ജി കെ പിള്ള

Name in English: 
G K Pilla

മലയാള ചലച്ചിത്ര നടൻ. 1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി ജനിച്ചു. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ നാമം. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്ക്  പ്രേംനസീറുമായി പരിചയപ്പെട്ടത്  ജി കെ പിള്ളയ്ക്ക്  സിനിമാമോഹത്തിന് കാരണമായി. പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം 1954-ൽ സ്നേഹ സീമ എന്ന സിനിമയിലഭിനയിച്ചുകൊണ്ട് തന്റെ അഭിനയജീവിതത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കന്‍പാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350- ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.

എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ,. 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയം വരം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവർത്തിച്ചു. 2005-മുതലാണ് ജി കെ പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് വിവിധചാനലുകളിലായി പല സീരിയലുകളിൽ ജി കെ പിള്ള അഭിനയിച്ചു. 2011 - 14 കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ആറ് മക്കളാണ് അവർക്കുള്ളത്. മക്കൾ ‌- പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.