എസ് പി പിള്ള

Name in English: 
S P Pillai (Actor-Comedian-Malayalam Cinema)
Date of Birth: 
ചൊവ്വ, 25/08/1914
Date of Death: 
Wednesday, 12 June, 1985

അഭിനേതാവ് - മലയാള ചലച്ചിത്രലോകത്തിലെ ആദ്യകാല ഹാസ്യനടന്മാരിൽ പ്രധാനിയായിരുന്ന എസ് പി പിള്ള എന്ന പങ്കജാക്ഷൻ പിള്ള. പൊലീസ് കോൺസ്റ്റബിളായിരുന്ന ശങ്കരൻ പിള്ളയുടേയും കാർത്യായനിയമ്മയുടേയും പുത്രനായി 1913ൽ ജനിച്ചു. വളരെ ചെറിയ പ്രായത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇദ്ദേഹം തന്റെ ചെറുപ്പക്കാലം കഴിച്ചത് കഷ്ടപ്പാടിലും കഠിനാധ്വാനത്തിലുമാണ്. അമ്പലത്തിൽ പാണി കൊട്ടിയും അടുത്തുള്ള വിട്ടിലെ അമ്മ തരുന്ന ചോറുണ്ട് അവരുടെ പടിപ്പുരയിൽ അന്തിയുറങ്ങിയുമാണ് അദ്ദേഹവും സഹോദരനും കൗമാരം കഴിച്ചു കൂട്ടിയത്. വലുതായപ്പോൾ ചുമടെടുത്തും,കിട്ടിയ ജോലി എന്തും ചെയ്ത് ജീവിച്ചിരുന്ന എസ് പി പിള്ള തികച്ചും യാദൃശ്ചികമായാണ് നാടകത്തിന്റെ ലോകത്തേയ്ക്ക് എത്തിപ്പെടുന്നത്. ഒരു പകരക്കാരനായാണ് എസ് പി പിള്ള ആദ്യമായി നാടകവേദിയിലെത്തുന്നത്.എന്നാൽ താൻ ചെയ്ത വേഷം ശ്രദ്ധേയമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതോടെ കൂടുതൽ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അഭിനയത്തിൽ മാത്രമല്ല അനുകരണത്തിലും മിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കൽ ഏറ്റുമാനൂർ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാകവി വള്ളത്തോളിനെ അതേ ചടങ്ങിൽ അ ദ്ദേഹത്തിന്റെ മുൻപിൽ വെച്ചു തന്നെ അനുകരിച്ച് കാണിച്ചപ്പോൾ ആ കലാകാരന്റെ കഴിവിനെക്കുറിച്ച് തിരിച്ചറിഞ്ഞ വള്ളത്തോൾ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഉണ്ടായത്. ഒരു വർഷം കലാമണ്ഡലത്തിൽ നിന്നും ഓട്ടന്തുള്ളൽ അഭ്യസനം പൂർത്തിയാക്കിയ എസ് പി പിള്ള തിരിച്ചു വന്നത് പ്രൊഫഷണൽ നാടകവേദിയുടെ സജീവസാന്നിദ്ധ്യമാകാനായിരുന്നു. ഒരിക്കൽ ഇദ്ദേഹത്തിന്റെ നാടകം കാണാനിടയായ സാഹിത്യകാരനും നിരൂപകനുമായ രാമവർമ്മ അപ്പൻ തമ്പുരാൻ താൻ നിർമ്മിക്കാൻ പോകുന്ന “ഭൂതരായർ” എന്ന ചിത്രത്തിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട ഭൂതരായർ റിലീസ് ചെയ്യപ്പെട്ടില്ല. എങ്കിലും എസ് പി പിള്ള എന്ന നടന്റെ സിനിമാപ്രവേശം വെറുതെയായില്ല. 1950ൽ പുറത്തിറങ്ങിയ “നല്ല തങ്ക”യിലെ മുക്കുവനും അടുത്ത വർഷമിറങ്ങിയ “ജീവിതനൗക”യിലെ ശങ്കുവും മലയാളചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുറപ്പിക്കാൻ പോന്ന പ്രകടനങ്ങളായിരുന്നു. ഹാസ്യനടനായി പേരെടുത്ത അദ്ദേഹം തികഞ്ഞ സ്വഭാവ നടനാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ടാക്സി ഡ്രൈവർ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്.

