തോപ്പിൽ ഭാസി

Thoppil Bhasi
Date of Birth: 
ചൊവ്വ, 8 April, 1924
Date of Death: 
ചൊവ്വ, 8 December, 1992
സംവിധാനം: 15
കഥ: 38
സംഭാഷണം: 116
തിരക്കഥ: 111

സംവിധായകൻ, തിരക്കഥാകൃത്ത്.  1924 ഏപ്രിലിൽ ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നിൽ തോപ്പിൽ പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ഭാസ്ക്കര പിള്ള എന്നായിരുന്നു യഥാർത്ഥ നാമം. വള്ളിക്കുന്നം എസ്.എൻ.ഡി.പി.സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്നു വൈദ്യകലാനിധി ഉയർന്ന റാങ്കോടെ പാസ്സായി. ആയുർവേദ കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ ഭാസി വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. 

പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഭാസി കോൺഗ്രസ്സിൽ അംഗമായി ചേർന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായതോടൊപ്പം തന്നെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. നാടകങ്ങളിലൂടെയാണ് തോപ്പിൽ ഭാസിയുടെ കലാപ്രവർത്തനം തുടങ്ങുന്നത്. ഭാസിയുടെ ആദ്യ നാടകമായ "മുന്നേറ്റം" അരങ്ങേറുന്നത് 1945- ലായിരുന്നു.

 ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"  എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്. 1957 ലെ പൊതു തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും വിജയിച്ച് ഒന്നാം കേരള നിയമസഭയിൽ അംഗമായി. കെ.പി.എ.സി. എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപക പ്രവർത്തകരിലൊരാളായിരുന്നു തോപ്പിൽ ഭാസി. കെ പി എ സിയ്ക്കുവേണ്ടിയാണ് ഭാസി നാടക രചന നടത്തിയത്.  കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഏതാണ്ട് 4000 ഓളം സ്റ്റേജുകളിൽ കളിച്ചു എന്നു കരുതപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ഭാസി ഒരു ദശവർഷം ഒളിവിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നാടകങ്ങൾ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്. ശൂദ്രകന്റെ "മൃച്ഛകടികം" പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം' ശകുന്തള എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968- ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഇരുപതോളം നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

തോപ്പിൽ ഭാസിയുടെ ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രങ്ങളായിട്ടുണ്ട്. 1961- ൽ മുടിയനായ പുത്രൻ എന്ന തന്റെ നാടകത്തിന് ചലച്ചിത്രഭാഷ്യം രചിച്ചുകൊണ്ടാണ് ഭാസി സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് അശ്വമേധം, തുലാഭാരം, കൂട്ടുകുടുംബം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തീക്കനൽ, ശരശയ്യ, മൂലധനം എന്നിവയുൾപ്പെടെ അൻപതോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 1970- ൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് തോപ്പിൽ ഭാസി സംവിധാന രംഗത്തേയ്ക്കും ചുവടുവെച്ചു. ഒരു സുന്ദരിയുടെ കഥ, ഏണിപ്പടികൾ, സർവ്വേക്കല്ല്, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യകിരണങ്ങൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, തുലാഭാരം എന്നീ സിനിമകളിൽ ഭാസി അഭിനയിച്ചിട്ടുണ്ട്. മുടിയനായ പുത്രൻ (നാടകം ), പുതിയ ആകാശം പുതിയ ഭൂമി (നാടകം ) എന്നീ നാടകങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1981- ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് തോപ്പിൽ ഭാസിയ്ക്ക് ലഭിച്ചു. 1969- ൽ ഭാസിയുടെ കഥ, തിരക്കഥയിൽ പിറന്ന മൂലധനം എന്ന ചിത്രത്തിന് മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഭാസി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ ശരശയ്യ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം 1971-ൽ കരസ്ഥമാക്കി. 

തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മയായിരുന്നു. നാല് മക്കളാണ് അവർക്കുള്ളത്.- അജയൻ, സോമൻ, രാജൻ, സുരേഷ്, മാല.  മകൻ അജയൻ പെരുന്തച്ചൻ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.