മേനക സുരേഷ് കുമാർ

Menaka Suresh Kumar

തെന്നിന്ത്യൻ ചലച്ചിത്ര നടി. രാജഗോപാലിന്റെയും സരോജയുടെയും മകളായി തമിഴ് നാട്ടിലാണ് മേനക ജനിച്ചത്. പത്മാവതി അയ്യങ്കാർ എന്നതായിരുന്നു യഥാർത്ഥ നാമം. 1980 ൽ "രാമായി വയസ്സുക്ക് വന്താച്ച്" എന്ന തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ തുടക്കം. അതിനുശേഷം കെ എസ് സേതുമാധവന്റെ ഓപ്പോൾ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ട് മലയാളസിനിമയിലെത്തി.. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി 120 -ഓളം സിനിമകളിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും മലയാളത്തിലായിരുന്നു. പ്രേംനസീർ അടക്കമുള്ള മുൻനിര നായകന്മാരുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും, ശങ്കറിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

സിനിമാനിർമ്മാതാവായ സുരേഷ്കുമാറിനെയായിരുന്നു മേനക വിവാഹം ചെയ്തത്. 1987-ൽ ആയിരുന്നു അവരുടെ വിവാഹം. വിവാഹശേഷം സിനിമയിൽനിന്നും മാറിനിന്ന മേനക ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്. 2011 -ൽ ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമായി. പതിനഞ്ചോളം സിനിമകളുടെ നിർമ്മാതാവുകൂടിയാണ്. രേവതി കലാമന്ദിർ എന്ന ബാനറിൽ അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് മേനക സിനിമാനിർമ്മാണ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. മേനക - സുരേഷ്കുമാർ ദമ്പതികൾക്ക് രണ്ടുമക്കളാണ്. രേവതി സുരേഷ്, പ്രശസ്ത ചലച്ചിത്രതാരം കീർത്തി സുരേഷ്.