ശ്രുതിലക്ഷ്മി

Shruthilakshmi

മലയാള ചലച്ചിത്ര നടി. 1990 സെപ്റ്റംബറിൽ സിനിമ സീരിയൽ താരം ലിസിയുടെയും ജോസിന്റെയും മകളായി കണ്ണൂരിൽ ജനിച്ചു. ശ്രുതി ജോസ് എന്നായിരുന്നു പേര്. ശ്രീകണ്ഠപുരം ജി എച്ച് എസ് എസിലായിരുന്നു ശ്രുതിയുടെ വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദം നേടി. ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ളയാളാണ് ശ്രുതി. സീരിയലിൽ അഭിനയിച്ചുകൊണ്ടാണ്  അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2000- ത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത നിഴലുകൾ എന്ന സീരിയലിലായിരുന്നു തുടക്കം. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ഒരു സീരിയലിൽ ശ്രുതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ ലക്ഷ്മി എന്നത് തന്റെ പേരിനോടുകൂടി ചേർത്താണ് പിന്നീട്  ശ്രുതി ലക്ഷ്മി അറിയപ്പെട്ടത്.

ബാലനടിയായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയിൽ അഭിനയം തുടങ്ങുന്നത്. 2000- ത്തിൽ ഇറങ്ങിയ വർണ്ണക്കാഴ്ച്ചകൾ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് ചില സിനിമകളിൽ കൂടി ബാല നടിയായി അഭിനയിച്ച ശ്രുതി ലക്ഷ്മി, രാജസേനൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോ- യിലാണ് ആദ്യമായി നായികയാകുന്നത്. തുടർന്ന് മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലായിരുന്നു. സിനിമയും സീരിയലും കൂടാതെ ടെലിവിഷൻ റിയലിറ്റി ഷോകളിൽ ജഡ്ജായും ശ്രുതി ലക്ഷ്മി ഇരുന്നിട്ടുണ്ട്. 2016- ൽ പോക്കുവെയിൽ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

2016 ജനുവരിയിലായിരുന്നു ശ്രുതി ലക്ഷ്മിയുടെ വിവാഹം. വരൻ ഡോക്ടർ അവിൻ ആന്റൊ.