കെ മധു

Name in English: 
K Madhu

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സ്വദേശം. ഹരിപ്പാട് കുമാരപുരം ജി കൃഷ്ണൻ നായർ, എം വിലാസിനിയമ്മ എന്നിവരുടെ അഞ്ച് മക്കളിൽ നാലാമനായി ജനിച്ചു. കേരളവർമ്മ സ്കൂൾ, ഹരിപ്പാട് ബോയ്സ് എന്നിവടങ്ങളിലായി സ്കൂൾ വിദ്യാഭാസവും ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങി. കോളേജ് വിദ്യാഭാസത്തോടൊപ്പം വളരെയധികം സിനിമകൾ കാണാൻ അവസരം ലഭിച്ചു. ശ്രീകുമാരൻ തമ്പിയുടെ “കാക്കത്തമ്പുരാട്ടി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാനിടയായതോടെയാണ് സിനിമയുടെ സംവിധാന മേഖലയിലേക്ക് ആകൃഷ്ടനായത്‌. അമ്മാവന്റെ സുഹൃത്തായിരുന്ന പ്രശസ്ത സംവിധായകൻ എം കൃഷ്ണൻനായരുടെ സംവിധാന സഹായിയും അസോസിയേറ്റുമൊക്കെയായി 1976 മുതൽ 1985വരെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തു.

മമ്മൂട്ടിയെ നായകനാക്കി 1986ൽ "മലരും കിളിയും" എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് സ്വതന്ത്രസംവിധായകനായി മാറി. 1997ൽ “ഇരുപതാം നൂറ്റാണ്ട്” എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ശേഷം എസ് എൻ സ്വാമിയുമായി ചേർന്ന് " ഒരു സിബിഐ ഡയറിക്കുറിപ്പ്" സംവിധാനം ചെയ്യുകയും, അതിന്റെ ബംബർ വിജയത്തിനു ശേഷം സിബിഐ സീരീസ് ചിത്രങ്ങളുടെ സംവിധായകനായി ഏറെ പ്രശസ്തനാവുകയും ചെയ്തു. “കൃഷ്ണകൃപ” എന്ന ബാനറിൽ 2004ൽ നിർമ്മാണക്കമ്പനി തുടങ്ങി "സേതുരാമയ്യർ സിബിഐ" , "നേരറിയാൻ സിബിഐ" എന്നീ സിബിഐ ചിത്രങ്ങൾ നിർമ്മിച്ചു. സിബിഐ ചിത്രങ്ങൾക്ക് പുറമേ മലയാളത്തിലെ നിരവധി സൂപ്പർഹിറ്റുകളുടെ സംവിധായകനാണ് കെ മധു. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും കന്നഡയിലും സിനിമകൾ സംവിധാനം ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്.

തെന്നിന്ത്യൻ നടി നവ്യ നായർ ഇദ്ദേഹത്തിന്റെ അനന്തിരവളാണ്

ഭാര്യ : ലതിക, മകൾ പാർവ്വതി മധു വിവാഹം കഴിച്ച് കാനഡയിൽ താമസിക്കുന്നു.