തികഞ്ഞ മനുഷ്യസ്നേഹിയും പരോപകാരിയുമായിരുന്ന എസ് പി പിള്ള തിക്കുറിശ്ശി, ടി എൻ ഗോപിനാഥൻ നായർ എന്നിവരുമായി ചേർന്ന് സ്ഥാപിച്ച “കലാകേന്ദ്രം” എന്ന സ്ഥാപനം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയുണ്ടായി. അവശ ചലച്ചിത്രകാര യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ഇദ്ദേഹം വേദിയിൽ നിന്നും വിരമിച്ച അനേകം കലാകാരന്മാർക്ക് സഹായമെത്തിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു.
1982ൽ പുറത്തിറങ്ങിയ പല്ലാങ്കുഴി ആയിരുന്നു ഇദ്ദേഹത്തിന്റെ അവസാനചിത്രം. ഏറ്റുമാനൂരപ്പന്റെ കടുത്ത ഭക്തനായിരുന്ന എസ് പി പിള്ള 1985 ജൂൺ 12ന് അന്തരിച്ചു.
ശ്രദ്ധേയമായ കഥാപാത്രങ്ങൾ
നല്ലതങ്ക – മുക്കുവൻ
ജീവിതനൗക – ശങ്കു
ഭാര്യ- ഉതുപ്പ്
കാവാലം ചുണ്ടൻ - മൂത്താശാരി
ഡോക്ടർ- കമ്പൗണ്ടർ കേശവൻ
ഓടയിൽ നിന്ന് – തോമാ
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി – പപ്പു
ശ്രീരാമപട്ടാഭിഷേകം – ലങ്കയിലെ വൈദ്യൻ
തച്ചോളി ഒതേനൻ - പുള്ളുവൻ
വിവിധ വടക്കൻ പാട്ടു സിനിമകളിൽ - പാണനാർ
ശ്രീഗുരുവായൂരപ്പൻ - പനമരം
രാജമല്ലി – നാണു
കണ്ടം വെച്ച കോട്ട് – മിന്നൽ കാട്ടാക്കട
കണ്ണും കരളും – പോലീസുദ്യോഗസ്ഥൻ
ചെണ്ട- ആശാൻ
ആദ്യകിരണങ്ങൾ - വില്ലൻ
ടാക്സി ഡ്രൈവർ- ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാൻ
ചെമ്മീൻ - അച്ചൻ കുഞ്ഞ്
പുരസ്കാരങ്ങൾ:

  • ടാക്സി ഡ്രൈവറിലെ അഭിനയത്തിനു മികച്ച സഹനടനുള്ള കേരള സർക്കാർ അവാർഡ് -1977
  • മലയാളത്തിൽ 100 സിനിമകൾ തികച്ചതിനു തമിഴ് നാട് സർക്കാറിന്റെ അവാർഡ്
  • ചെമ്മീനിലെ അഭിനയത്തിന് കേന്ദ്രസർക്കാർ അവാർഡ്
  • തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡ്.

കൗതുകങ്ങൾ 

  • പ്രശസ്ത ചലച്ചിത്ര-സീരിയൽ അഭിനേത്രി മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്.
  • മഹാകവി വള്ളത്തോളിന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹം കലാമണ്ഡലത്തിൽ ഒരു വർഷം ഓട്ടൻതുള്ളൽ അഭ്യസിക്കുകയുണ്ടായി.
  • അദ്ദേഹം മരിക്കുന്നതു വരെ വടക്കൻപാട്ടിനെ ആസ്പദമാക്കി മലയാളത്തിൽ വന്നിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും പാണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ് പി പിള്ളയായിരുന്നു.എസ് പി പിള്ളയുടെ ആത്മകഥ എന്ന പേരിലുള്ള ആത്മകഥ ജനയുഗം പ്രസിദ്ധീകരിച്ചു.

ഭാര്യ: സരസ്വതി
മക്കൾ: ചന്ദ്രിക, സതീഷ്, കല, ശോഭന