ഭാഗം 12: Return with Elixir

ഒരു നോവൽ നമുക്ക് രണ്ടു തവണ വായിക്കാൻ കഴിയില്ല എന്നൊരു സിനിമയിൽ ഇംഗ്ലീഷ് പ്രൊഫസറായ ബെൻ കിംഗ്‌സ്‌ലി പറയുന്നുണ്ട്. രണ്ടാം തവണ നമ്മൾ വായിക്കുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ നമ്മളിൽ വന്ന മാറ്റങ്ങൾ കാരണം നമ്മൾ വായിച്ച് ഉൾക്കൊള്ളുന്നത് തികച്ചും മറ്റൊരു നോവൽ ആയിരിക്കുമത്രെ!

ഇത് പറയാൻ കാരണം, പ്രേക്ഷകർ ഇല്ലാതെ കല സംഭവിയ്ക്കുന്നില്ല. "A text is only a picnic where the author brings the words and the readers bring the sense" എന്നു പറഞ്ഞത് ഉമ്പർട്ടോ ഇക്കോയാണ്. ഓരോരുത്തരും അവരവരുടെ ജീവിതത്തിന്റെ എന്തൊക്കയോ അവർ കാണുന്ന സിനിമയിലും ചേർക്കുന്നുണ്ട്, എഴുതുന്ന ആൾ എത്ര വെട്ടി തിരുത്തി എഴുതിയാലും പ്രേക്ഷകർ അതിനൊപ്പം എന്തോ ഒന്ന് കൂടി അവരുടെ ജീവിതത്തിൽ നിന്നും കണ്ടു കൊണ്ടിരിയ്ക്കുന്ന സിനിമയിൽ എഴുതിചേർക്കുന്നു. എന്ത് കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമ മറ്റൊരാൾക്ക് അതേ അളവിൽ ഇഷ്ടമാവുന്നില്ല എന്നതിന് മറ്റ് ന്യായങ്ങൾ എനിക്കറിയില്ല. ഒരു 'സിനിമ കാണി' എന്ന നിലയിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമകൾ ശ്രീ ശ്യാമപ്രസാദ് എഴുതി സംവിധാനം ചെയ്തിട്ടുള്ളവയാണ്. നിങ്ങളുടേത് ഉറപ്പായും വ്യത്യസ്തമാവും.

തികച്ചും ബോധപൂർവമായ കാരണങ്ങൾ കൊണ്ട് ചിലർ ചില സിനിമകൾ ഇഷ്ടപ്പെട്ടതായി ഭാവിയ്ക്കാറുണ്ട്, പക്ഷെ അത്തരം സിനിമകളുടെയും അത്തരം ആസ്വാദകരുടെയും കാലം കഴിഞ്ഞു എന്ന് വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം. അത് സത്യമല്ലെങ്കിൽ കൂടി. അത്തരം പ്രേക്ഷകരിൽ നിന്നും ഒരു നിശ്ചിതദൂരം മാറി നടക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്, അത് കൊണ്ട് തന്നെ എന്റേതായ ഒരു ആസ്വാദനശീലം എനിക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. പന്ത്രണ്ട് ദിവസം ഞാൻ എഴുതിയതിനെ ആദ്യദിവസം നമ്മൾ വായിച്ച കുറസാവ കഥയിൽ കണ്ട ചൂണ്ടുപലകയായി മാത്രം കാണുക. ഇങ്ങനെ ഒക്കെയാണ് എനിക്ക് മുൻപ് നടന്നവർ ചിന്തിച്ചുകൂട്ടിയത് എന്നു മാത്രമാണ് ഞാൻ പറയാൻ ശ്രമിച്ചത്. വഴികൾ യാത്രക്കാർ തിരഞ്ഞെടുക്കുക.

