ബാലു മഹേന്ദ്ര

Balu Mahendra
Balu Mahendra
Date of Birth: 
Saturday, 20 May, 1939
Date of Death: 
Thursday, 13 February, 2014
സംവിധാനം: 4
കഥ: 2
സംഭാഷണം: 2
തിരക്കഥ: 4

ബാലനാഥൻ ബെഞ്ചമിൻ മഹേന്ദ്രൻ എന്നാണ് യഥാർത്ഥ പേര്.  ശ്രീലങ്കയിലെ ബട്ടിക്കലോവയിൽ ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തിലായിരുന്നു ജനനം.  ബട്ടിക്കലോവയിലെ സെയിന്റ് മൈക്കൽസ് കോളേജ് നാഷണൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ലണ്ടൻ യൂനിവേഴ്സിറ്റിയിൽ നിന്നും ശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദവും നേടി.  ഇന്ത്യൻ സിനിമാരംഗത്ത് ഛായാഗ്രഹണം, സംവിധാനം, ചിത്രസംയോജനം എന്നിവയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ബാലുമഹേന്ദ്ര.  പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണം സ്വർണ മെഡലോടെ പാസായ ശേഷം,1971 ൽ  "നെല്ല്" എന്ന സിനിമയിൽ ഛായാഗ്രാഹകനായാണ്  ബാലുമഹേന്ദ്ര സിനിമാജീവിതം ആരംഭിയ്ക്കുന്നത്. ആദ്യസിനിമയ്ക്ക് തന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം നേടി.

1977 ലെ, "കോകില" എന്ന കന്നഡ ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം.  മലയാളത്തിലെ രണ്ട് സിനിമകൾ ഉൾപ്പെടെ 5 ഭാഷകളിലായി 22 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. "ഓളങ്ങൾ"(1982) എന്ന സിനിമയാണ് മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ. 2013 ലെ "തലൈമുറകൾ" എന്ന തമിഴ് സിനിമയാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം. പ്രധാനമായും തമിഴ് സിനിമാരംഗത്ത് നിലയുറപ്പിച്ച ബാലുമഹേന്ദ്ര, എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും തമിഴ് സിനിമയിലെ നവഭാവുകത്വം രൂപപ്പെടുത്തിയവരിലെ പ്രധാനി ആയിരുന്നു. ദൃശ്യങ്ങൾ ഉപയോഗിച്ച് കഥ പറയുന്ന അദ്ദേഹത്തിന്റെ സംവിധാനരീതി ഒരുപാട് നിരൂപകപ്രശംസ നേടി. സ്വാഭാവിക വെളിച്ചം, നിറങ്ങളുടെ കൃതഹസ്തമായ ഉപയോഗം എന്നിവയാൽ വേറിട്ട്‌ നില്ക്കുന്ന അദ്ദേഹത്തിന്റെ ഛായാഗ്രഹണശൈലി പ്രഗൽഭരും ശ്രദ്ധേയരുമായ അനേകം ഛായാഗ്രാഹകർക്ക് പ്രചോദനമായിത്തീരുകയും ഏറെ നിരൂപകശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

സംവിധാനം ചെയ്ത സിനിമകളിൽ, ഛായാഗ്രഹണത്തിനു പുറമേ തിരക്കഥയും ചിത്രസംയോജനവും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ഭരതൻ, മണിരത്നം, ജെ മഹേന്ദ്രൻ തുടങ്ങിയ  തെന്നിന്ത്യയിലെ പ്രഗൽഭസംവിധായകരുടെ ആദ്യസിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചത് ബാലുമഹേന്ദ്രയാണ്. ഛായാഗ്രഹണത്തിനുള്ള 2 പുരസ്കാരങ്ങൾ ["കോകില"-കന്നഡ,"മൂന്രാം പിറൈ"-തമിഴ്] ഉൾപ്പെടെ 5 ദേശീയ പുരസ്കാരങ്ങളും 2 കേരള സംസ്ഥാന പുരസ്കാരങ്ങളും [മികച്ച ഛായാഗ്രഹണം(കളർ)1974 -"നെല്ല്", മികച്ച ഛായാഗ്രഹണം1975 - "ചുവന്ന സന്ധ്യകൾ", "പ്രയാണം"] നേടിയിട്ടുണ്ട് . കൂടാതെ അനേകം ഫിലിം ഫെയർ പുരസ്കാരങ്ങൾ, കർണാടക,തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങൾ എന്നിവയും നേടിയിട്ടുണ്ട്.
ഹൃദയാഘാതത്തിനെത്തുടർന്ന് 2014 ഫെബ്രുവരി 13 ന്  ഇദ്ദേഹം അന്തരിച്ചു.