കാർത്തിക

Karthika (Actress)

മലയാള ചലച്ചിത്ര താരം. തിരുവനന്തപുരം സ്വദേശിയാണ് കാർത്തിക.ക്യാപ്റ്റൻ പി കെ ആർ നായരുടെ മകളായി ജനിച്ച സുനന്ദ നായരാണ് കാർത്തിക എന്ന് അറിയപ്പെടുന്നത്. ക്ലാസിക്കൽ ഡാൻസിലും കഥകളിയിലും  പരിശീലനം നേടിയ സുനന്ദ കേരള യൂണിവേഴ്സിറ്റി ടെന്നീസ് പ്ലേയറുമായിരുന്നു.

1979 ൽ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് കാർത്തിക സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. വീണ്ടും 1984-ൽ ബാലചന്ദ്രമേനോന്റെ ഒരു പൈങ്കിളി കഥ എന്ന സിനിമയിലൂടെ തിരിച്ചെത്തി അതിൽ ഒരു ചെറിയവേഷമായിരുന്നു കാർത്തികയ്ക്ക്. തുടർന്ന് ബാലചന്ദ്രമേനോന്റെത്തന്നെ മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിൽ നായികയായി.

പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിരനായികമാരിലൊരാളായി കാർത്തിക മാറി. മോഹൻലാലിനൊപ്പമായിരുന്നു കാർത്തിക കൂടുതൽ അഭിനയിച്ചത്. സിനിമാപ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു മോഹൻലാൽ - കാർത്തിക ജോഡികൾ. ആറുവർഷത്തെ അഭിനയ ജീവിതത്തിനിടയിൽ കാർത്തിക ഇരുപതോളം സിനിമകളിലാണ് അഭിനയിച്ചത്. കമലഹാസനൊപ്പം നായകൻ എന്ന തമിഴ് സിനിമയിലും കാർത്തിക അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം കാർത്തിക അഭിനയ രംഗം വിടുകയായിരുന്നു. 

ഡോക്ടർ സുനിലാണ് ഭർത്താവ്. വിഷ്ണു എന്ന മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് കാർത്തിക അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.