സായികുമാർ

Saikumar

മലയാള ചലച്ചിത്ര നടൻ. 1963 മാർച്ച് 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. പ്രശസ്ത ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും,വിജയലക്ഷ്മിയമ്മയുടെയും മകനായിട്ടായിരുന്നു സായികുമാർ ജനിച്ചത്. 1977-ൽ വിടരുന്നമൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു സായികുമാർ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് കഥയറിയാതെ, ഇതും ഒരു ജീവിതം എന്നീ സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച സായികുമാറിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത് !989 -ൽ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ നായകനായി അഭിനയിച്ചതോടെയാണ്. വൻ വിജയമായ റാംജിറാവു സ്പീക്കിംഗ് സായ്കുമാറിനെ തിരക്കുള്ള നടനാക്കിമാറ്റി.

  തുടർന്ന് കുറച്ചു സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. ലോ ബജറ്റ് കോമഡി സിനിമകളായിരുന്നു അവയെല്ലാം എന്നതുകൊണ്ട് സായികുമാറിന് നായകനായി കുടുതൽ സിനിമകളിൽ നിലനിൽക്കാൻ കഴിഞ്ഞില്ല. താമസിയാതെ അദ്ദേഹം കാരക്ടർ റോളൂകളിലേയ്ക്കും വില്ലൻ വേഷങ്ങളിലേയ്ക്കും മാറി. 1996-ൽ ഹിറ്റ്ലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി അഭിനയിച്ചതോടെയാണ് സായികുമാർ വില്ലൻ വേഷങ്ങളിൽ ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം വില്ലനായി അഭിനയിച്ചു. ദിലീപ് നായകനായ കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ ക്രൂരനായ ഗൂണ്ടയുടെ വേഷത്തിൽ അഭിനയിച്ച് സായികുമാർ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു. സേതുരാമയ്യർ സി ബി ഐ എന്ന ചിത്രത്തിൽ ശബ്ദക്രമീകരണംകൊണ്ടും, ശാരീരികചലനങ്ങൾകൊണ്ടും അനശ്വരനടൻ സുകുമാരനെ സായികുമാർ പുന:സൃഷ്ടിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. രാജമാണിക്യം സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച് കാരക്ടർ റോളുകൾ അഭിനയിക്കുവാനുള്ള കഴിവ് അദ്ദേഹം തെളിയിച്ചു. മുന്നൂറോളം സിനിമകളിൽ സായ്കുമാർ അഭിനയിച്ചിട്ടുണ്ട്.

2007-ൽ ആനന്ദഭൈരവി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സായ്കുമാറിന് ലഭിച്ചു.

സായ്കുമാറിന്റെ ആദ്യഭാര്യ പ്രസന്നകുമാരി. ഒരു മകൾ വൈഷ്ണവി. ആ ബന്ധം പിരിഞ്ഞതിനുശേഷം സായ്കുമാർ ചലച്ചിത്ര നടി ബിന്ദുപണിക്കരെ വിവാഹം ചെയ്തു.