ഷംന കാസിം

Shamna Kasim

മലയാളം,തമിഴ്,തെലുങ്ക്,കന്നഡ സിനിമകളിലെ അഭിനേത്രി.മറുഭാഷകളിൽ പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.

2004ൽ കമൽ സംവിധാനം ചെയ്ത "മഞ്ഞുപോലൊരു പെൺകുട്ടി" എന്ന സിനിമയിലെ നായികയുടെ കൂട്ടുകാരിയായ ധന്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് "എന്നിട്ടും","ഡിസംബർ" "പച്ചക്കുതിര","ഭാർഗവചരിതം മൂന്നാം ഖണ്ഡം" തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ. ആദ്യമായൊരു പ്രധാനവേഷം ചെയ്യുന്നത് 2007ൽ തന്റെ ആദ്യതെലുങ്ക് ചിത്രമായ "ശ്രീ മഹാലക്ഷ്മി"യിലാണ്. ടൈറ്റിൽ കഥാപാത്രമായിരുന്നു അതിൽ.

തൊട്ടടുത്തവർഷം "മുനിയാണ്ടി വിളങ്ങിയാൽ മൂൻട്രാമാണ്ട്" എന്ന സിനിമയിലെ നായികാവേഷത്തിലൂടെ തമിഴ് സിനിമാരംഗത്തുമെത്തി.അതേ വർഷം തന്നെ "ജോഷ്" എന്ന സിനിമയിലൂടെ കന്നടയിലും എത്തി.

മലയാളത്തിൽ ആദ്യമായി നായികയാവുന്നത് 2012ൽ പുറത്തിറങ്ങിയ "ചട്ടക്കാരി" എന്ന സിനിമയിലാണ്.

സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നപ്പോൾ തുടർച്ചയായ നാലു വർഷം കണ്ണൂർ ജില്ലാ കലാതിലകം ആയിരുന്നു.2003ൽ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്.

കണ്ണൂർ സ്വദേശികളായ കാസിം,റൗലാബി എന്നിവരാണ് മാതാപിതാക്കൾ.ഷെരീഫ,ആരിഫ,ഷീന,ഷാനവാസ് എന്നിവർ മൂത്ത സഹോദരങ്ങളാണ്. കണ്ണൂർ സെയിന്റ് തെരേസാസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.