കൊതുകു നാണപ്പൻ

Name in English: 
Kothuku Nanappan

മലയാള ചലച്ചിത്ര, നാടക നടൻ. ശങ്കരൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനായി 1935 മാർച്ച് 12-ന് ചങ്ങനാശ്ശേരി പെരുന്നയിൽ ജനിച്ചു. നാരായണൻ നമ്പൂതിരി എന്നതായിരുന്നു യഥാർത്ഥ നാമം. തിരുവനന്തപുരം ഗവണ്മെന്റ് പോളീടെക്നിക്കിൽ നിന്നും ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബിരുദം നേടിയ അദ്ദേഹം മുംബൈ ടെക്സ്റ്റൈൽ കമ്മീഷണേർസ് ഓഫീസിൽ ടെക്സ്റ്റൈൽ ഇൻവെസ്റ്റിഗേറ്ററായി കുറച്ചുകാലം ജോലി ചെയ്തു. 

ഒഴിവു സമയങ്ങളില്‍     കാട്ടിക്കൂട്ടിയ തമാശകളില്‍   നിന്നും ഒരുപക്ഷെ      മണിക്കൂറുകളോളം നീളുന്ന  മിമിക്രി എന്ന ഹാസ്യ പരമ്പര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച വ്യക്തിയും ശ്രീ നാണപ്പന്‍ ആയിരുന്നിരിക്കണം.1968 മാര്‍ച്ച് 30 ന്‌ ബോംബെ ടെക്സ്റ്റയില്‍ കമ്മീഷണറേറ്റില്‍ വാര്‍ഷികാഘോഷ പരിപാടിയില്‍
ആണ്  ശ്രീ നാണപ്പന്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചത്. ബോംബെ  ശ്രീനാരായണ മന്ദിര സമിതി 1968 സപ്തംബര്‍ 8-നു ശ്രീനാരായണ ഗുരുവിന്റെ
നൂറ്റിപ്പതിനാലാം ജന്മദിനത്തില്‍ നടത്തിയ ആഘോഷ പരിപാടിയിലാണ്‌ അദ്ദേഹം ആദ്യമായി ഒരു മുഴുനീള മിമിക്രി "മൂന്നു കൊതുകുകള്‍" എന്ന പേരില്‍ പൊതുജനങ്ങള്‍ക്ക്‌  മുന്നില്‍  അവതരിപ്പിച്ചത്. വിവിധ ശബ്ദാനുകരണങ്ങള്‍, ഹാസ്യ കഥകളി, കുടുംബാസുത്രണീയം ഓട്ടന്‍തുള്ളല്‍, ഹാസ്യ 
സംഗീതക്കച്ചേരി,  ഹാസ്യ നൃത്തം,നാടകം  തുടങ്ങിയ ഇനങ്ങള്‍ സഹൃദയരെ ഒട്ടൊന്നുമല്ല ചിരിപ്പിച്ചതും  ചിന്തിപ്പിച്ചതും.  കേരളത്തില്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചതും ശ്രീ നാണപ്പന്‍ ആണ് 1973 ജൂണ്‍ 30- ന്  ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തുടങ്ങിയ "മശക ഘോഷയാത്ര" ഒരു മാസത്തോളം കേരളത്തില്‍ ഹാസ്യ വിരുന്നൊരുക്കി. അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നു കൊതുകുകളുടെ പരിപാടി കാണാന്‍. പതിനെട്ടു സഹ കൊതുകുകളോടൊപ്പം നണപ്പന്റെ സ്വന്തം മകന്‍ ജയകൃഷ്ണനും വേദിയില്‍ ഒരു ചെറുകൊതുകായി എത്തിയിരുന്നു. യാതൊരുവിധ സംഗീതോപകരണങ്ങളും ഉപയോഗിക്കാതെ ആയിരുന്നു ഇവരുടെ ഹാസ്യ അവതരണങ്ങള്‍. ഏതൊരുവിധ ശബ്ദങ്ങളും അനുകരിക്കാനുള്ള ശ്രീ നാണപ്പന്റെ അനുപമമായ കഴിവിനെ ഭാരതത്തിലെ പത്രങ്ങള്‍ ഭാഷാഭേദമന്യേ പ്രശംസിച്ചിട്ടുള്ളതാണ്. ഇതിനു പുറമേ  K.S. നമ്പൂതിരി രചിച്ച "പതനം" എന്ന നാടകം 1979 ജൂലായ്‌ ഏഴാം തീയതി ബോംബയിലെ മുള്ളണ്ടില്‍ നാണപ്പൻ സംവിധാനം ചെയ്ത്‌ അവതരിപ്പിച്ചിരുന്നു.

താമസിയാതെ ജോലി ഉപേക്ഷിച്ച നാണപ്പൻ സിനിമാഭിനയ മേഖലയിലേയ്ക്ക് പ്രവേശിച്ചു. 1978-ൽ ലിസ എന്ന ചിത്രത്തിലൂടെയാണ് നാണപ്പൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഐ വി ശശി,പത്മരാജൻ,ഭരതൻ, സത്യൻ അന്തിക്കാട്,പ്രിയദർശൻ,ജോഷി..തുടങ്ങിയ പ്രഗ്ത്ഭ സംവിധായകരുടെ സിനിമകളിലെല്ലാം നാണപ്പൻ അഭിനയിച്ചു. അദ്ദേഹം ചെയ്തവയിൽ ഭൂരിഭാഗവും ഹാസ്യ കഥാപാതങ്ങളായിരുന്നു. അൻപതിലധികം സിനിമകളിൽ നാണപ്പൻ അഭിനയിച്ചു.

നാരായണൻ നമ്പൂതിരിയുടെ ഭാര്യയുടെ പേര് സുശീല ദേവി. നാരായണൻ-സുശീല ദമ്പതികൾക്ക് ഒരു മകനാണുള്ളത്. പേര് ജയകൃഷ്ണൻ. 

1994 ഡിസംബർ 26-ന് കൊതുകു നാണപ്പൻ എന്ന നാരായണൻ നമ്പൂതിരി അന്തരിച്ചു.