ശോഭന

Shobana

1970 മാർച്ച് 21 ന് ആനന്ദം - ചന്ദ്രകുമാർ ദമ്പതികളുടെ മകളായി തിരുവന്തപുരത്താണ് ശോഭന ജനിച്ചത്. ശോഭന ചന്ദ്രകുമാർ പിള്ള എന്നാണ് യഥാർത്ഥ നാമം.

അഭിനയത്തിലും നൃത്തത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശോഭന 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടി നായകനായ ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ച ശോഭന, തമിഴിൽ ‘എനക്കുൾ ഒരുവൻ’ എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പം അഭിനയിച്ചു. പിന്നീട് ശോഭനയുടെ സിനിമാജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. ഒന്നിനുപിറകെ ഒന്നായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഹിറ്റ് ചിത്രങ്ങൾ നൽക്കുക വഴി തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറി ശോഭന. 

പ്രശസ്ത അഭിനേത്രികളും നർത്തകിമാരുമായ, തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെടുന്ന, ലളിത പത്മിനി രാഗിണിമാരുടെ സഹോദരപുത്രിയായ ശോഭന ഭരതനാട്യത്തിലൂടെ ലോകമെങ്ങും ആരാധകരെ സമ്പാദിച്ചു. ചിത്രാ വിശ്വേശ്വരൻ, പദ്മ സുബ്രഹ്മണ്യം തുടങ്ങിയവരുടെ  കീഴിൽ നൃത്തം അഭ്യസിച്ച ശോഭന ഭരതനാട്യത്തെ രാജ്യാന്തരവേദികളിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിൽ നൃത്ത സംവിധാനം ചെയ്തതും ശോഭനയായിരുന്നു.

കേരള , തമിഴ്‌നാട് സർക്കാരുകളുടെ അവാർഡുകൾ ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ശോഭന നേടിയിട്ടുണ്ട്. മണിച്ചിത്രത്താഴ്, മിത്ര് മൈ ഫ്രണ്ട് എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കി. കലാരംഗത്തുള്ള സംഭാവനകൾ പരിഗണിച്ച്  2006 ൽ രാജ്യം ശോഭനയെ പത്മശ്രീ നൽകി ആദരിച്ചു. 

ദൂരദർശൻ ഗ്രേഡ് എ ടോപ് ആർട്ടിസ്റ്റ് ആയ ശോഭന, കലാർപ്പണ എന്ന പേരിൽ ചെന്നൈയിൽ സ്വന്തമായി ഒരു ഡാൻസ് സ്കൂളും നടത്തി വരുന്നു.

ഫേസ്ബുക്ക് പേജ്