വാണി വിശ്വനാഥ്

Vani Vishwanath

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1971 മെയ് മാസത്തിൽ ജ്യോതിഷിയായിരുന്ന താഴത്തുവീട്ടിൽ വിശ്വനാഥന്റെയും ഗിരിജയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ ജനിച്ചു. നാലാംക്ലാസ് വരെ തൃശ്ശൂരിലാണ് വാണി പഠിച്ചത്. കുടുംബം മഡ്രാസിലേയ്ക്ക് താമസം മാറിയപ്പോൾ വാണി പിന്നീട് അവിടെയാണ് പഠിച്ചത്. പത്താംക്ലാസിൽ പഠിയ്ക്കുമ്പോളാണ് ആദ്യമായി സിനിമയിലഭിനയിയ്ക്കുന്നത്. 1986- ൽ ഇറങ്ങിയ  Mannukkul Vairam എന്ന തമിഴ് സിനിമയിലായിരുന്നു വാണി വിശ്വനാഥ് ആദ്യമായി അഭിനയിച്ചത്. 1987- ൽ മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.1989- ൽ Dharma Teja എന്ന സിനിമയിലൂടെ വാണി വിശ്വനാഥ് തെലുങ്കിലും ചുവടുറപ്പിച്ചു. കന്നഡ സിനിമകളിലും ചില ഹിന്ദി ചിത്രങ്ങളിലും വാണി അഭിനയിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ് മലയാള സിനിമയിലെ മുൻ നിര താരമായി മാറുന്നത് 1995- ലായിരുന്നു. മമ്മൂട്ടിയോടൊപ്പം ദി കിംഗ്, മുകേഷിനോടൊപ്പം ശിപായിലഹള, മാന്നാർ മത്തായി സ്പീക്കിംഗ്, ജയറാമിനൊപ്പം മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, മനോജ് കെ ജയനൊപ്പം സ്വർണ്ണ കിരീടം, സുരേഷ് ഗോപിയോടൊപ്പം തക്ഷശില എന്നീ ചിത്രങ്ങളിൽ 95- ൽ നായികയായി. തുടർന്നുള്ള വർഷങ്ങളിൽ വാണി വിശ്വനാഥ് നായികയായ നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങി. വലിയ വിജയം നേടിയ ഇൻഡിപെൻഡൻസ് പോലുള്ള ചിത്രങ്ങളിലൂടെ ആക്ഷൻ ഹീറോയിൻ എന്ന പരിവേഷവും വാണിയ്ക്ക് ലഭിച്ചു. മലയാള സിനിമകൾ കഴിഞ്ഞാൽ വാണി കൂടുതൽ തെലുങ്കു സിനിമകളിലാണ് നായികയായി അഭിനയിച്ചത്. 2000- ത്തിൽ ടി വി ചന്ദ്രൻ സംവിധാനം ചെയ്ത സൂസന്ന എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് വാണി അർഹയായി. 

വാണി വിശ്വനാഥ് സിനിമയിലെത്തുന്നതിന് മുൻപ് കുതിരപ്പന്തയങ്ങളിൽ പരിശീലനം നേടിയയാളായിരുന്നു. ചില കുതിരപ്പന്തയങ്ങളിൽ വിജയിയായിട്ടുമുണ്ട്. ആ സമയത്ത് ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കിയായി വാണി വിശ്വനാഥ് അറിയപ്പെട്ടിരുന്നു. വാണി ഒരു ബൈക്ക് റൈഡർ കൂടിയാണ്. അവർ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ജ്യോതിഷിയായ അച്ഛനിൽ നിന്നും വാണി ജ്യോതിഷം പഠിച്ചിട്ടുണ്ട്.

പ്രശസ്ത സിനിമാതാരം ബാബുരാജിനെയാണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. രണ്ടു മക്കളാണ് അവർക്കുള്ളത്. ആർച്ച, അദ്രി.