വി ആർ ഗോപാലകൃഷ്ണൻ

VR Gopalakrishnan

മലയാള ചലച്ചിത്ര സംവിധായകൻ. 1981-ൽ തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പതിഞ്ചോളം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ഗോപാലകൃഷ്ണൻ, 1985-ൽ പ്രിയദർശൻ ചിത്രമായ " ധിം തരികിട ധോം"മിന് തിരക്കഥ എഴുതിക്കൊണ്ട് തിരക്കഥാരചനയ്ക്ക് തുടക്കം കുറിച്ചു. സംവിധായകൻ പ്രിയദർശന്റെ സുഹൃത്തുകൂടിയായിരുന്ന വി ആർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ ചിത്രങ്ങളായ ചെപ്പ്,വന്ദനം എന്നിവയടക്കം പതിനാറു സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. പ്രിയദർശന്റെ തമിൾ,തെലുങ്കു ചിത്രങ്ങളലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

1991-ൽ കാക്കത്തൊള്ളായിരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഗോപാലകൃഷ്ണൻ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് മൂന്നു സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. മൂന്നു സിനിമകൾക്ക് കഥ എഴുതിയ ഗോപാലകൃഷ്ണൻ 1997-ൽ ഇറങ്ങിയ രാജസേനൻ ചിത്രമായ കഥാനായകനിൽ അഭിനയിയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പേര് ഗീത. മക്കൾ അർജ്ജുൻ,അരവിന്ദ്. 2016 ജനുവരി 11- ന് പാലക്കാട് ജില്ലയിലെ രാമനാഥപുരത്തുള്ള സ്വവസതിയിൽ വെച്ച് വി ആർ ഗോപാലകൃഷ്ണൻ ആത്മഹത്യചെയ്തു.