സേനൻ

Senan

എൻ സി സേനനെന്ന ചന്ദ്രസേനൻ "സേനനെ"ന്ന ചുരുക്കപ്പേരിലാണ് സിനിമയിൽ അറിയപ്പെട്ടിരുന്നത്. കലാനിലയം നാടകവേദിയുടെ പ്രവർത്തകനായാണ് സേനൻ കലാരംഗത്തെത്തുന്നത്. നാടകവേദികളിൽ സഹസംവിധായകനായും നടനായുമൊക്കെ പ്രവർത്തിച്ചതിനു പുറമേ വേലി, വേലുത്തമ്പി ദളവ, നിമിഷമേ നിന്നേത്തേടി തുടങ്ങി ഏട്ടോളം പ്രൊഫഷണൽ നാടകങ്ങൾ സംവിധാനവും ചെയ്തു. 

മുംബൈ ഭാരതീയ വിദ്യാഭവനിൽ നിന്ന് ഓഡിയോ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. തുടർന്ന് അവിടെ ഡോക്യുമെന്ററി സിനിമകളിലൂടെ പ്രശസ്തനായിരുന്ന സുഖ്ദേവിനൊപ്പം മൂന്ന് കൊല്ലം പ്രവർത്തിച്ചു. കേരളത്തിൽ തിരിച്ചെത്തിയ സേനൻ ശ്രീനാരായണ ഗുരുവിനേപ്പറ്റിയുള്ള ഡോക്യുമെന്ററി നിർമ്മിച്ചു. സംവിധായകൻ രാമു കാര്യാട്ടിന്റെ നിർമ്മാണ സഹായി ആയാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. കാര്യാട്ടിന്റെ നെല്ലെന്ന സിനിമയുടെ നിർമ്മാണ സഹായിയായിരുന്നു. തുടർന്ന് സംവിധായകരായ കെ സേതുമാധവന്റെയും പി എ ബക്കറിന്റെയും ജി അരവിന്ദന്റെയും സംവിധാന സഹായിയായി പ്രവർത്തിച്ചു. രാജവീധി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. കേന്ദ്രസർക്കാരിന്റെ ഫിലിംസ് ഡിവിഷനു വേണ്ടി ചക്രം എന്ന സിനിമയും സംവിധാനം ചെയ്തു. കുട്ടികളുടെ ചിത്രമായ മുത്തിയമ്മയുടെ വിഷ്ണു എന്ന സിനിമയും സംവിധാനം നിർവ്വഹിച്ചു. 

ഏകദേശം 14ഓളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. തിക്കുറിശ്ശീ സുകുമാരൻ നായരുടെ ജീവിതത്തെയും ചട്ടമ്പി സ്വാമികളേപ്പറ്റിയുമൊക്കെയുള്ള ഡോക്യുമെന്ററികൾ ശ്രദ്ധേയമായിരുന്നു. പത്രപ്രവർത്തകനായും റേഡിയോ പ്രവർത്തകനുമൊക്കെയായിരുന്ന സേനൻ " ചലച്ചിത്രകലയും സാങ്കേതിക വിദ്യകളും" " ഗുരുദത്ത് സിനിമയും ജീവിതവും" എന്ന പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള സിനിമ ഫ്ലാഷ് ബാക്ക് എന്ന റേഡിയോ പരമ്പരയുടെ രചയിതാവുമായിരുന്നു. 2002ൽ സർക്കാർ ടെലിവിഷൻ അവാർഡ് കമ്മറ്റി അംഗമായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ മലയാള സിനിമ ചരിത്ര വിജ്ഞാന കോശത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സെൻസർ ബോർഡംഗമായും, ദൂരദർശൻ, ബോംബെ ഫിലിം ഡിവിഷൻ, ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, പബ്ലിക് റിലേഷൻ എന്നിവിടങ്ങളിൽ ഡയറക്റ്റർ പാനൽ മെംബറുമായിരുന്നു. 

തിരക്കേറിയ ജീവിതത്തിൽ പറ്റിയ ഒരു ആക്സിഡന്റ് ‌മൂലം കുറച്ച് നാൾ കൈകാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട് കിടക്കയിലായിരുന്നെങ്കിലും ചികിത്സയിലൂടെ ഇതിന് മാറ്റം വരുത്തിയ ചന്ദ്രസേനൻ കലാരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

ശ്രീകാര്യം എൻജിനീയറിങ് കോളേജിന് സമീപത്ത് എട്ടുകുഴി രാമമംഗലം വീട്ടിലാണ് താമസം. ഭാര്യ: നിർമല. മക്കൾ: വിനീത്‌ സേനൻ, ഉമാ സേനൻ 

അവലംബം : മാതൃഭൂമി ആർട്ടിക്കിൾ, കേരള ബുക്‌സ്റ്റോർ ‌