സുധീഷ്

Name in English: 
Sudheesh
Sudheesh-Actor
Alias: 
സുധീഷ് കുമാർ

മലയാള ചലച്ചിത്ര നടൻ. നാടക, സിനിമാ അഭിനേതാവായ ടി സുധാകരൻ നായരുടെയും സൂര്യപ്രഭയുടെയും മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ചു. സുധീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു. 1984-ൽ ആശംസകളോടെ എന്ന സിനിമയിൽ ബാലനടനായി അഭിനയിച്ചുകൊണ്ടായിരുന്നു സുധീഷിന്റെ തുടക്കം. 1989-ൽ റിലീസ് ചെയ്ത മമ്മൂട്ടിനായകനായ  മുദ്ര  എന്ന സിനിമയിലെ സുധീഷിന്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധനേടി. 1991-ൽ റിലീസ് ചെയ്ത വേനൽ കിനാവുകൾ എന്ന സിനിമയിലെ നായകവേഷം സുധീഷിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് നിരവധി സിനിമകളിൽ സുധീഷ് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു.

മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ച്യ്ക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങി നിരവധി സിനിമകളിൽ സുധീഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നായകന്റെ കൂട്ടുകാരന്റെ റോളിലായിരുന്നു സുധീഷ് കൂടുതലും അഭിനയിച്ചിരുന്നത്. വല്യേട്ടൻ സിനിമയിൽ നായകനായ മമ്മൂട്ടിയുടെ ഭിന്നശേഷിക്കാരനായ അനുജൻ ശങ്കരൻകുട്ടിയായി സുധീഷ് മികച്ച അഭിനയം കാഴ്ച്ചവെച്ചു. പ്രേക്ഷക പ്രീതിനേടിയ വേഷമായിരുന്നു വല്യേട്ടനിലേത്. 2018-ൽ ഇറങ്ങിയ തീവണ്ടി എന്ന സിനിമയിലെ  നായകന്റെ അമ്മാമനായി സുധീഷ് മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച്ചവെച്ചു. അതുവരെ സുധീഷ് ചെയ്തതിൽ നിന്നും വ്യത്യസ്ഥമായ കഥാപാത്രമായിരുന്നു തീവണ്ടിയിലേത്. നൂറ്റി അൻപതോളം സിനിമകളിൽ സുധീഷ് അഭിനയിച്ചിട്ടുണ്ട്. 

2005 മാർച്ചിലായിരുന്നു സുധീഷിന്റെ വിവാഹം. ഭാര്യയുടെ പേര് ധന്യ. രണ്ടു മക്കളാണ് അവർക്കുള്ളത്. അവരുടെ പേര് രുദ്രാക്ഷ്, മാധവ്.