സലീം കുമാർ

Name in English: 
Salim Kumar

മലയാള ചലച്ചിത്ര നടൻ. 1969 ഓക്ടോബറിൽ എറണാംകുളം ജില്ലയിലെ നോർത്ത് പറവൂരിലുള്ള ചിറ്റാറ്റുകരയിൽ ജനിച്ചു. കൗസല്യയും ഗംഗാധരനുമായിരുന്നു മാതാപിതാക്കൾ. ചിറ്റാറ്റുകര ഗവണ്മെന്റ് എൽ പി സ്കൂൾ,ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ നോർത്ത് പറവൂർ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. സലിംകുമാർ പ്രീഡിഗ്രി പഠിച്ചത് ശ്രീ നാരായണ മംഗലം കോളേജിലായിരുന്നു. കുട്ടിയായിരിയ്ക്കുമ്പോൾ ഗയകനാകാനായിരുന്നു സലിമിന് ആഗ്രഹം. എന്നാൽ പിന്നീട് അദ്ദേഹം എത്തിപ്പെട്ടത് മിമിക്രി രംഗത്തായിരുന്നു. എറണാംകുളം മഹാരാജാസ് കോളേജിലായിരുന്നു അദ്ദേഹത്തിന്റെ ബി എ പഠനം. പഠനകാലത്ത് സലിംകുമാർ മിമിക്രിയിൽ മൂന്നുതവണ യൂണിവേഴ്സിറ്റി വിജയിയായി. പിന്നീട് അദ്ദേഹം കൊച്ചിൻ കലാഭവനിൽ ചേർന്നു. താമസിയാതെ കലാഭവനിലെ പ്രധാന മിമിക്രിതാരമായി സലിംകുമാർ മാറി.

 സലിംകുമാർ നാല് വർഷത്തോളം ഏഷ്യാനെറ്റിൽ കോമിക്കോള എന്ന കോമഡി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. പ്രൊഫഷണൽ നാടക ട്രൂപ്പായ ആരതി തിയ്യേറ്ററിലും സലിംകുമാർ അംഗമായിരുന്നു. 1996-ൽ ഇഷ്ടമാണു നൂറുവട്ടം എന്ന സിനിമയിലാണ് സലിംകുമാർ ആദ്യമായി അഭിനയിയ്ക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ മുൻനിര കോമഡി താരമായി സലിം കുമാർ വളർന്നു. തെങ്കാശിപ്പട്ടണംഈ പറക്കും തളികസി ഐ ഡി മൂസകല്യാണരാമൻപുലിവാൽ കല്യാണം..എന്നിങ്ങനെ നൂറുകണക്കിനു സിനിമകളിൽ അദ്ദേഹം മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. 2004-ൽ പെരുമഴക്കാലം എന്ന സിനിമയിലെ സലിംകുമാറിന്റെ അഭിനയം നിരൂപകപ്രശംസ നേടി. 2005-ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ സലിംകുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു. സലിം കുമാർ അതുവരെ ചെയ്തിരുന്ന സ്ഥിരം തമാശ വേഷത്തിൽനിന്നും വ്യത്യസ്ഥമായ സീരിയസ്സ് വേഷമായിരുന്നു "അച്ഛനുറങ്ങാത്തവീട്ടിൽ" അദ്ദേഹം ചെയ്തത്. ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അദ്ദേഹം സ്വന്തമാക്കി. മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010-ൽ സലിംകുമാർ സ്വന്തമാക്കി.

Coffee @ MG Road - എന്ന ഹിപ്പ് ഹോപ്പ് ആൽബത്തിലെ " പലവട്ടം കാത്തു നിന്നു ഞാൻ ". എന്ന ഗാനത്തിൽ സലിം കുമാർ അഭിനയിയ്ക്കുകയും ആ ആൽബം വലിയ വിജയമാവുകയും ചെയ്തു. അഭിനയം കൂടാതെ സംവിധായകനായും സലിം കുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2015-ൽ കംപാർട്ട്മെന്റ് എന്ന സിനിമയാണ് സലിം കുമാർ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് ദൈവമേ കൈതൊഴാം കെ കുമാറാകണംകറുത്ത ജൂതൻ എന്നീ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. താൻ സംവിധാനം ചെയ്ത രണ്ട് സിനിമകളടക്കം മൂന്ന് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് സലിം കുമാർ. മലയാളം കൂടാതെ ചില തമിഴ് സിനിമകളിലും സലിംകുമാർ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാണ് സലിംകുമാർ. സലിംകുമാർ അദ്ദേഹത്തിന്റെ ഓർമ്മകൾ ഈശ്വരാ വഴക്കില്ലല്ലോ എന്നപേരിൽ പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്.

സലിംകുമാറിന്റെ ഭാര്യയുടെ പേര് സുനിത. രണ്ട് ആൺ മക്കളാണ് അവർക്കുള്ളത് ചന്തു, ആരോമൽ. എറണാംകുളം നോർത്ത് പറവൂരിൽ "ലോഫിംഗ് വില്ല" എന്ന പേരിട്ട വീട്ടിലാണ് സലിംകുമാറും കുടുംബവും താമസിയ്ക്കുന്നത്.