സുലേഖ

Sulekha

മുംബൈ സ്വദേശിയാണ് സുലേഖ. തേജാലി ഗണേക്കർ എന്നാണ് യഥാർത്ഥ നാമം. അച്ഛൻ ടെക്സ്റ്റൈൽ എഞ്ചിനീയറായിരുന്നു. അമ്മ ഹിന്ദുസ്ഥാനി സംഗീതജ്ഞ്യയും. കഥക് നൃത്തം പതിനാലു വർഷം പഠിച്ചിട്ടുള്ള സുലേഖ അമ്മയിൽ നിന്നും ഹിന്ദുസ്താനി സംഗീതവും അഭ്യസിച്ചിരുന്നു. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ അക്കൗണ്ടിംഗിൽ ബിരുദം പൂർത്തിയാക്കി. അഭിനയത്തിൽ ഡിപ്ലോമയും ഫിലിം ഡാൻസിലും, ഉർദു ഡിക്ഷനിലുമൊക്കെ പ്രത്യേക പരിശീലനവും നേടി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ മാസ്റ്റേഴ്സും പൂർത്തിയാക്കി. പ്രശസ്ത മറാത്തി നാടക, സിനിമാഭിനേതാവ് കാശിനാഥ് ഗണേക്കറുടെ സഹോദരന്റെ മകന്റെ മകളാണ് സുലേഖ എന്ന തേജാലി ഗണേക്കർ.

മറാത്തി നാടകങ്ങളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയുമാണ് സുലേഖ അഭിനയം തുടങ്ങുന്നത്. അതിനെതുടർന്നാണ് അവർക്ക് സിനിമയിൽ അവസരം ലഭിച്ചത്. 1996 -ൽ തമിഴ് ചിത്രമായ Aaha യിലൂടെ ആയിരുന്നു സുലേഖ സിനിമാഭിനയരംഗത്തേക്കെത്തിയത്. Aaha മൂവിയുടെ സംവിധായകൻ സുരേഷ് കൃഷ്ണയാണ് തേജാലിയ്ക്ക് സുലേഖ എന്ന പേർ നൽകിയത്. ഒരു ഓഡിഷനിലൂടെയാണ് മലയാള സിനിമയിലഭിനയിക്കാൻ അവസരമൊരുങ്ങുന്നത്. 1998 -ൽ ഇറങ്ങിയ മീനത്തിൽ താലികെട്ട് ആയിരുന്നു സുലേഖയുടെ ആദ്യമലയാള ചിത്രം. മീനത്തിൽ താലികെട്ടിൽ ദിലീപിന്റെ പെയറായി സുലേഖ അവതരിപ്പിച്ച മാലതി എന്ന കഥാപാത്രം പ്രേക്ഷക പ്രീതി നേടി..അതിനെതുടർന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി ചന്ദാമാമ എന്ന സിനിമയിലും അഭിനയിച്ചു. നൃത്തത്തിനും ജോലിയ്ക്കും പ്രാധാന്യം കൊടുത്തതിനാൽ സുലേഖ പിന്നെ സിനിമകളിൽ അഭിനയിച്ചില്ല. മൂന്ന് സിനിമകളിൽ മാത്രമാണ് അവർ അഭിനയിച്ചത്. ഭർത്താവും മക്കളുമായി സുലേഖ ഇപ്പോൾ സിംഗപ്പൂരിൽ താമസിയ്ക്കുകയാണ്.