കലാശാല ബാബു

Name in English: 
Kalashala Babu

കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ല്‍ ജനിച്ചു. എഴുപതുകളില്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാശാല ബാബു കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും സഹപ്രവര്‍ത്തകനായിരുന്നു.

ആദ്യ ചലച്ചിത്രം 1977 റിലീസായ ശ്രീ മുരുകൻ ആണ്. ബാബു എന്ന പേരിലാണ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചത്. കലൂർ ഡെന്നീസും കിത്തോയും ചിത്രകൗമുദിയിലാണു ആദ്യം ഒരുമിച്ച് സഹകരിച്ചത്. അവിടെ നിന്നും പിരിഞ്ഞ ശേഷം സെബാസ്റ്റ്യൻ പോളുമായി ചേർന്ന് 1972 ൽ ചിത്രപൗർണ്ണമി എന്നൊരു പത്രം അവർ തുടങ്ങി. ടൈംസിൽ വർക്ക് ചെയ്തിരുന്ന ജോൺ പോളും സ്റ്റുഡിയോ നടത്തിയിരുന്ന ആന്റണി ഈസ്റ്റ്മാനും ആ പത്രവുമായി സഹകരിച്ചിരുന്നു. ആന്റണി ഈസ്റ്റ്മാന്റെ ഇണയെത്തേടി എന്ന ആദ്യ സിനിമയിലൂടെ ജോൺ പോൾ തിരക്കഥാകൃത്തായി. (ജോണ്‍സണ്‍ മാഷിന്റേയും സിൽക്ക് സ്മിതയുടെയും ആദ്യ ചിത്രം) തുടർന്ന് ജോണ്‍ പോളിന്റെ ഇണയെത്തേടിയിൽ ബാബു നായകനായി. അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കി. നാടക കമ്പനിയുടെ പേര് പിന്നീട് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തു. തിലകന്‍, സുരാസു, പി.ജെ.ആന്റണി, ശ്രീമൂല നഗരം വിജയന്‍, എന്‍.എന്‍.പിള്ള തുടങ്ങിയ മലയാള നാടക വേദിയിലെ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അന്നത്തെ മറ്റൊരു പ്രധാന നാടകകമ്പനിയായ ചാലക്കുടി സാരഥിയിലും ബാബു പ്രവര്‍ത്തിച്ചിരുന്നു.

പല സിനിമകളിലൂടെയും സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീടാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. ഏതാണ്ട് 28 ഓളം സീരിയലുകളിലും കലാശാല ബാബു അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന അദ്ദേഹം 2018 മെയ് 13 ന് മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതനായി ...