ഊർമിള ഉണ്ണി

Urmila Unni

മലയാളം തമിഴ് ചലച്ചിത്രരംഗത്തെ അഭിനേത്രിയാണ്  ഊർമിളാ ഉണ്ണി.

1988ൽ ജി അരവിന്ദൻ സവിധാനം ചെയ്ത "മാറാട്ടം" എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്  മുൻ മിസ് തൃശൂർ ആയിരുന്ന,സ്വാതി തിരുനാൾ ഊർമിള രാജ എന്ന ഊർമിള ഉണ്ണി മലയാളസിനിമാലോകത്തെത്തുന്നത്.1992ൽ ഹരിഹരൻ-എം ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ "സർഗം" എന്ന സിനിമയിലെ അമ്മവേഷമാണ് ഊർമിള ഉണ്ണിയെ പ്രശസ്തയാക്കിയത്. തുടർന്ന് ഒട്ടേറെ സിനിമകളിൽ അമ്മ വേഷങ്ങളും മറ്റു സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു."നടികർ വാങ്മൂലം" ആണ്  ഇവരുടെ തമിഴിലെ ആദ്യ സിനിമ. സിനിമകൾക്ക് പുറമേ,മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി.

തിരുവല്ല ആണ് സ്വദേശം. കോട്ടയ്ക്കൽ കോവിലകത്ത് കെ സി അനുജൻ രാജ,നെടുമ്പ്രാത്ത് കൊട്ടാരത്തിൽ മനോരമ തമ്പുരാട്ടി എന്നിവർ മാതാപിതാക്കളും പാലക്കാട് അങ്കാരത്ത് രാമനുണ്ണി ഭർത്താവുമാണ്. തൃശൂർ ഇൻഫാന്റ് ജീസസ് കോൺവെന്റ് , ശ്രീ കേരളവർമ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.ഏക മകൾ ഉത്തര ഉണ്ണി തമിഴ്,മലയാളം സിനിമകളിലെ അഭിനേത്രിയാണ്. സംസ്ഥാന അവാർഡ് ജേത്രിയായ അഭിനേത്രി സംയുക്ത വർമ ഊർമിളാ ഉണ്ണിയുടെ ചേച്ചിയുടെ മകളാണ്.

അദ്ധ്യാപിക,നർത്തകി,ചിത്രകാരി,കവി,വസ്ത്രഡിസൈനർ(സാരി) എന്നീ നിലകളിലും പ്രശസ്തയാണ് ഊർമിള ഉണ്ണി. തൃശൂർ നടനനികേതനത്തിൽ നിന്നും ഭരതനാട്യവും തൃശൂർ ജനാർദ്ദനൻ മാസ്റ്ററിൽ നിന്നും മോഹിനിയാട്ടവും തൃശൂർ വെങ്കിടാചലഭാഗവതരിൽ നിന്നും വീണയും ബാലസുബ്രഹ്മണ്യത്തിൽ നിന്നും കഥകളിയും അഭ്യസിച്ചിട്ടുള്ള ഊർമിള ഉണ്ണി, മുദ്ര എന്ന പേരിൽ ഒരു നൃത്ത അക്കാദമി തൃശൂരിൽ നടത്തുന്നുണ്ട്. "പാഞ്ചാലിക" എന്ന ഒരു കവിതാസമാഹാരവും, "സിനിമയുടെ കഥ സിനിമാക്കഥ" എന്ന പേരിൽ ഒരു സിനിമാസാങ്കേതിക പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, റൊയിനാ ഗ്രെവൽ എഴുതിയ "ദി ബുക്ക് ഓഫ് ഗണേശ" എന്ന പുസ്തകം മലയാളത്തിൽ "ഗണപതി" എന്ന പേരിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.