ആർ സോമശേഖരൻ

R Somasekharan
Date of Birth: 
Saturday, 4 August, 1945
Date of Death: 
തിങ്കൾ, 22 August, 2022
സംഗീതം നല്കിയ ഗാനങ്ങൾ: 17
ആലപിച്ച ഗാനങ്ങൾ: 2

ചെറുപ്പകാലം മുതൽ സംഗീതം അഭ്യസിക്കുകയും സ്ഥിരമായി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന സോമശേഖരൻ, ഗായകനാകുക എന്ന മോഹം നെഞ്ചിലേറ്റിയിരുന്നു. 1982 ൽ 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നു. ഒരു ഗായകനാകാൻ മദ്രാസിൽ പോകുകയും അതിനു വേണ്ട പരിശ്രമങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ അതിൽ ഒരു വിജയം നേടാനാവാതെ നാട്ടിലെത്തിയ അദ്ദേഹം പ്രൊഫഷണൽ നാടകങ്ങളിൽ സംഗീതം നൽകുവാനും പാടുവാനും തുടങ്ങി. ആകാശവാണിയിൽ നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. വെളിയം ചന്ദ്രൻ സംവിധാനം ചെയ്ത 'ഉർവശി' എന്ന നാടകം സിനിമയാക്കിയ അവസരത്തിലാണു സംഗീത സംവിധായകനാകാനുള്ള ഒരു നിയോഗം അദ്ദേഹത്തെ തേടി വരുന്നത്. കോന്നിയൂർ ഭാസ് രചിച്ച് യേശുദാസ് പാടിയ 'പ്രകൃതി പ്രഭാമയീ' എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്. രണ്ടാമത്തെ ഗാനം വെള്ളനാട് നാരായണൻ എഴുതി, എസ് ജാനകിയും സോമശേഖരനും ചേർന്നു പാടി. ഒരു നീണ്ട ഇടവേളക്ക് ശേഷം ജാതകം എന്ന ചിത്രത്തിനു സംഗീതം നൽകി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനായിരുന്ന അദ്ദേഹം, ഒമാനിൽ പോകാനുള്ള അവസരം ലഭിച്ചപ്പോൾ അവിടേക്കു പോയി. അത് അദ്ദേഹത്തിന്റെ കരിയറിൽ ചില നീണ്ട ഇടവേളകൾ സൃഷ്ടിച്ചു. അവധിക്കെത്തിയ സമയങ്ങളിലാണ് ജാതകം, ആർദ്രം തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയത്. കിരീടം എന്ന ചിത്രത്തിന് സംഗീതം ചെയ്യുവാൻ ആദ്യം നിശ്ചയിച്ചത് സോമശേഖരനെ ആയിരുന്നു. എന്നാൽ ഗൾഫിലെ ജോലിയും അവധിയും പ്രശ്നമായപ്പോൾ ആ അവസരം നഷ്ടപ്പെട്ടു. ഗൾഫിലെ ജോലി, പിന്നീടങ്ങോട്ടുള്ള പല അവസരങ്ങളും അദ്ദേഹത്തിനു നഷ്ടപ്പെടുത്തി. ഗൾഫിൽ നിന്നും മടങ്ങിയെത്തിയപ്പോഴേക്കും, രണ്ടാമതൊരു തിരിച്ചു വരവ് ശ്രമകരമായി മാറിയിരുന്നു. അങ്ങനെ മിനി സ്ക്രീൻ രംഗത്തേക്ക് കടന്ന അദ്ദേഹം, 50 ഓളം സീരിയലുകൾക്ക്  സംഗീതം നല്കി. ഭക്തി ഗാനങ്ങൾ ഉൾപ്പടെ 40 ഓളം ആൽബങ്ങളും അദ്ദേഹം ചെയ്തു. നീണ്ട ഒരു ഇടവേളക്കു ശേഷം 'അയാൾ' എന്ന ചിത്രത്തിനു സംഗീതം നൽകി രണ്ടാമതൊരു തിരിച്ചു വരവു കൂടെ നടത്തി. ഈ അഭയതീരം,  മി.പവനായി 99.99, ബ്രഹ്മാസ്ത്രം എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകി.

ഭാര്യ, ജയമണി. മക്കൾ, ജയശേഖർ, ജയശ്രീ, ജയദേവ്. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്.

അവലംബം: കൈരളി പീപ്പിൾ ടിവിയുടെ  സോമശേഖരനുമായുള്ള അഭിമുഖം. കൈരളി ടിവിയുടെ ജയമണി സോമശേഖരനുമായുള്ള അഭിമുഖം.