മെഹ്ബൂബ്

Name in English: 
Mehboob
Date of Death: 
Wednesday, 22 April, 1981

(പിന്നണി ഗായകൻ)
മട്ടാഞ്ചേരിയിൽ ദെഖ്നി സമൂഹത്തിൽ ഹുസൈൻഖാന്റെയും തൂക്കഖാലയുടെയും മകനായി ജനനം. ദാരിദ്ര്യം നിമിത്തം കുട്ടിക്കാലത്ത് തന്നെ വടക്കാഞ്ചേരിയിലെ ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിനുവേണ്ടി പണിയെടുക്കേണ്ടി വന്നു. ചെറുപ്പത്തിലേ സംഗീതത്തിലുണ്ടായിരുന്ന അഭിരുചി പ്രകടമാക്കിയ മെഹബൂബ് കല്യാണസദസ്സുകളിലും മറ്റ് സദസ്സുകളിലും പാടി ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. പ്രശസ്ത ഗസൽഗായകനായ പങ്കജ് മല്ലിക്കാണു് അദ്ദേഹത്തിന്റെ ഗാനപ്രതിഭ തിരിച്ചറിയുന്നത്. അദ്ദേഹം മെഹബൂബിനെ നിരവധി കച്ചേരികളിൽ പങ്കെടുപ്പിച്ചു. 1940-കളുടെ അവസാനത്തോടെ മെഹബൂബ് കൊച്ചിയിൽ പ്രസിദ്ധനായിരുന്നു.

മലയാളത്തിലെ ആദ്യകാല സൂപ്പർഹിറ്റ് ചലച്ചിത്രമായ ജീവിതനൗകയിലാണു് അദ്ദേഹം ആദ്യമായി പാടുന്നത്.  ചലച്ചിത്രസുഹൃത്തും നടനുമായ ടി.എസ്. മുത്തയ്യ അദ്ദേഹത്തെ സംഗീതസംവിധായകനായ ദക്ഷിണാമൂർത്തിയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു. "സുഹാനീ രാത് ഢൽ ചുക്കീ" എന്ന ഗാനത്തിന്റെ മലയാളം പതിപ്പായ "അകാലേ ആരു " എന്ന ഹിറ്റ് ഗാനമുൾപ്പെടെ മൂന്നു ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. നീലക്കുയിലിലെ "മാനെന്നും വിളിയ്ക്കില്ല" എന്ന ഗാനം വൻവിജയമായിരുന്നു. എം.എസ്.ബാബുരാജ്, കെ.രാഘവൻ, ജി.ദേവരാജൻ, ആർ.കെ. ശേഖർ തുടങ്ങി അക്കാലത്തെ മിക്ക സംഗീതസംവിധായകരുടെയും പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. പി ഭാസ്കരൻ എഴുതിയ തമാശരൂപേണയുള്ള  ഒരുപാട് പാട്ടുകൾ മെഹബൂബ് പാടിയിട്ടുണ്ട്.

എഴുപതുകളോടെ സിനിമാരംഗത്തോട് അദ്ദേഹം വിടപറഞ്ഞു. അവസാനകാലത്ത് ഒരുപാട് ദുരിതവും രോഗങ്ങളും അലട്ടിയിരുന്ന അദ്ദേഹം 1981-ല് അന്തരിച്ചു