കനകലത

Kanakalatha

മലയാള ചലച്ചിത്ര,സീരിയൽ താരം. 1964-ൽ പരമേശ്വരൻ പിള്ള - ചിന്നമ്മ ദമ്പതികളുടെ മകളായി കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം ഗവണ്മെന്റ് ഗേഴ്സ് സ്കൂളിലായിരുന്നു കനകലതയുടെ പ്രാഥമിക വിദ്യാഭ്യാസം. സിനിമയിൽ സജീവമാകുന്നതിനുമുൻപ് കനകലത നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് അവർ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത ഉണർത്തുപാട്ടായിരുന്നു കനകലതയുടെ ആദ്യചിത്രം. എന്നാൽ ആ സിനിമ റിലീസായില്ല. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ "ചില്ല്" എന്ന സിനിമയിൽ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് കനകലത സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്.

  അതിനുശേഷം കാട്ടിലെപ്പാട്ട് എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. തുടർന്ന് പതിനാറോളം സിനിമകളിൽ നായികയായും സഹനായികയായും അഭിനയിച്ചു. വിവാഹത്തിനുശേഷം കനകലത കാരക്ടർ റോളുകളിലേയ്ക്ക് മാറി. ആ സമയത്ത് ദൂരദർശൻ സീരിയലുകളിൽ സജീവമായിരുന്നു. പിന്നീട് കിരീടം എന്ന സിനിമയിലെ ജഗതിയുടെ ജോഡിയായി അഭിനയിച്ചത്  കനകലതയുടെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി. ഇരുപത്തിയഞ്ചോളം സിനിമകളിൽ അവർ രണ്ടുപേരും ഒന്നിച്ചഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമകളിലും കനകലത അഭിനയിക്കുന്നുണ്ട്. മുന്നൂറിലധികം ചിത്രങ്ങളിൽ അവർ വിവിധ വേഷങ്ങൾ ചെയ്തു. 

സിനിമകളിൽ മാത്രമല്ല, ഏതാണ്ട് നാനൂറോളം ടെലിവിഷൻ സീരിയലുകളിലും തമിഴിലും മലയാളത്തിലുമായി കനകലത അഭിനയിച്ചിട്ടുണ്ട്. സിനിമ - സീരിയൽ താരങ്ങളുൾപ്പെട്ട "ഹലോ മലയാളി" എന്നൊരു ട്രൂപ്പും കനകലത നടത്തുന്നുണ്ട്. പല വേദികളിലും അവരുടെ ട്രൂപ്പ് പരിപാടികൾ നടത്തുന്നുണ്ട്.