വിജയരാഘവൻ

Vijayaraghavan
Date of Birth: 
Thursday, 20 December, 1951
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്രനടൻ. നാടകാചാര്യൻ എൻ എൻ പിള്ളയുടെയും, ചിന്നമ്മയുടെയും മകനായി 1951 ഡിസംബർ 20ന് മലേഷ്യയിലെ ക്വാലാലമ്പൂരിൽ ജനിച്ചു. വിജയരാഘവൻ ജനിയ്ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അച്ഛൻ എൻ എൻ പിള്ളയ്ക്ക് ക്വാലാലമ്പൂരിലായിരുന്നു ജോലി. വിജയരാഘവന്റെ ജനനത്തിനു ശേഷം താമസിയാതെ അവർ നാട്ടിലേയ്ക്ക് പോന്നു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം കുടമാളൂർ ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു. വിജയരാഘവൻ തന്റെ ബാല്യത്തിൽ തന്നെ അച്ഛൻ എൻ എൻ പിള്ളയുടെ വിശ്വകേരള കലാസമിതിയിലൂടെ നാടകങ്ങളിൽ അഭിനയിയ്ക്കാൻ തുടങ്ങി.

എൻ എൻ പിള്ളയുടെ നാടകം "കാപാലിക" സിനിമയാക്കിയപ്പോൾ വിജയരാഘവനും ആ സിനിമയിൽ അഭിനയിച്ചു. 1973- ലായിരുന്നു കാപാലിക റിലീസായത്. വിജയരാഘവന്റെ സിനിമാഭിനയത്തിന്റെ തുടക്കമായിരുന്നു അത്. പിന്നെ അദ്ദേഹം ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. 1983-ൽ ഇറങ്ങിയ "സുറുമയിട്ട കണ്ണുകൾ എന്ന സിനിമയിലാണ് വിജയരാഘവൻ നായകനാവുന്നത്. പക്ഷേ ആ സിനിമ വലിയ വിജയമായില്ല. അപ്പൊളെല്ലാം അദ്ദേഹം നാടകാഭിനയം തുടർന്നുപോന്നു. സുറുമയിട്ട കണ്ണുകൾക്കുശേഷം വിജയരാഘവൻ ഒരു പ്രധാന വേഷത്തിലഭിനയിച്ച സിനിമ ജോഷി - മമ്മൂട്ടി ചിത്രം ന്യൂഡൽഹിയായിരുന്നു. നൂഡൽഹിയുടെ വൻ വിജയം അദ്ദേഹത്തെ തിരക്കുള്ള നടനാക്കി മാറ്റി. അതോടെ അദ്ദേഹം നാടകരംഗത്തുനിന്നും മാറി പൂർണ്ണമായും സിനിമയിൽ മുഴുകി.

1989-ൽ ഇറങ്ങിയ റംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായ റാംജിറാവുവിനെ അവതരിപ്പിച്ച് അദ്ദേഹം പ്രേക്ഷക പ്രീതി നേടി. തുടർന്നങ്ങോട്ട് വില്ലനായും സഹനായകനായും നായകനായുമെല്ലാം വിജയരാഘവൻ അഭിനയിച്ചു. 1990-കളിൽ ലോ ബജറ്റ് സിനിമകളിലെ നായകനായി വിജയരാഘവൻ നിറഞ്ഞുനിന്നു. ഏകലവ്യൻ, രാവണപ്രഭു..എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളുൾപ്പടെ പല വില്ലൻ കഥാപാത്രങ്ങളെയും തന്റെ ഉജ്ജ്വലമായ പ്രകടനംകൊണ്ട് അദ്ദേഹം അവിസ്മരണീയമാക്കി. വില്ലൻ വേഷങ്ങൾ മാത്രമല്ല  "ശിപായിലഹള" പോലുള്ള സിനിമകളിൽ അദ്ദേഹം അവതരിപ്പിച്ച കോമഡി റോളുകൾ പ്രേക്ഷകപ്രീതി നേടിയവയാണ്. മലയാളം കൂടാതെ ചില തമിഴ് സിനിമകളിലും വിജയരാഘവൻ അഭിനയിച്ചിട്ടുണ്ട്. നാടകവും സിനിമയും മാത്രമല്ല ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം തന്റെ അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്.

വിജയരാഘവന്റെ ഭാര്യ സുമ. മക്കൾ- ജിനദേവൻ,ദേവദേവൻ. ദേവദേവൻ ചലച്ചിത്രതാരമാണ്.