സ്വപ്ന

Swapna

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1981-ൽ ഭാരതിരാജയുടെ ടിക് ടിക് ടിക് എന്ന സിനിമയിൽ കമലഹാസന്റെ നായികയായാണ് സ്വപ്ന സിനിമാ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. മഞ്ജരി ദോദി എന്നായിരുന്നു സ്വപ്നയുടെ യഥാർത്ഥ പേര്. ആദ്യ സിനിമയ്ക്ക് ശേഷമാണ് സ്വപ്ന എന്ന പേർ സ്വീകരിയ്ക്കുന്നത്. 1981-ൽ സംഘർഷം എന്ന പ്രേംനസീർ ചിത്രത്തിലൂടെയാണ് സ്വപ്ന മലയാള സിനിമയിലെത്തുന്നത്. താമസിയാതെ സ്വപ്ന മലയാളത്തിലെ മുൻനിര നായികയായി ഉയർന്നു. പ്രേംനസീർ,സുകുമാരൻ,രതീഷ്,മമ്മൂട്ടി,മോഹൻലാൽ...തുടങ്ങി മലയാളത്തിലെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി സ്വപ്ന അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലെല്ലാം സ്വപ്ന നായികയായി അഭിനയിച്ചിട്ടുണ്ട്.

  സ്വപ്നയുടെ വിവാഹം 1993-ൽ ആയിരുന്നു. രാമൻ ഖന്നയാണ് സ്വപ്നയുടെ ഭർത്താവ്. വിവാഹത്തിനു ശേഷം സ്വപ്ന അഭിനയരംഗം വിട്ടു. ഭർത്താവിനൊപ്പം സ്വപ്ന ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണിപ്പോൾ. സംഗിനി എന്നു പേരുള്ള ഇവന്മാനേജ്മെന്റ് ടീം ബോളീവുഡ് ഡാൻസുകളുടെയും  ക്ലാസിക്കൽ ഡാൻസുകളുടെ ഷോ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നടത്തിവരുന്നു.