ത്യാഗരാജൻ

Thyagarajan

തെന്നിന്ത്യൻ ഫൈറ്റ്മാസ്റ്റർ, സ്റ്റണ്ട് കൊറിയോഗ്രാഫർ. തമിഴ്നാട്ടിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ത്യാഗരാജന്റെ ജനനം. ഒരു സിനിമാ നടനാകുക എന്നതായിരുന്നു ത്യാഗരാജന്റെ ചെറുപ്പം മുതലേയുള്ള വലിയ ആഗ്രഹം എന്നതിനാൽ അതിനുവേണ്ടി 1958-ൽ അദ്ദേഹം മദ്രാസിലേയ്ക്ക് പുറപ്പെട്ടു. നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹത്തിന് തന്റെ ആഗ്രഹം പോലെ നടനാകാൻ കഴിഞ്ഞില്ല. ആ മോഹം ത്യാഗരാജൻ ഉപേക്ഷിച്ചെങ്കിലും സിനിമയിലെ മറ്റ് മേഖലകൾ ലക്ഷ്യമാക്കി പ്രവർത്തനം നടത്താൻ തീരുമാനിച്ച് തിരഞ്ഞെടുത്ത മേഖലയാണ് സ്റ്റണ്ട്. അക്കാലത്തെ പ്രധാന സ്റ്റണ്ട് ഡയറക്ടറായിരുന്ന പുരുഷോത്തമനെന്ന പുലികേശിയ്ക്ക് കീഴിൽ ത്യാഗരാജൻ സഹായിയായി പ്രവർത്തിച്ച് തുടങ്ങി. നായകൻമാരുടെ ഡ്യൂപ്പായും സംഘട്ടന സഹായിയായും അദ്ദേഹം സിനിമകളിൽ ജോലി ചെയ്തു. 1966-ൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർ പുലികേശി മരണപ്പെട്ടതിനേത്തുടർന്ന് ഗുരുവിന്റെ മരണത്തിൽ തളർന്നുപോയ ത്യാഗരാജൻ സിനിമ ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ തീരുമാനിച്ചെങ്കിലും മെറിലൻഡ് സ്റ്റുഡിയോ ഉടമ സുബ്രമണ്യം മുതലാളി തന്റെ സിനിമയിൽ പുലികേശിയ്ക്ക് പൂർത്തിയാക്കാൻ കഴിയാത്ത ഭാഗം പൂർത്തിയാക്കുന്നതിന് ത്യാഗരാജനെ സമീപിക്കുകയുമായിരുന്നു. 

തന്റെ ഗുരു പാതി വഴിയ്ക്കു വെച്ച് നിർത്തിയ സംഘട്ടന രംഗം വളരെ മികച്ചരീതിയിൽ ചെയ്തുകൊണ്ട് സിനിമാ സംഘട്ടന സംവിധാന രംഗത്ത് തന്റെ ചുവടുറപ്പിയ്ക്കുമ്പോൾ ത്യഗരാജന്റെ പ്രായം 23 വയസ്സ് മാത്രമായിരുന്നു. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം സ്റ്റണ്ട് രംഗങ്ങൾ  സംവിധാനം ചെയ്തു. താമസിയാതെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റണ്ട് മാസ്റ്ററായി ത്യാഗരാജൻ മാറി. തെന്നിന്ത്യൻ ഭാഷകളിൽ മാതമല്ല ഹിന്ദിയിലും അദ്ദേഹം സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്തു. നൂറിലധികം ഹിന്ദി ചിത്രങ്ങൾക്ക് അദ്ദേഹം സംഘട്ടന രംഗമൊരുക്കി. എല്ലാ ഭാഷകളിലുമായി രണ്ടായിരത്തിനുമുകളിൽ സിനിമകൾക്ക് അദ്ദേഹം പ്രവർത്തിച്ചു. മലയാളത്തിൽ സത്യൻ, പ്രേംനസീർ, മധു, ജയൻ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി തുടങ്ങി പൃഥിരാജ് വരെ പല തലമുറയിൽ പെട്ട നായകന്മാർക്ക് അദ്ദേഹം സംഘട്ടന സംവിധാനം നിർവ്വഹിച്ചു. പ്രേംനസീറിനു വേണ്ടിമാത്രം ത്യാഗരാജൻ നാനൂറോളം സിനിമകളിൽ സ്റ്റണ്ട് ചെയ്തു. ഫിലിംഫെയറിന്റെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫർക്കുള്ള അവാർഡ് ഇന്ത്യയിൽ ആദ്യമായി ലഭിച്ചത് ത്യാഗരാജനായിരുന്നു.