ഇന്നലെ കണ്ട പ്രസക്തമായ ഒരു ചോദ്യത്തിനും അതിന് വന്ന ഒരു സുഹൃത്തിന്റെ മറുപടിയും ഉൾക്കൊണ്ട് ഒന്നു രണ്ടു അല്ലറ ചില്ലറ കാര്യങ്ങൾ. ഒരു വിധം നമ്മൾ കാണുന്ന എല്ലാ സിനിമകളും നോൺ ലീനിയർ ആണെന്ന് പറയും. ഒരു സിനിമയിൽ ഒരു ഫ്ലാഷ് ബാക്ക് വന്നാൽ ആ നിമിഷം ആ സിനിമ നോൺ ലീനിയർ ആവുന്നു. കാലത്തിനെ മാറ്റി കാണിയ്ക്കുന്ന ആ നിമിഷം ഒരു സിനിമയ്ക്ക് ലീനിയർ സ്വഭാവം നഷ്ടപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ ഒരു ലീനിയർ സിനിമ കണ്ടുപിടിയ്ക്കാനാണ് പാട്! ഒരു ലീനിയർ സിനിമയിൽ നമ്മൾ കണ്ട വിവിധ സ്റ്റേജുകൾ അടുക്കി പറയാൻ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഇല്ല. ഇനി സിനിമ നോൺ ലീനിയർ ആവുമ്പോഴോ? അവിടെ ഏതെങ്കിലും ഒരു സ്റ്റേജിൽ വെച്ച്, ആ സ്റ്റേജിനെ ഒരു effect ആക്കി, അതിന്റെ cause തേടി പടം നോൺ ലീനിയർ ആവാറാണ് പതിവ്. നായികയ്ക്ക് പട്ടിയെ പേടി (effect) കട്ട് ചെയ്താൽ പത്തിൽ പഠിക്കുമ്പോൾ നായികയെ പട്ടി കടിയ്ക്കുന്നത് കാണിക്കുന്നു (cause). ഫ്ലാഷ് ബാക്കിൽ നിന്നും സിനിമ തിരികെ പ്രധാന കഥയിൽ എത്തുമ്പോൾ ഏത് സ്റ്റേജിൽ നിന്നാണോ പിന്നിലേയ്ക്ക് പോയത് അതേ സ്റ്റേജിൽ തിരിച്ചെത്തി പിന്നെ കഥ മുൻപോട്ട് പോകുന്നത് കാണാം. ഇനി ഫ്ലാഷ് ബാക്കിൽ തന്നെ നമ്മൾ സൂക്ഷ്മമായി പരിശോധിച്ചാൽ 12 സ്റ്റേജുകളും ഉപയോഗിച്ച് ഫ്ലാഷ് ബാക്കിനെ തന്നെ ഒരു കൊച്ചു സിനിമ ആക്കുന്ന വമ്പന്മാരും ഉണ്ട്. അക്കാര്യത്തിൽ ഷങ്കറാണ് എന്റെ ഹീറോ. ഫ്ലാഷ് ബാക്കിൽ test allies and enemies പോർഷനിൽ ഒരു പാട്ട് വരെ ആശാൻ ചേർത്തു കളയും!

ജീവിതവും സിനിമയും അങ്ങനെ എളുപ്പമല്ലല്ലോ?! പ്രശനം തുടങ്ങുന്നത് നമ്മൾ ഒരു ഹൈപ്പർ ലിങ്ക് സിനിമയെ പറ്റി ചിന്തിയ്ക്കുമ്പോഴാണ്. ഒന്നിലേറെ കഥകൾ ഒരു സംഭവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒരു റോഡ് ആക്‌സിഡന്റിൽ പരസ്പ്പരം അറിയാത്ത മൂന്ന് പേർ ഉൾപ്പെടുന്നു, അവരുടെ ജീവിതം തേടിയുള്ള യാത്ര. മലയാളത്തിൽ എല്ലാവർക്കും അറിയാവുന്ന ഉദാഹരണം പറയുന്നതിലും എനിക്കിഷ്ടം ഇനിരാറ്റുവിന്റെ Amores Perros (2000) എന്ന് പറയാനാണ്. ഇവിടെ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്ക് ആണ് frequency. ഒരു സംഭവത്തെ ഒന്നിലേറെ തവണ ഓരോ കഥാപാത്രങ്ങളുടെ വീക്ഷണത്തിൽ വീണ്ടും വീണ്ടും കാണിയ്ക്കുക. Amores perros എന്ന സിനിമയിൽ തന്നെ റോഡ് അപകടം മൂന്നു തവണ കാണിയ്ക്കുന്നുണ്ട്. ഓരോ തവണ കാണുമ്പോഴും പുതിയ ഒരു കഥ അറിവ് നമ്മൾക്ക് കിട്ടുന്നുണ്ട്. ഇത്തരം ഹൈപ്പർ ലിങ്ക് സിനിമകളിൽ, നമ്മൾ സീരീസിനെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞത് പോലെ ഓരോ കഥാപാത്രത്തെയും പരിശോധിച്ചാൽ അവരുടെ ജീവിതം കടന്നു പോയിരിക്കുന്നത് 12 സ്റ്റേജുകളിലൂടെ ആണെന്ന് കണ്ടെത്താൻ കഴിയും. Amores perros കാണുമ്പോൾ ഗാർസ്യ ബെർണാൽ അഭിനയിച്ച ഒക്ടേവിയയെ ഒന്ന് സൂക്ഷിച്ച് കാണുക, ഈ പറഞ്ഞത് ശരിയാണ് എന്നു മനസ്സിലാവും.

Frequencyയെ കുറിച്ച് ഒരു കാര്യം കൂടി, ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ ധാരാളം ഉപയോഗിക്കുന്ന ഒരു ടെക്‌നിക്ക് ആണിത്. ആദ്യം ഒരാൾ കഥ പറയുകയും, വീണ്ടും അതേ ആൾ കുറച്ചു കൂടി വിശദമായി മറ്റൊരു സന്ദർഭത്തിൽ ആ കഥ ഒന്നു കൂടെ പറയുമ്പോൾ അയാളാണ് ചായയിൽ വിഷം കലക്കിയത് എന്ന് നമ്മളെ കാണിയ്ക്കുന്ന കലാപരിപാടിയെ നമുക്ക് frequency എന്ന് വിളിയ്ക്കാം. (ഫിസിക്സ് പഠിക്കുന്നവർ ഏത് അവസരത്തിലാണ് ഫ്രീക്വൻസിയെ ഫ്രീക്വൻസി എന്ന് വിളിക്കേണ്ടതെന്ന് അറിയാൻ പഴയ എട്ടാം ക്ലാസിലെ പുസ്തകം എടുത്ത് നോക്കുക, ഞാൻ ആദ്യം ഇതൊന്ന് എഴുതി തീർക്കട്ടെ!)

ഇനി നമുക്ക് പറഞ്ഞു അവസാനിപ്പിയ്ക്കാം. പന്ത്രണ്ടാം പടി, അമൃതുമായുള്ള തിരിച്ചു പോക്ക്.

Return with Elixir

എങ്ങനെ ഒരു സിനിമ എഴുതി നിർത്താം എന്നുള്ളത് ഏറ്റവും ശ്രമപ്പെട്ട ഒരു സംഗതിയാണ്. പ്രേക്ഷകരെ മനസ്സിലാക്കിയതിൽ നിന്നും ഞാൻ അറിഞ്ഞ ഒരു കാര്യം പ്രേക്ഷകർ കൂടെ കൊണ്ട് പോവുന്നത് പലപ്പോഴും മിക്കപ്പോഴും ഒരു സിനിമയുടെ അവസാന ഭാഗം ആണ്. നമ്മുടെ ഒക്കെ ഓർമ്മശക്തി അത്തരത്തിലായത് കൊണ്ടാണ് അങ്ങനെ സംഭവിയ്ക്കുന്നത്. അവസാന ഭാഗം ശരിയ്ക്കും ഇഷ്ടപ്പെട്ടാൽ ആ സിനിമയോട് കാണുന്നവർക്ക് ഒരിഷ്ടം വരും, അവരത് മറ്റുള്ളവരോട് പറയുകയും ചെയ്യും. അവസാന ഭാഗം ഗംഭീരമായി ഇഷ്ടപ്പെട്ടാൽ സിനിമയിലെ ചെറിയ ഇഷ്ടക്കേടുകളെ അവർ നിസ്സാരമായി തള്ളികളയും.

അത്രയും പ്രധാനപ്പെട്ട ഒരു സ്റ്റേജാണിത്. Return With Elixir. ഗ്രീക്ക് നാടകങ്ങളുടെ വളരെ വലിയ സ്വാധീനം നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി കണ്ട ഈ ഫോർമുലയിൽ ഉണ്ട്. അത് കൊണ്ടാണ് ഇങ്ങനൊരു പേര് ഈ സ്റ്റേജിന് വന്നത്. നായകൻ അല്ലെങ്കിൽ നായികയ്ക്ക് അവരുടെ വിജയം കഴിഞ്ഞ സ്റ്റേജിൽ (The Resurrection) നേടാൻ കഴിഞ്ഞു, അതൊന്ന് കൂടി ഉറപ്പിയ്ക്കുകയാണ് ഈ സ്റ്റേജിൽ. ഈ സ്റ്റേജിനെ ചിലർ The Final Image എന്നും വിളിച്ച് കണ്ടിട്ടുണ്ട്.

ഇനി, ഞാൻ കണ്ടു പഠിച്ച ചിലതാണ് ചുവടെ, തെറ്റാണ് എന്ന് നിങ്ങൾക്കോ എനിയ്ക്കോ നാളെ തോന്നിയാൽ തിരുത്താൻ ഞാനും തയ്യാറായവ.

ഒന്ന് - അടിച്ചു, കൊന്നു, ബോംബിട്ടു, തിരിഞ്ഞു നടന്നു, ഗ്രൂപ്പ് ഫോട്ടോ എടുത്തു എന്നൊക്കെയുള്ള സിനിമകളുടെ കാലം കടന്നു പോയി. ഈ വിശ്വാസം ഇനിയുള്ള കാലം മാറാതിരിക്കട്ടെ, നമുക്ക് രണ്ടാൾക്കും!

രണ്ട് - കഥ തീരുന്നില്ല എന്ന തോന്നൽ കാണുന്നവരിൽ ഉണ്ടാക്കാൻ കഴിയുന്ന സിനിമകൾ. അത്തരം സിനിമകളാണ് കാലത്തെ അതിജീവിയ്ക്കുന്നത് എന്നെനിയ്ക്ക് തോന്നിയിട്ടുണ്ട്. അത്തരം സിനിമകൾ സാമ്പത്തികമായി വൻ വിജയമായും മാറാറുണ്ട്. ഇനി എന്ത് സംഭവിയ്ക്കും എന്ന ചോദ്യത്തിൽ നിർത്തണം എന്നല്ല മറിച്ച് ഇനിയും കുറച്ചു കഥ മുൻപിലേക്ക് കിടപ്പുണ്ട് എന്നൊരു സുഖത്തോടെ(?) പ്രേക്ഷകർക്ക് കണ്ടു തീർക്കാൻ കഴിയുന്ന സിനിമകൾ. ഇന്ത്യയിൽ നിന്നും വിജയ സിനിമകൾ പെറുക്കി പറഞ്ഞാൽ കിരീടം, ദൃശ്യം, ഇൻഡ്യൻ അങ്ങനെ അങ്ങനെ. പലതിനും രണ്ടാം ഭാഗം വരുന്നതിന്റെയും വന്നതിന്റേയും കാരണം പ്രേക്ഷകരുടെ മനസ്സിൽ കിടക്കുന്ന ആ ഇഷ്ടമാണ്. രണ്ടാം ഭാഗം എന്നുള്ളത് ഒരു നല്ല തീരുമാനം ആണോയെന്ന് ചോദിച്ചാൽ എന്നെക്കാളും നല്ല അഭിപ്രായങ്ങൾ നിങ്ങൾക്കുണ്ടാവും എന്നെനിയ്ക്ക് അറിയാം. ഈ കൂട്ടത്തിൽ എന്റെ പേഴ്‌സണൽ ഫേവറിറ്റ് എക്കാലത്തും 'ഇന്നലെ'യാണ്. ഇന്നലെ അത്രയും ഇഷ്ടപ്പെടാനുള്ള കാരണം ആ സിനിമയിൽ അമൃതിനെ എങ്ങനെ ഡിഫൈൻ ചെയ്തിരിക്കുന്നു എന്നതിലാണ്. തിരിച്ചു പോവുന്ന (return) മിസ്റ്റർ സുരേഷ് ഗോപി കൂടെ കൊണ്ടു പോവുന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത വേദന (elixir) ആണ്. അങ്ങേയറ്റം മനോഹരമായ ഒരു കഥ പറഞ്ഞു നിർത്തൽ. പദ്മരാജൻ സാറിന് കൂപ്പുകൈ.

