അബു സലിം

Name in English: 
Abu Salim

മലയാള ചലച്ചിത്ര താരം.  1956 മെയിൽ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ കുഞ്ഞഹമ്മദിന്റെയും,ഫാത്തിമയുടെയും മകനായി ജനിച്ചു. കൽപ്പറ്റ S.K.M.J. ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠനം കഴിഞ്ഞ അദ്ദേഹം താമസിയാതെ കേരളപോലീസിൽ ഉദ്യോഗസ്ഥനായി ചേർന്നു. ബോഡി ബിൽഡിംഗിൽ തത്പരനായിരുന്ന അബു സലിം 1981-ൽ മിസ്റ്റർ കാലിക്കറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ മിസ്റ്റർ കേരളയായി അദ്ദേഹം വിജയിച്ചു. 1983, 86, 87 വർഷങ്ങളിൽ മിസ്റ്റർ സൗത്തിന്ത്യയായി അബുസലിം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1984-ൽ അബു സലിം മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു.

അബു സലിമിന്റെ സിനിമാപ്രവേശം 1978-ൽ രാജൻ പറഞ്ഞ കഥ എന്ന സിനിമയിലൂടെയാണ്. തുടർന്ന് നൂറ്റമ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയിച്ചവയിൽ കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു. മലയാളം കൂടാതെ ചില തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2012-ൽ പോലീസിൽ നിന്നും സബ്ബ് ഇസ്പെക്ടറായി അബു സലിം വിരമിച്ചു.

അബുസലിമിന്റെ ഭാര്യയുടെ പേര് ഉമ്മഖുൽസു, രണ്ടു മക്കളാണ് അവർക്കുള്ളത് സബിത, സാനു സലിം. മകൻ സാനുസലിം അഭിനേതാവാണ്.