ശ്രേയ ഘോഷൽ

Sreya Ghoshal
Date of Birth: 
Friday, 12 March, 2021
ശ്രേയഘോഷൽ
ആലപിച്ച ഗാനങ്ങൾ: 93

ബംഗാളില്‍ ജനിച്ചു ഉത്തരേന്ത്യന്‍ ഭാഷകളിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു ഇന്ത്യയില്‍ ആകെ വലിയ ആരാധകവൃന്ദത്തെ സൃഷ്‌ടിച്ച ഗായികയാണ് ശ്രേയ ഘോഷാല്‍. അതുല്യമായ ആലാപനത്തിനോപ്പം ഏത് ഭാഷയോടും വേഗത്തില്‍ പൊരുത്തപെടാന്‍ സാധിക്കുന്നു എന്നത് ശ്രേയയെ വ്യത്യസ്തമാക്കുന്നു.

1984 മാര്‍ച്ച്‌ 12ന് പശ്ചിമബംഗാളിലെ മുര്ഷിദാബാദില്‍ ബിസ്വജിത്ത് - സര്‍മിസ്ഥ ദമ്പതികളുടെ മകളായാണ് ശ്രേയയുടെ ജനനം. ഇലട്രിക്കല്‍ എന്‍ജിനീയര്‍ ആയുരുന്ന പിതാവിന്‍റെ ജോലിസ്ഥലം ആയ രാജസ്ഥാനിലെ കോട്ടയില്‍ ആണ് ശ്രേയ വളര്‍ന്നത്‌.  നാലാമത്തെ വയസു മുതല്‍ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങി. ആറാം വയസ്സുമുതല്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും പഠനം ആരംഭിച്ചു. ചെറുപ്പത്തില്‍ തന്നെ ഡല്‍ഹി സംഗം കലാ സംഘം സംഘടിപ്പിച്ച ഒരു അഖിലേന്ത്യാ ലളിത സംഗീത മത്സരത്തില്‍ സംഘഗാന വിഭാഗത്തില്‍ സമ്മാനം നേടിയിരുന്നു.

1997ല്‍ പിതാവിന് മുംബൈയിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ കുടുംബം അങ്ങോട്ട് മാറി. അവിടെവെച്ച് പ്രശസ്ത സംഗീത സംവിധാന ജോഡിയായ കല്യാണ്‍ജി - ആനന്ദ്ജിയിലെ കല്യാണ്‍ജിയുടെ കീഴിലും സംഗീതം പഠിക്കാന്‍ അവസരം കിട്ടി. 1998ല്‍ ആദ്യമായി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ്‌ ചെയ്ത ആല്‍ബം പുറത്തുവന്നു. 2000ല്‍ 16ആം വയസ്സില്‍ സീ ടിവിയിലെ സരിഗമ എന്ന പരിപാടിയില്‍ വിജയിയായി. സരിഗമയിലെ പ്രകടനം ശ്രദ്ധിച്ച സംവിധായകനായ സംഞ്ജയ്ലീലാ ബന്‍സാലി തന്റെ ചിത്രമായ ദേവദാസില്‍ ശ്രേയയ്ക്ക് പാടാന്‍ അവസരം നല്‍കി. ഇസ്മയില്‍ ദര്‍ബാറിന്റെ സംഗീതത്തില്‍ ശ്രേയ അഞ്ച് ഗാനങ്ങളാണ് ഈ ചിത്രത്തില്‍ ആലപിച്ചത്. ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നവാഗത ഗായികക്കുള്ള അവാര്‍ഡും ശ്രേയക്ക് ലഭിച്ചു. ബേരി പിയാ എന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. ദേവദാസിന് ശേഷം അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു ശ്രേയാ ഘോഷാല്‍ എന്ന ഗായികക്കു പുറകെ. എ.ആര്‍ റഹ്മാന്‍, അനുമാലിക്, ഹിമേഷ് റഷ്മാനിയ, മണി ശര്‍മ, നദിം ശ്രവണ്‍, ഇളയ രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരുടെ സംഗിതത്തില്‍ ശ്രേയ നിരവധി ഹിറ്റു ഗാനങ്ങള്‍ ആലപിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികയെന്ന പദവിയും ഒട്ടും വൈകാതെ തന്നെ ശ്രേയയെ തേടിയെത്തി.

വൈകാതെ തന്നെ ശ്രേയയുടെ ശബ്ദം മറ്റ് ഭാഷകളിലും മുഴങ്ങിത്തുടങ്ങി. 2007ല്‍ ബിഗ് ബി എന്ന ചിത്രത്തില്‍ അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയ 'വിട പറയുകയാണോ..' എന്ന ഗാനം ആലപിച്ചാണ് ശ്രേയ മലയാളത്തില്‍ എത്തുന്നത്. അത് പാടിയത് മലയാളിയല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം നല്‍കുന്ന അത്രേം മികവോടെയാണ് ശ്രേയ മലയാളം ഉച്ഛരിച്ചത്. ആ മലയാളിത്തം ശ്രേയയ്ക്ക് ഒരുപാട് അവസരങ്ങളും ആരാധകരെയും മലയാളത്തില്‍ നല്‍കി. 2009ല്‍ ബനാറസ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ആദ്യ കേരള സംസ്ഥാന പുരസ്ക്കാരം. തുടര്‍ന്ന് വീരപുത്രന്‍, രതിനിര്‍വേദം (2011), ഹൌ ഓള്‍ഡ്‌ ആര്‍ യു? (2014), ആമി (2018) എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി പുരസ്കാരനേട്ടം ആവര്‍ത്തിച്ചു.

2002, 2005, 2007, 2008 വര്‍ഷങ്ങളിലായി നാല് തവണയാണ് ശ്രേയയെ തേടി ദേശീയ പുരസ്കാരം എത്തിയത്. മലയാളത്തിന് പുറമേ വിവിധ ഭാഷകളില്‍ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് ശ്രേയ.

ശൈലാദിത്യ മുഖോപാധ്യായയാണ് ശ്രേയയുടെ ഭര്‍ത്താവ്. 2021 മേയ് 22ന് ഒരു ആണ്കുട്ടിയ്ക്ക് ജന്മംനല്‍കി ശ്രേയ.