തലൈവാസൽ വിജയ്

Thalaivasal Vijay

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1962 ഓഗസ്റ്റിൽ ചെന്നൈയിൽ ജനിച്ചു. ചെന്നെയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കേറ്ററിംഗ് കോഴ്സിലും മാർക്കറ്റിങ്ങ് മാനേജ്മെന്റിലും. പഠനം നടത്തി. പിന്നീട് ഡാൻസർ, കോറിയോഗ്രാഫർ ജോലികൾ നോക്കിയിട്ടുണ്ട്. ഇതിനു ശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന വിജയ് സ്വർണ്ണമെഡലോടെ പഠനം പൂർത്തിയാക്കി. 1992-ൽ Thalaivaasal എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തുകൊണ്ടാണ് വിജയ് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. വളരെ ശ്രദ്ധിയ്ക്കപ്പെട്ട വേഷമായിരുന്നു അദ്ദേഹം ചെയ്തത്. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ പേരിനൊപ്പം തലൈവാസൽ എന്ന സിനിമയുടെ പേര് കൂടി ചേർത്ത് വിളിയ്ക്കാൻ തുടങ്ങി. കാരക്ടർ റോളുകളിലായിരുന്നു അദ്ദേഹം തിളങ്ങിയത്. നിരവധി തമിഴ് സിനിമകളിൽ തലൈവാസൽ വിജയ് ശ്രദ്ധേയമായ വേഷങ്ങളിലഭിനയിച്ചു.

തലൈവാസൽ വിജയ് 2000- ത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിയ്ക്കുന്നത്. കമൽ സംവിധാനം ചെയ്ത മധുര നൊമ്പരക്കാറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. 2010- ൽ യുഗപുരുഷൻ എന്ന സിനിമയിൽ  ശ്രീ നാരായണഗുരുവായി അഭിനയിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ശ്രീ നാരായണ ഗുരു. ശിക്കാർ, കർമ്മയോഗി, ഹീറോ, സെല്ലുലോയ്ഡ്.. എന്നിവയുൾപ്പെടെ അൻപതോളം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ തലൈവാസൽ വിജയ് അഭിനയിച്ചിട്ടുണ്ട്. അഭിനയം കൂടാതെ ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയാണ് തലൈവാസൽ വിജയ്. മുകേഷ് തിവാരി, അതുൽ കുൽക്കർണി, മുരളി, ബാബു ആന്റണി.. തുടങ്ങി പല നടൻമാർക്കുവേണ്ടിയും തമിഴിലിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അവാർഡുകൾ-

Kerala State Film Awards:

2010 – Special Jury Award -Yugapurushan

South Indian International Movie Awards

2012 – Best Actor in a Supporting Role for Karmayogi