ഇനി മൂന്ന്, ഇത്രയും നേരം സംഭവിച്ചത് വീണ്ടും ആവർത്തിയ്ക്കും എന്ന തോന്നലിൽ തീരുന്ന സിനിമകൾ. എല്ലാവരുടെയും ജീവിതവും ഈ ലോകം തന്നെയും, സംഭവിച്ചത് വീണ്ടും വീണ്ടും ആവർത്തിയ്ക്കുന്നു ഒരു ചക്രത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് പറയും, നിങ്ങൾ കേട്ടിട്ടുള്ള കാര്യം. അങ്ങനെ തീരുന്ന, ഇത്രയും നേരം കണ്ടത് ഇനിയും ആവർത്തിച്ചേയ്ക്കാം എന്ന സാധ്യതയിൽ തീരുന്ന സിനിമകൾക്ക് ഒരു ക്ലാസ്സിക്ക് പരിവേഷം കിട്ടുന്നു എന്നാണ് വിവരമുള്ളവർ പറഞ്ഞു ഞാൻ വായിച്ചിട്ടുള്ളത്. ഉദാഹരണം കപ്പോള സാഹിബിന്റെ Apocalypse Now. ഈ സിനിമയുടെ മുൻപിൽ അദ്ദേഹത്തിന്റെ തന്നെ ഗോഡ്ഫാദർ ഒരു ചെറിയ വർക്കാണ് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. Godfather I & II ചെയ്തതിന് ശേഷമാണ് Apocalypse Now ചെയ്തത് എന്നു വരുമ്പോൾ ഞാൻ പറഞ്ഞതിൽ ഒരൽപ്പം കാര്യം ഉണ്ടെന്ന് തോന്നുന്നു. (ഇതിനെ കുറിച്ച് കൂടുതൽ വിശദീകരണം തേടി ഇതെഴുതിയ ആളിനെ വിളിച്ചപ്പോൾ ആള് നാട് വിട്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്)

മലയാളത്തിൽ എനിയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു എഴുത്തുകാരൻ ആയിരുന്നു വളരെ കുറച്ചേ എഴുതിയിട്ടുള്ളുവെങ്കിലും വേണു നാഗവള്ളി സർ. അദ്ദേഹത്തിന്റെ കളിപ്പാട്ടം എന്ന സിനിമ ഈ കൂട്ടത്തിൽ വരും. അത് ക്ലാസ്സിക്ക് ആണോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല, പക്ഷെ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. അവസാന സീൻ വള്ളിപുള്ളി വിടാതെ ഇപ്പോഴും ഓർമയുണ്ട്, നടന്നത് തന്നെ വീണ്ടും നടക്കാൻ പോവുന്നു എന്ന നിലയിൽ അവസാനിയ്ക്കുന്നത് കൊണ്ടാണത്. പ്രേത സിനിമകൾ പലതും പറഞ്ഞു തീരുക ഈ ഒരു ടെക്‌നിക്ക് ഉപയോഗിച്ചാണ്. ആവാഹനം, ആണി തറയ്ക്കൽ തുടങ്ങി എല്ലാം കഴിഞ്ഞു, എന്നിട്ടും ലാസ്റ്റ് സീനിൽ ചെറിയ ഒരു അനക്കം, തട്ടിൻപുറത്ത്!

ഇത്ര ഒക്കെയേയുള്ളൂ പറഞ്ഞു നിർത്താനായി എന്റെ കയ്യിൽ. കൃഷി സ്ഥലത്ത് എന്നെ സഹായിയ്ക്കാൻ വരുന്ന എന്റെയൊരു ഫ്രണ്ട് ഉണ്ട്, പൊടിയമ്മ അമ്മ. ഇടയ്ക്ക് വെള്ളം കുടിയ്ക്കാൻ മാറി ഇരിക്കുമ്പോൾ പൊടിയമ്മയമ്മ ഓരോ വീര സാഹസിക കഥകൾ പറയും, പണ്ട് കൊയ്യാൻ പോയപ്പോൾ നടന്ന കഥകൾ. വെള്ളം കുടിച്ച് ഒന്നു മുറുക്കി എഴുന്നേൽക്കുമ്പോൾ സ്ഥിരം ആവർത്തിയ്ക്കുന്ന ഒരു ഡയലോഗ് ഉണ്ട്, 'എന്റെ കുഞ്ഞേ, കൊയ്യാനായി കെടന്ന കണ്ടത്തിൽ മട വീണ ഒരു സംഭവമൊണ്ട്'. അതാണെന്ന് തോന്നുന്നു പൊടിയമ്മയമ്മയുടെ മാസ്റ്റർ പീസ്. ഞാനത് ഇത് വരെ കേട്ടിട്ടില്ല. കേൾക്കുമ്പോൾ നിങ്ങളോടും പറയാം. ഇത്രയും ദൂരം വായിച്ച് കൂടെ വന്ന എല്ലാ സൗഹൃദങ്ങൾക്കും നന്ദി.

Article Tags: