ദേവി അജിത്ത്

Devi Ajith

മലയാള ചലച്ചിത്ര നടി. 1973 മാർച്ച് 28 ന് തിരുവനന്തപുരത്ത് പ്രൊഫസർ വി രാമചന്ദ്രന്റെയും പ്രൊഫസർ എസ് ലളിതാംബിക ദേവിയുടെയും മകളായി ജനിച്ചു. നിർമ്മല ഭവൻ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ ശേഷം, കേരള ലോ അക്കാദമിയിൽ നിന്ന് അഭിഭാഷക ബിരുദം കരസ്ഥമാക്കി. ബാല്യകാലം മുതൽക്കുതന്നെ നൃത്തം അഭ്യസിച്ചിരുന്ന ദേവി നല്ലൊരു നർത്തകിയാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പാട്ടുപെട്ടി എന്ന പ്രോഗ്രാമിന്റെ അവതാരികയായാണ് ദേവി ടെലിവിഷൻ മേഖലയിലേയ്ക്കെത്തുന്നത്. തുടർന്ന് ശ്യാമപ്രസാദ് സംവിധാനം ചെയ്ത മണൽ നഗരം എന്ന ദൂരദർശൻ സീരിയലിൽ അഭിനയിച്ചുകൊണ്ട് തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടു. ആറിലധികം സീരിയലുകളിൽ അഭിനയിക്കുകയും നിരവധി ടെലിവിഷൻ ഷോകളില് ഹോസ്റ്റായും ഗസ്റ്റായുമൊക്കെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 1992 ലായിരുന്നു ദേവിയുടെ വിവാഹം സിനിമാ നിർമ്മാതാവായിരുന്ന അജിത്ത് കുമാറിനെയായിരുന്നു അവർ വിവാഹം ചെയ്തത്. ദേവി - അജിത്ത് ദമ്പതികൾക്ക് ഒരു മകളാണുള്ളത് പേര് നന്ദന അജിത്ത്. 1997 ൽ ദേവിയുടെ ഭർത്താവ് അജിത്ത് ഒരു കാർ ആക്സിഡന്റിൽ മരണമടഞ്ഞു.

ഭർത്താവിന്റെ മരണശേഷമാണ് ദേവി സിനിമയിലെത്തുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം  ചെയ്ത മഴ ആയിരുന്നു ദേവി അജിത്ത് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് ഇവർ, മറിയം മുക്ക്, നിർണ്ണായകം, ടേക്ക് ഓഫ്.. എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ അവർ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. ദേവി അജിത്തിന്റെ ഏറ്റവും ശ്രദ്ദേയമായ വേഷം ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലേതായിരുന്നു. ടി പി 51 എന്ന സിനിമയിൽ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയായി അഭിനയിച്ചു.

2009 ൽ ദേവി വീണ്ടും വിവാഹിതയായി കേണൽ അജിത്കുമാർ വാസുദേവനെയാണ് അവർ വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് ദേവി ഒരു ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്.