ജോൺ പോൾ

John Paul

1950-ൽ ഒക്ടോബർ 29-ന് എറണാകുളത്ത് ജനിച്ചു. ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റേയും മുളയരിക്കൽ റബേക്കയുടേയും മകനായിട്ടാണ് ജോൺപോൾ പുതുശ്ശേരിയുടെ ജനനം. എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ, സെന്റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്മെന്റ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ 7 വർഷക്കാലം പ്രീഡിഗ്രി, ഡിഗ്രി, തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം എന്നിവ പൂർത്തിയാക്കി. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ഏകദേശം പതിനൊന്ന് വർഷക്കാലം കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ ആനുകാലികങ്ങളിലും മറ്റുമെഴുതിത്തുടങ്ങിയ ജോൺപോൾ മാധ്യമരംഗത്തും പ്രായോഗികപരിശീലനം നേടി. ഗ്രന്ഥശാല, സ്കൗട്ട്, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. പഠനകാലത്ത് തന്നെ ചില ഹ്രസ്വ സിനിമകൾക്കും ഡോക്കുമെന്ററികൾക്കും പരസ്യങ്ങൾക്കും വേണ്ടി രചന നിർവ്വഹിച്ചിരുന്നു. ഫോക്കസ് എന്ന പേരിൽ മലയാളത്തിലെ ആദ്യ ലിറ്റിൽ മാഗസിൻ തുടങ്ങുന്നത് ജോൺപോളാണ്. 

ഐവി ശശിയുടെ "ഞാൻ, ഞാൻ മാത്രം" എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. ഭരതന്റെ ചാമരത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രചനയിലും തുടക്കമിട്ടു. സിനിമയിൽ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു. മലയാളത്തിൽ പ്രമുഖരായ ഭരതൻ, ഐ വി ശശി, മോഹൻ, ഭരത് ഗോപി, പി ജി വിശ്വംഭരൻ, സത്യൻ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങൾക്ക് രചയിതാവായി സഹവർത്തിച്ചു. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിർമ്മിച്ചു, അതിന് ദേശീയ-സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു. 2014-ൽ ഗ്യാങ്സ്റ്റർ, 2017-ൽ സൈറാബാനു എന്നീ സിനിമകളിൽ അഭിനേതാവായും രംഗത്തെത്തി.

മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലപ്പ് പോൾ, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫിലിം ടെക്നീഷ്യമാരുടെ സംഘടനയായ 'മാക്ട'യുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ജോൺ പോൾ. 

സിനിമകൾക്ക് പുറമേ സ്വസ്തി, കാലത്തിനു മുൻപേ നടന്നവർ, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, എന്റെ ഭരതൻ തിരക്കഥകൾ, ഒരു കടം കഥ പോലെ ഭരതൻ, കഥയിതു വാസുദേവം, പരിചായകം: കാഴ്ചയും കഥയും,  എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ എം ടി ഒരു അനുയാത്രയ്ക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

മാധ്യമപഠന ശാഖയിൽ വിവിധ സർവ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഗസ്റ്റ് ഫാക്ക്വൽറ്റിയായി സഹകരിക്കുന്നു. സ്‌മൃതിധാര, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം, ആർട്ടിസ്റ്റ് പി ജെ ചെറിയാൻ ഫൗണ്ടേഷൻ, ഭരതൻ ഫൗണ്ടേഷൻ, പി ഭാസ്കരൻ ഫൗണ്ടേഷൻ, എം കെ സാനു ഫൗണ്ടേഷൻ തുടങ്ങിയ സാംസ്കാരിക പ്രസ്ഥാനങ്ങളിലും ഇന്റർനെറ്റിലെ വിവിധ സംസ്കാരിക സംഘടനകളിലുമൊക്കെ സജീവസാന്നിധ്യമാണ് ജോൺപോൾ. 

ഭാര്യ: ആയിഷ എലിസബത്ത്
മകൾ: ജിഷ

വിലാസം : പുതുശ്ശേരി, ഡി. കൊട്ടാരം എൻക്ലേവ്, മരട് 682304 - ഫോൺ - 04842705791