ടി കെ രാജീവ് കുമാർ

Name in English: 
TK Rajeev Kumar

മലയാള ചലച്ചിത്ര സംവിധായകൻ. കോട്ടയം ജില്ലയിലെ തിരുനക്കരയിൽ 1961-ൽ ജനിച്ചു. കരുണാകര പണിയ്ക്കരും ഇന്ദിരക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ. കോട്ടയം ബേക്കർ കിന്റർഗാർട്ടൻ സ്കൂൾ, എം ടി സെമിനാരി ഹൈസ്കൂൾ, എസ് ഡി വി സ്കൂൾ ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു രാജീവ് കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജിൽനിന്നും പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഡിഗ്രിയും കഴിഞ്ഞ അദ്ദേഹം കേരള ലോ അക്കാദമിയിൽ നിന്നും നിയമബിരുദവും നേടി. പ്രശസ്ഥ നാദസ്വര വിദ്വാൻമാരായ അമ്പലപ്പുഴ ബ്രദേഴ്സ് രാജീവ്കുമാറിന്റെ ബന്ധുക്കളായിരുന്നു. രാജീവ്കുമാറിന്റെ കലാപാമായ കഴിവ് തിരിച്ചറിഞ്ഞ അവരുടെ പ്രോത്സാഹനം നിമിത്തം അദ്ദേഹം ആലപ്പി ബാബു എന്ന പ്രശസ്ഥ മൃദംഗ വിദ്വാന്റെ കീഴിൽ മൃദംഗം പഠിയ്ക്കാൻ ചേർന്നു. പിന്നീട് മാവേലിക്കര എസ് ആർ രാജുവിന്റെ കീഴിലും മൃദംഗം പഠിച്ചു.

നവോദയ അപ്പച്ചന്റെ മകനായ ജിജോപുന്നൂസിന്റെ കൂടെ അസിസ്റ്റന്റ് സംവിധായകനായി 1984-ൽ മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അതിനുശേഷം ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിൽ രഘുനാഥ് പലേരിയുടെ അസോസിയേറ്റായി പവർത്തിച്ചു. 1989-ൽ കമലഹാസൻ നായകനായ ചാണക്യൻ സംവിധാനം ചെയ്തുകൊണ്ടാണ് രാജീവ്കുമാർ സ്വതന്ത്ര സംവിധായകനാകുന്നത്. മോഹൻലാലിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള പവിത്രം, മമ്മൂട്ടി നായകനായ മഹാനഗരം, മഞ്ജുവാരിയർക്ക് ദേശീയ അവാർഡ് കമ്മിറ്റിയുടെ അഭിനയത്തിനുള്ള പ്രത്യേക പുരസ്ക്കാരം നേടിക്കൊടുത്ത കണ്ണെഴുതിപൊട്ടും തൊട്ട്, മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവർഡ് നേടിയ ശേഷം എന്നിവ രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

ദൂരദർശൻ ദേശീയ ചാനൽ സംപ്രേഷണം ചെയ്ത ബൈബിൾ കി കഹാനി എന്ന പരമ്പര (1989 - 90) സംവിധാനം ചെയ്തത് രാജീവ് കുമാറായിരുന്നു. 2003-2004 വർഷങ്ങളിൽ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു അദ്ദേഹം. അതേവർഷങ്ങളിൽ IFFK യുടെ ഡയറക്ടറും ആയിരുന്നു അദ്ദേഹം.