നിതീഷ് ഭരദ്വാജ്

Nitish Bharadwaj

ഇന്ത്യൻ ചലച്ചിത്ര, സീരിയൽ നടൻ. 1963 ജൂണിൽ ബോംബെ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ ജനാർദ്ധനൻ സി ഉപാദ്ധ്യായയുടെ മകനായി ബോംബെയിൽ ജനിച്ചു. അമ്മ സാധനാ ഉപാദ്ധ്യായ വിൽസൺ കോളേജിലെ മറാത്തി സാഹിത്യ ഡിപ്പാർട്ട്മെന്റിന്റെ ഹെഡ്ഡായിരുന്നു. വെറ്റിനറി സയൻസിൽ ബിരുദം നേടിയ നിതീഷ് ഒരു വെറ്റിനറി ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് അദ്ദേഹം ഒരു മറാത്തി തിയ്യേറ്ററിൽ നിന്നും സംവിധായകനായി പരിശീലനം നേടി. അതിനുശേഷം പ്രൊഫഷണൽ മറാത്തി നാടകവേദികളിൽ സജീവമായി. തുടർന്ന് അദ്ദേഹം ഹിന്ദി നാടകങ്ങളിൽ പ്രവർത്തിയ്ക്കാൻ തുടങ്ങി.

നിതീഷ് ഭരദ്വാജ് Chakravyuh, എന്ന ഹിന്ദി നാടകത്തിൽ ശ്രീകൃഷ്ണനായി അഭിനയച്ചു. ആ നാടകം വലിയ വിജയമാവുകയും ഇന്ത്യയിൽ നിരവധി വേദികളിൽ കളിയ്ക്കുകയും ചെയ്തു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി അഭിനയിയ്ക്കാൻ നിതീഷിന് അവസരം ലഭിയ്ക്കാൻ നാടകത്തിലെ കൃഷ്ണവേഷം സഹായിച്ചു. മഹാഭാരതത്തിലെ അദ്ദേഹത്തിന്റെ ശ്രീകൃഷ്ണന്റെ റോൾ വളരെ അധികം ജനപ്രീതിയാർജ്ജിച്ചു. 1988- ൽ Trishagni  എന്ന ഹിന്ദി ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് നിതീഷ് ഭരദ്വാജ് സിനിമയിലേയ്ക്ക് കടക്കുന്നത്. തുടർന്ന് 1991- ൽ പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലൂടെ അദ്ദേഹം മലയാള സിനിമയിൽ അഭിനയിച്ചു. ഹിന്ദി, മറാത്തി ഭാഷകളിലായി പതിനഞ്ചോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മഹാഭാരതമുൾപ്പെടെ പത്തോളം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.

നിതീഷ് ഭരദ്വാജ് അഭിനയത്തിനുപുറമേ രാഷ്ട്രീയത്തിലും പ്രവർത്തിയ്ക്കുന്നുണ്ട്. 1996- ൽ ബി ജെ പിയുടെ സ്ഥാനാർത്ഥിയായി ജംഷ്ഡ്പൂരിൽ നിന്നും പാർലമെന്റിലേയ്ക്ക് മത്സരിച്ചു വിജയിച്ചു. കുറച്ചുകാലം ബിജെപിയ്ക്കുവേണ്ടി പ്രവർത്തിച്ച നിതീഷ് ഭരദ്വാജ് ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. 1991- ലാണ് നിതീഷ് ഭരദ്വാജ് വിവാഹിതനായത്. ഭാര്യ മോനിഷ പാട്ടീൽ രണ്ട് കുട്ടികളാണ് അവർക്കുള്ളത്. 2005- ൽ മോനിഷയുമായുള്ള ബന്ധം വേർപെടുത്തിയ നിതീഷ് ഐ എ എസ് ഓഫീസറായ സ്മിത ഗേറ്റിനെ വിവാഹം ചെയ്തു, സ്മിതയിൽ നിതീഷിന് ഇരട്ടക്കുട്ടികളാണുള്ളത്.