കൃഷ്ണനുണ്ണി

T Krishnanunni

1950 ജൂൺ 12ന് ഒറ്റപ്പാലത്ത് ജനിച്ചു. കോഴിക്കോട് സെന്റ് ജോസഫ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിയ ശേഷം 1977ൽ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന്  സൗണ്ട് എഞ്ചിനീയറിംഗിൽ ബിരുദം നേടി. അതിനുശേഷം കുറച്ചുകാലം അഹമ്മദാബാദ് സ്പേസ് അപ്ലിക്കേഷൻ സെന്ററിൽ സൗണ്ട് റെക്കോർഡിസ്റ്റ് ആയി ജോലി നോക്കി. 1980 ൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദലേഖകൻ ആയി ചേർന്ന അദ്ദേഹം, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, ഷാജി എൻ കരുൺ, ജയരാജ് തുടങ്ങി മലയാളത്തിലെ മിക്ക പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളിൽ ശബ്ദമൊരുക്കിയിട്ടുണ്ട്. ഇരുപത്തിയെട്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം 2008 ജൂണിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നും അദ്ദേഹം വിരമിച്ചത് ചീഫ് സൗണ്ട് എഞ്ചിനീയറായിട്ടായിരുന്നു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ, ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിന്റെ ഡോക്യുമെന്ററി, കോട്ടക്കൽ ആര്യ വൈദ്യശാല, എന്നിവയ്ക്കായി നിരവധി ഡോക്യുമെന്ററികൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംസ്കൃത സർവ്വകലാശാലയ്ക്കു വേണ്ടി കൂടിയാട്ടത്തെക്കുറിച്ച് അദ്ദേഹം ചെയ്ത ഡോക്യുമെന്ററി ശ്രദ്ധ ആകർഷിച്ച ഒന്നാണ്.

കൃഷ്ണനുണ്ണിക്ക് ആദ്യ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് കെ ആര്‍ മോഹനന്‍ സംവിധാനംചെയ്ത പുരുഷാർത്ഥത്തിലാണ്. 1989 ല്‍ വചനം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്. 1994 മുതല്‍ 1998 വരെ തുടര്‍ച്ചയായി അഞ്ചു വർഷം മികച്ച ശബ്ദലേഖകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 2007ല്‍ 'ഒറ്റക്കയ്യനും' 2012ല്‍ അടൂരിന്റെ 'ഒരു പെണ്ണും രണ്ടാണും' അദ്ദേഹത്തെ പുരസ്കാരത്തിന് വീണ്ടും അര്‍ഹനാക്കി. ഓഡിയോഗ്രഫിയിൽ മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അദ്ദേഹം കരസ്ഥമാക്കി. അടൂര്‍ സംവിധാനം ചെയ്ത അനന്തരത്തിലൂടെ ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. ഷാജി എന്‍ കരുണിന്റെ പിറവി, ജയരാജിന്റെ ദേശാടനം എന്നിവയാണ് ദേശീയപുരസ്കാരത്തിന് അര്‍ഹമാക്കിയ മറ്റ് ചിത്രങ്ങള്‍.

ഈ ഓഡിയോഗ്രഫി അവാർഡുകൾ കൂടാതെ തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ നിർമ്മിച്ച വൈദ്യരത്നം പി.എസ്. വാര്യരെക്കുറിച്ചുള്ള ജീവചരിത്ര ഡോക്യുമെന്ററിക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് 2005 ൽ ശ്രീ കൃഷ്ണനുണ്ണിക്ക് (President’s award for the best director for a biographical documentary എന്ന കാറ്റഗറിയിൽ ) ലഭിച്ചിട്ടുണ്ട്.

മലയാളസിനിമയ്ക്ക് ആദ്യാനുഭവുമായ "11. 1 ഓറോ ത്രീഡി" എന്ന ശബ്ദസംവിധാനം സ്വപാനം എന്ന ചിത്രത്തിലൂടെ അദ്ദേഹം നമ്മൾക്ക് പരിചയപെടുത്തി.

2010 ഡിസംബറിൽ  കോഴിക്കോട് മാതൃഭൂമി  പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “സൗണ്ട് ഇൻ മൂവിംഗ് പിക്ചേഴ്സ്” എന്ന പുസ്തകം രചിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത “ഓള്” എന്ന ചിത്രത്തിന്റെ ശബ്ദ രൂപകൽപ്പന, സന്തോഷ് മണ്ടൂറിന്റെ “പനി”, സുനിൽ സംവിധാനം ചെയ്ത "വിശുദ്ധ രാത്രി /മോറൽ നൈറ്റ്സ്” 
കെ. പി കുമാരൻ സംവിധാനം ചെയ്ത "ഗ്രാമവൃക്ഷത്തിലെ  കുയിൽ " ഇവയൊക്കെയാണ് ഈയടുത്ത് ശ്രീ കൃഷ്ണനുണ്ണി പ്രവർത്തിച്ച സിനിമകൾ.

കൃഷ്ണനുണ്ണി,  ഓറഞ്ച് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചെയർമാൻ, സൗണ്ട് ഡിസൈന്‍ വിഭാഗത്തിന്‍റെ മേധാവി എന്നീ പദവികളും അലങ്കരിച്ച് പോരുന്നു.