗത്ത്‌ സജീവമാകുന്നത്‌. തുടർന്ന് ബൈ ദി പീപ്പിൾ, തന്മാത്ര, ഛോട്ടാ മുംബൈ, അണ്ണൻ തമ്പി, കൽക്കട്ട ന്യൂസ്, പാലേരി മാണിക്യം, ആമേൻ, ഹെലൻ, ആടു ജീവിതം എന്നിവയുൾപ്പെടെ നിരവധി സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക്‌ ചായം തേച്ചു.
മലയാളത്തിന്‌ പുറമെ കടൽ, മരിയാൻ, മാരാ തുടങ്ങിയ തമിഴ്‌ചിത്രങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു.

രഞ്ജിത്ത് അമ്പാടിക്ക് മികച്ച മെയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ച് തവണ ലഭിച്ചിട്ടുണ്ട്. 2004, 2008,2009,2017,2020 വർഷങ്ങളിലാണ് പുരസ്ക്കാരങ്ങൾ ലഭിച്ചത്. 2020- ൽ ഹെലൻ എന്ന ചിത്രത്തിലെ മെയ്ക്കപ്പിന് ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകൻ ബ്ലെസി ചിത്രീകരിച്ച ഡോക്യുമെന്‍ററിയിലും രഞ്ജിത്ത് ഭാഗഭാക്കായി. ഇത് ഗിന്നസ് റെക്കോർഡിന് അദ്ദേഹത്തെ അർഹനാക്കി. രഞ്ജിത്ത് അമ്പാടിയുടെ സഹോദരൻ രതീഷ് അമ്പാടിയും മേയ്ക്കപ്പ് ആർട്ടിസ്റ്റാണ്.

രഞ്ജിത്ത് അമ്പാടിയുടെ ഭാര്യ ലക്ഷ്മി. ഒരു മകൻ യുവ ജിത്ത്.