കുമരകം രാജപ്പൻ

Kumarakam Rajappan
Date of Death: 
Thursday, 10 October, 2002
സംഗീതം നല്കിയ ഗാനങ്ങൾ: 24
ആലപിച്ച ഗാനങ്ങൾ: 1

കോട്ടയം കുമരകത്ത് പി വി  കേശവദേവിന്റേയും ഭാർഗ്ഗവിയമ്മയുടെയും മകനായി 1943 ൽ ജനിച്ച രാജപ്പൻ പത്താം വയസ്സുമുതൽ കുഞ്ഞൻ ഭാഗവതരിൽ നിന്നും സംഗീതം അഭ്യസിക്കാൻതുടങ്ങി. തുടർന്ന് ഹാർമോണിയവും പഠിച്ച ഇദ്ദേഹം 
എസ് എസ് എൽ സി വരെ പഠിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് നിരവധി വേദികളിൽ വിപ്ളവഗാനങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഇദ്ദേഹം മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്ന എം കെ കമലത്തിന്റെ കഥാപ്രസംഗത്തിന്റെ പിൻ പാട്ടുകാരനായി നാടുചുറ്റി.

പ്രശസ്ത സംഗീത സംവിധായകർ  ജി ദേവരാജൻ, എം കെ അർജ്ജുനൻ, ആർ കെ ശേഖർ എന്നിവർ സംഗീതം പകർന്ന നാടകങ്ങളിൽ ഹാർമ്മോണിയം വായിക്കാനും ഗാനങ്ങളാലപിക്കാനും ലഭിച്ച അവസരം ലഭിച്ച ഇദ്ദേഹം ‘മതിലുകൾ ഇടിയുന്നു’ എന്ന നാടകത്തിൽ കെ കെ തങ്കച്ചൻ എഴുതിയ ‘കർപ്പൂരത്തിരി വെച്ചു, കനകവിളക്ക്‌ വെച്ചു’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സംഗീത സംവിധായകനായി.

കൊല്ലം അസീസി ആർട്സ് ക്ലബിന്റെ നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു ശ്രദ്ധേയനായ ഇദ്ദേഹത്തിന് കുമരകം രാജപ്പൻ എന്ന പേര് നൽകിയത് അസീസിയിലെ ഫാദർ ഫൗസ്റ്റിൻ കപ്പുച്ചിനായിരുന്നു.

പശ്ചാത്തല സംഗീതം മുൻകൂട്ടി റിക്കാർഡ് ചെയ്ത് കാസറ്റ് രീതിക്ക് തുടക്കമിട്ട ഇദ്ദേഹം മലയാള നാടക ചരിത്രത്തിലെ പശ്ചാത്തല സംഗീതത്തിന്റെ ആദ്യത്തെ മുഴുനീള നാദരേഖ തയ്യാറാക്കി. അതോടെ നാടക സമിതിയോടൊപ്പം പശ്ചാത്തല സംഗീതക്കാരും ഗായകരും ഓരോ നാടകത്തിനും ഒപ്പം യാത്ര ചെയ്തിരുന്ന പഴയരീതി മാറി.

കൊല്ലം അസീസിക്കു വേണ്ടി ഇദ്ദേഹം ചിട്ടപ്പെടുത്തിയ 'വാനിലെ വാറൊളി താരകളത്രയും വാരി വിതറിയ ദൈവപുത്രൻ' എന്ന ഗാനം കേരളത്തിലെങ്ങും തരംഗമായി. ആലപ്പുഴ ഉദയകല, കോട്ടയം ഗീത, ദേശാഭിമാനി തീയറ്റേഴ്സ് കോട്ടയം, വയലാർ നാടകവേദി, കൊല്ലം സംഘചേതന തുടങ്ങി കെ പി എ സി വരെയുള്ള നാടകസമിതികളിൽ ഇദ്ദേഹത്തിന്റെ ഈണം മുഴങ്ങി.

1975 ൽ ഉദയയുടെ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന ചിത്രത്തിൽ 'കൂട വേണോ കൂട' എന്ന ഗാനത്തിന് സംഗീതം നൽകി ചലച്ചിത്ര ലോകത്തെത്തിയ ഇദ്ദേഹം 1976 ൽ ഉദയയുടെ മല്ലനും മാതേവനും എന്ന
ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം പകർന്നു. 1980 ൽ നവോദയയുടെ 'തീക്കടൽ' എന്ന സിനിമാസ്കോപ്പ് ചിത്രത്തിൽ ഗുണസിംഗിനോടൊപ്പം മൂന്നു പാട്ടുകൾക്ക് ഈണം നൽകി.

കൂടാതെ സ്വപ്നത്തീരം, ഗാനമാലിക, മുഖ്യമന്ത്രി, ഓമനസ്വപ്നങ്ങൾ, എന്ന ചിത്രങ്ങൾക്കും സംഗീതം നൽകി. അതോടൊപ്പം ചമ്പൽക്കാടുകൾ എന്ന സിനിമയിൽ പ്രേം നസീറിന്റെ അച്ഛനായി വേഷമിടുകയും ഉണ്ടായി. 

തരംഗിണി കാസറ്റുൾപ്പെടെ  നിരവധി ലളിതഗാനങ്ങൾക്കും  ഈണംനൽകി.
തെരഞ്ഞെടുപ്പ്‌ ഗാനങ്ങൾ എന്നൊരു സംഗീതശാഖയുടെ വളർച്ചയ്‌ക്കും ഇദ്ദേഹത്തിന്റെ സംഭാവന ഏറെയാണ്‌. മുൻമന്ത്രി ടി കെ രാമകൃഷ്‌ണൻ കോട്ടയത്ത്‌ മത്സരിക്കുമ്പോഴാണ്‌ തെരഞ്ഞെടുപ്പ്‌ ഗാനങ്ങളുടെ കാസറ്റ്‌ ആദ്യം ഇറക്കിയത്‌.

സാക്ഷരതാ പ്രസ്ഥാന/ ജനകീയാസൂത്രണ ഗാനങ്ങൾക്കും ഈണമിട്ട ഇദ്ദേഹം തന്റെ 
നാല്പതു വർഷത്തോളം നീണ്ട നാടക സംഗീത ജീവിതത്തിൽ 1200 ൽപ്പരം നാടക ഗാനങ്ങൾക്ക് ഈണം പകർന്നു. മികച്ച സംഗീത സംവിധായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് രണ്ട് തവണ നേടി. 

2002 ഒക്ടോബർ 10 ആം തിയതി ഇദ്ദേഹം തന്റെ 59 ആം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ പേരിൽ കുമരകത്ത് ഒരു സ്മൃതികേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

1968 ൽ ഗായികയായ ലളിതയെ വിവാഹം ചെയ്ത ഇദ്ദേഹത്തിന് കവിതയും വിനോദും എന്നീ രണ്ട് മക്കളാണുള്ളത്.