സുചിത്ര

Name in English: 
Suchithra

മലയാള ചലച്ചിത്ര നടി. കരുണാകരന്റെയും ഉഷയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. സുചിത്രയുടെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ഹോളി എയ്ഞ്ജൽസ് കോൺവെന്റ് സ്കൂളിലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സുചിത്ര നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി എന്നി നൃത്തയിനങ്ങൾ സുചിത്ര പഠിച്ചിട്ടുണ്ട്. ചെറിയകുട്ടിയായിരിയ്ക്കുമ്പോൾ തന്നെ സുചിത്ര സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. ആരവം എന്ന സിനിമയിൽ ബാലനടിയായി അഭിനയിച്ചുകൊണ്ടായിരുന്നു സുചിത്രയുടെ സിനിമാഭിനയത്തിന്റെ തുടക്കം. തുടർന്ന് പത്തോളം സിനിമകളിൽ ബാല നടിയായി അഭിനയിച്ചു. 1990-ൽ ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് സുചിത്ര ആദ്യമായി നായികയാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ സുചിത്ര നായികയായി അഭിനയിച്ചു. മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി, ജയറാം,മുകേഷ്,ജഗദീഷ്,സിദ്ദിഖ്.. എന്നിവരുടെയെല്ലാം നായികയായി സുചിത്ര അഭിനയിച്ചു. മുകേഷ്,ജഗദീഷ്,സിദ്ദിഖ് എന്നിവരുടെ കോമഡി മൂവീസിലായിരുന്നു സുചിത്ര നായികയായി കൂടുതൽ അഭിനയിച്ചിരുന്നത്. 1991-ൽ ഗോപുരവാസലിലെ എന്ന തമിഴ് സിനിമയിലും സുചിത്ര നായികയായി അഭിനയിച്ചു. നാല്പതോളം സിനിമകളിൽ സുചിത്ര അഭിനയിച്ചു.

താര സംഘടനയായ അമ്മയിൽ രണ്ടുപ്രാവശ്യം സുചിത്ര സെക്രട്ടറിയായി ഇരുന്നിട്ടുണ്ട്. 1997- 2000, 2000- 2003 വർഷങ്ങളിലായിരുന്നു. സെക്രട്ടറിയായത്. ടെലിവിഷൻ ചാനൽ റിയാലിറ്റിഷോകളിലും സുചിത്ര സെലിബ്രിറ്റി ജഡ്ജായി ഇരുന്നിരുന്നു.  സുചിത്ര 2002- ൽ ഇരുപത്താറാമത്തെ വയസ്സിൽ വിവാഹിതയായി. ഭർത്താവിന്റെ പേര് മുരളി. ഭർത്താവിനോടൊപ്പം അമേരിയ്ക്കയിൽ താമസിയ്ക്കുകയാണ് ഇപ്പോൾ സുചിത്ര.