ഷെറിൻ പീറ്റേഴ്‌സ്

Sherin Peters
Sherin Peters
ആലപിച്ച ഗാനങ്ങൾ: 23

ജേക്കബ് പീറ്റേഴ്‌സിന്റെയും ഏലിക്കുട്ടിയുടെയും മകളായി ചെന്നൈയിൽ ജനനം. മാതാപിതാക്കൾ മലയാളികളായിരുന്നിട്ടും ജേക്കബ് പീറ്റേഴ്‌സിന്റെ ജോലിയാണ് അവരെ ചെന്നൈയിൽ എത്തിച്ചത്. ചെറുപ്പത്തിൽ നൃത്തത്തിലായിരുന്നു ഷെറിന് താൽപര്യം, കുറെ കാലം നൃത്തം അഭ്യസിക്കുകയും ചെയ്തു. എന്നാൽ മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ പോളിയോ ബാധിച്ച് ഷെറിന്റെ കാലുകൾ തളർന്നു പോയി. ഏഴു വയസ്സുകാരിയുടെ ജീവിതം പൊടുന്നനെ വീടിന്റെ നാലുചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങുങ്ങിയപ്പോഴാണ് ഷെറിൻ സംഗീതവുമായി അടുത്തത്.  മകളെ സംഗീതം പഠിപ്പിക്കണമെന്ന ആഗ്രഹവുമായി ജേക്കബ് ദക്ഷിണാമൂർത്തി സ്വാമിയെ സമീപിക്കുകയും, അദ്ദേഹം ഷെറിനെ ശിഷ്യയാക്കുകയും ചെയ്തു. മ്യൂസിയം തിയ്യറ്ററിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സാന്നിധ്യത്തിലായിരുന്നു ഷെറിൻ അരങ്ങേറ്റം നടത്തിയത്. 

ഷെറിന് സിനിമയിലേക്കുള്ള വഴി തുറന്നതും സ്വാമിയായിരുന്നു. അഷ്ടമുടിക്കായൽ എന്ന ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതി ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ മേടമാസക്കുളിരിലാരെ നീ എന്ന ഗാനമാലപിച്ചു കൊണ്ടായിരുന്നു ഷെറിൻ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്.  അതിനിടയിൽ ഗാനമേള വേദികളിൽ സജീവമാകുകയും ചെയ്തു. ഇന്ത്യയുടെ അകത്തും പുറത്തും ഷെറിൻ ഗാനമേളകൾ അവതരിപ്പിച്ചു. കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിന്റെ  വേദികളിൽ സജീവമായിരുന്നു അവർ.  പൂർണ്ണമായും വീൽ ചെയറിൽ ആയിരുന്ന ഷെറിന് എല്ലാ പിന്തുണയും നൽകിയത് അവരുടെ മാതാപിതാക്കൾ ആയിരുന്നു. 1983-ൽ ഹൃദയാഘാതം മൂലം പിതാവ് മരിച്ചതോടെ ഷെറിൻ സിനിമാ ലോകത്ത് നിന്നും അകന്നു. 1986 കഴിഞ്ഞതോടെ അവർ പിന്നണി ഗാനരംഗത്ത് നിന്നും പൂർണ്ണമായും പിൻവാങ്ങി. മുപ്പതോളം ഗാനങ്ങൾ ഷെറിൻ മലയാള സിനിമയിൽ പാടി. 

അവലംബം: മാതൃഭൂമിയിലെ പാട്ടുവഴിയോരത്ത് എന്ന രവി മേനോൻ പംക്തി.