കലവൂർ രവികുമാർ

Kalavoor Ravikumar
Kalavoor Ravikumar-Script Writer-Director
സംവിധാനം: 3
കഥ: 12
സംഭാഷണം: 14
തിരക്കഥ: 15

എഴുത്തുകാരൻ,സിനിമാ തിരക്കഥാകൃത്ത്,സംവിധായകൻ എന്നീ മേഖലകളിൽ ശ്രദ്ധേയൻ. ആലപ്പുഴ കലവൂര്‍ മുണ്ടു പറമ്പില്‍ കലവൂർ കുമാരൻ, എം എൻ പത്മാവതി എന്നിവരുടെ മകനായി ജനനം. കണ്ണൂരിൽ ജയിൽ സൂപ്രണ്ടായിരുന്നു അച്ഛൻ,കണ്ണൂരിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ രവികുമാർ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജേർണലിസം പൂർത്തിയാക്കി. ഏഴുവർഷത്തോളം കലാകൗമുദി പ്രസിദ്ധീകരണങ്ങളിൽ സബ്ബ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച “ഞാനും ഉണ്ണിയും അപർണ്ണയും” ആയിരുന്നു ആദ്യത്തെ കഥ. “മോഹൻലാലിനെ എനിക്കിപ്പോൾ പേടിയാണ്” എന്ന കഥാസമാഹാരം പുറത്തിറക്കിയിരുന്നു. 

1991ൽ പുറത്തിറങ്ങിയ “ഒറ്റയാൾപ്പട്ടാള”ത്തിന് തിരക്കഥ എഴുതി സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് “നമ്മൾ”, “ഇഷ്ടം”, “ഗോൾ” തുടങ്ങിയ  നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി മികച്ച തിരക്കഥാകൃത്ത് എന്ന ഖ്യാതി നേടി. ക്രിട്ടിക്സ് അവാർഡ് നേടിയ “ഒരിടത്തൊരു പുഴയുണ്ട് “ എന്നതാണ് ആദ്യ സംവിധാന സംരംഭം. കുട്ടികൾക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ട് പുറത്തിറങ്ങിയ ആ ചിത്രം അവാർഡുകളും അഭിപ്രായങ്ങളും നേടിയെടുത്തിരുന്നെങ്കിലും മാർക്കറ്റ് വിജയം നേടിയിരുന്നില്ല.  2012ൽ പുറത്തിറങ്ങിയ “ഫാദേഴ്സ് ഡേ” ആയിരുന്നു ഏറ്റവും അവസാനം സംവിധാനം ചെയ്ത ചിത്രം. സ്ത്രീത്വത്തെ മുൻനിർത്തി പുറത്തിറങ്ങിയ ഈ ചിത്രവും സംവിധായകനെന്ന നിലയിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നെങ്കിലും ഏറെ സാമ്പത്തിക വിജയങ്ങൾ നേടാൻ കഴിഞ്ഞിരുന്നില്ല. 

ഭാര്യ : ഷംന മക്കൾ:നലാചന്ദന,സൂര്യ ചന്ദന