രാപ്പാൾ സുകുമാരമേനോൻ

Rappal Sukumara Menon
Rappal-Sukumaramenon-Lyricist
എഴുതിയ ഗാനങ്ങൾ: 8

കവിയും ഗാനരചയിതാവും ആയ രാപ്പാൾ സുകുമാരമേനോൻ 1946ൽ  തിരുത്തിക്കാട്ടിൽ നാരായണമേനോന്റെയും മഠത്തിവീട്ടിൽ കൊച്ചമ്മാളുവമ്മയുടെയും പുത്രനായി ജനിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മലയാളം വിദ്വാൻ പൂർത്തിയാക്കി. ശേഷം സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിവിധ സമാന്തര കലാലയങ്ങളിൽ ഭാഷാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

1982 ൽ സ്വപ്നരാഗം എന്ന സിനിമക്കുവേണ്ടിയാണ് ആദ്യമായി പാട്ടെഴുതിയത്. സംഗീതം, രവീന്ദ്രൻ. പലകാരണങ്ങളാൽ ഈ സിനിമ വെളിച്ചം കണ്ടില്ല. വീണ്ടും രവീന്ദ്രന്റെ സംഗീതത്തിൽ 1985 ൽ ശ്രീ. എം കൃഷ്ണൻനായർ സംവിധാനം ചെയ്ത "പുഴയൊഴുകും വഴി" എന്ന സിനിമക്ക്  വേണ്ടി എഴുതിയ 4 ഗാനങ്ങളാണ് ആദ്യമായി പുറത്തിറങ്ങിയത്. ശേഷം പുറത്തിറങ്ങിയതും അല്ലാത്തവയുമായി ഏഴിലധികം ചിത്രങ്ങൾക്ക് ഗാനരചന വിർവഹിച്ചിട്ടുണ്ട്. സിനിമ ഗാനങ്ങൾക്ക് പുറമെ 30 ൽ അധികം ആൽബങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഈ ഗാനങ്ങൾക്ക് സംഗീതം നൽകിയവരിൽ പ്രമുഖരാണ് ജെറി അമൽദേവ്, വിദ്യാധരൻ, കൊടകര മാധവൻ എന്നിവർ. യേശുദാസ്, ചിത്ര, ജയചന്ദ്രൻ, വാണിജയറാം, ഉണ്ണിമേനോൻ, സുജാത തുടങ്ങി മലയാള സിനിമ പിന്നണി ഗാനരംഗത്തെ പ്രമുഖരെല്ലാം സുകുമാരമേനോന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ആകാശവാണി തൃശൂർ നിലയത്തിന് വേണ്ടി നിരവധി ലളിതഗാനങ്ങളും, "സഹ്യന്റെ ദുഃഖം" എന്ന സംഗീത ശില്പവും രചിച്ചിട്ടുണ്ട്. നിരവധി നാടകങ്ങൾ, ബാലെകൾ എന്നിവയ്ക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്.