പ്രവീണ

Praveena
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര,സീരിയൽ താരം. രാമചന്ദ്രൻ നായരുടെയും ലളിത ഭായിയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 1992 -ൽ ഗൗരി എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രവീണയുടെ അഭിനയജീവിതത്തിന്റെ  തുടക്കം. 1997-ൽ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലായിരുന്നു പിന്നീട് പ്രവീണ അഭിനയിച്ചത്. തുടർന്ന് അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അവയിൽ ഒരാൾ മാത്രം, ഒരു പെണ്ണും രണ്ടാണും, അഗ്നിസാക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മനസ്സിൽ ഒരു മഞ്ഞുതുള്ളി എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1998-ൽ അഗ്നിസാക്ഷി, 2008-ൽ ഒരുപെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു.

ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയായ പ്രവീണ മലയാള സിനിമയിലെ പല നായികമാർക്കും ശബ്ദം പകർന്നിട്ടുണ്ട്. 2010- ൽ ഇലക്ട്ര, 2011-ൽ ഇവൻ മേഘരൂപൻ എന്നീ സിനിമകളിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് പ്രവീണയ്ക്ക് ലഭിച്ചു. ഇരുപത്തിയഞ്ച് സിനിമകളിലായി വിവിധ നടിമാർക്ക് പ്രവീണ ശബ്ദം പകർന്നിട്ടുണ്ട്. 2002-ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത  ഗംഗ എന്ന സീരിയലിലൂടെയാണ്  ടെലിവിഷൻ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സ്വപ്നം, മേഘം, സ്വരം, സ്വാമി അയ്യപ്പൻ, ദേവീ മഹാത്മ്യം എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ പ്രവീണ അഭിനയിച്ചിട്ടുണ്ട്. ചില തമിഴ് സീരിയലുകളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ പരിപാടികളുടെ അവതാരികയുമായിരുന്നു പ്രവീണ.

പല ബ്രാൻഡുകളുടെയും പരസ്യത്തിൽ മോഡലായിട്ടുള്ള പ്രവീണ ആൽബം സോംഗുകളിലും അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയായ പ്രവീണ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

പ്രവീണയുടെ ഭർത്താവ് പ്രമോദ് നായർ, ദുബായിൽ ബാങ്ക് ഓഫീസറാണ്. മകൾ ഗൗരി പ്രമോദ്.