ഭാഗം 11: The Resurrection

"Give me two pages of Bible and I will give you a picture" എന്ന് പറഞ്ഞത് Cecil B DeMille ആയിരുന്നു, 1923ഇൽ Ten Commandments എന്ന നിശബ്ദ ചലച്ചിത്രം സംവിധാനം ചെയ്ത മഹാൻ. അപ്പോൾ ഒരു സിനിമയ്ക്ക് കഥ ആവശ്യമില്ലേ? അല്ലെങ്കിൽ കഥ പ്രേക്ഷകർക്ക് അറിയാവുന്ന ഒരു കഥ ആവുന്നതിൽ കുഴപ്പം ഒന്നുമില്ലേ? അതോ സിനിമ എന്ന മീഡിയത്തിന് മുകളിലുള്ള തന്റെ ആത്മവിശ്വാസം ആണോ അദ്ദേഹത്തിനെ കൊണ്ട് അങ്ങനെ പറയിച്ചത്?

നമുക്ക് മലയാളത്തിൽ നിന്നു കൊണ്ടു ഇങ്ങനെ ഒന്ന് ആലോചിച്ച് നോക്കാം. നിങ്ങൾ ഒരു സംവിധായകനോ അല്ലെങ്കിൽ സംവിധായികയോ ആണ്, കഴിഞ്ഞ പടം സൂപ്പർ ഹിറ്റായിരുന്നു, അടുത്ത പടത്തിനായി 'പുതിയ' കഥ കേൾക്കുകയാണ്. പുതിയ എന്ന അഡ്‌ജെക്ടിവ് തെറ്റാണ് എന്ന് ഈ ഉദാഹരണത്തിന് അവസാനം നമുക്ക് സമ്മതിക്കണം.

"സർ, കുടുംബ കഥയാണ്". പറയൂ, കേൾക്കാം. "അച്ഛനും അമ്മയും മക്കളും, സാമ്പത്തികമായി കുഴപ്പം ഒന്നുമില്ല". ശരി, അപ്പോൾ മക്കൾ ആണോ പ്രശനം? "മക്കൾ നല്ല നിലയിലാണ്". പിന്നെ? "ഇളയ മകൻ കുറച്ചു ഉഴപ്പനാണ് സർ". തല്ലിപ്പൊളി? "ഏയ്, അങ്ങനല്ല സർ, ജോലിയ്ക്ക് പോവില്ല, ദേഹം അനങ്ങി പണി ചെയ്യില്ല" എന്നിട്ട്? "എന്നിട്ട്, അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല സർ, അവൻ നന്നാവും". അത്രെയേയുള്ളൂ? "അത്രെയേയുള്ളൂ." The End.

എത്ര നിസ്സാരമായ, ഒരു 'പുതുമയും' ഇല്ലാത്ത കഥ, ശരിയല്ലേ? പക്ഷെ ഇത് തന്നെയല്ലേ 'വീണ്ടും ചില വീട്ടുകാര്യങ്ങൾ’? തീയേറ്ററിൽ ഹിറ്റായിരുന്നു. ഇന്നും റ്റെലിവിഷനിൽ കാണാൻ ആളുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള തിരക്കഥയിൽ ഒന്നാണ്, സംവിധാനവും അതേ.

അപ്പോൾ എന്താണ് കഥയ്ക്ക് അപ്പുറത്തുള്ള ആ മാജിക്?

അതിനെയാണ് നമ്മൾ പ്ലോട്ട് (plot) എന്നു വിളിയ്ക്കുക. ഒരു സിനിമയുടെ കഥയിലെ സംഭവങ്ങളെ എങ്ങനെ അടുക്കി വച്ചിരിയ്ക്കുന്നു എന്നതാണ് പ്ലോട്ട്. The order in which events are arranged. അപ്പോൾ കഥ എന്താണ്? കൃത്യമായി കാലത്തിനനുസരിച്ച് സംഭവങ്ങളെ അടുക്കി വച്ചിരിയ്ക്കുന്നതാണ് കഥ. Chain of events in chronological order. തിരക്കഥയിൽ മാജിക്ക് സംഭവിയ്ക്കുന്നത് കഥയിലല്ല, പ്ലോട്ടിലാണ്. എങ്ങനെ വിവിധ സംഭവങ്ങളെ നമ്മൾ അടുക്കി വച്ചിരിയ്ക്കുന്നു എന്നതിലാണ് ഒരു തിരക്കഥ രസകരമാവുന്നതും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാവുന്നതും.

കുഴപ്പിയ്ക്കാൻ വേണ്ടി പറയുകയല്ല, എനിക്ക് മനസ്സിലായി എന്നുറപ്പിയ്ക്കാൻ ഞാൻ ഇങ്ങനെയാണ് ചിന്തിയ്ക്കാറ്; ഒരു എഴുത്തുകാരി കഥയിൽ നിന്നും പ്ലോട്ട് കണ്ടെത്തുന്നു അതേ സമയം ഒരു പ്രേക്ഷക പ്ലോട്ടിൽ നിന്നും കഥ കണ്ടെത്തുന്നു. ശരിയല്ലേ? മനസ്സിലായില്ലേ?

അപ്പോൾ നിങ്ങൾ തിരക്കഥ എഴുതാൻ തീരുമാനിച്ചാൽ എങ്ങനെയാണ് നിങ്ങളുടെ കഥയിൽ നിന്നും നിങ്ങൾ ഒരു പ്ലോട്ട് ഉണ്ടാക്കേണ്ടത്? ഇനി അല്ല നിങ്ങൾക്ക് സിനിമ ആസ്വദിച്ചാൽ മതിയെങ്കിൽ എങ്ങനെയാണ് നിങ്ങൾ പ്ലോട്ട് കണ്ടെത്തി, 'സിംപിൾ കഥ പക്ഷെ പ്ലോട്ടാണ് കലക്കിയത്' എന്ന അഡ്വാൻസ്ഡ് റിവ്യൂ ഇടാൻ പ്രാപ്തരാവുന്നത്?

അതിന്റെ ട്രിക്കാണ് 'cause and effect'. എന്തിനും ഒരു കാരണം ഉണ്ട്, എന്തിനും ഒരു ഫലവും ഉണ്ട്. എഴുതുന്ന ഓരോ സംഭവമും ഒന്നുകിൽ ഒരു cause ആയിരിക്കണം അല്ലെങ്കിൽ ഒരു effect ആയിരിയ്ക്കണം. Cause ആണ് എഴുതിയതെങ്കിൽ എന്താണ് അതിന്റെ effect എന്ന് കാണിയ്ക്കുക, തിരിച്ചും. മഹേഷ് നല്ല ഫോട്ടോ എടുത്ത് ആ ഫോട്ടോ മാഗസിൻ കവറായി അടിച്ചു വരുന്നത് effect ആണ്, എങ്ങനെ മഹേഷ് അതിന് പ്രാപ്തനായി എന്നുള്ളതാണ് അതിന്റെ cause. പറയുമ്പോൾ സിമ്പിളായി തോന്നും, പക്ഷെ പരസ്പ്പരം ബന്ധിപ്പിക്കപ്പെട്ട cause and effect ഒരു സിനിമയിൽ ഇല്ലാതെ വരുമ്പോളാണ് ഒരു സിനിമയ്ക്ക് ലോജിക്ക് ഇല്ലാതെ വരുന്നതും, നമ്മൾ എഴുതിയ ആളിനെ കുറ്റപ്പെടുത്തുന്നതും പടം നമുക്ക് ഇഷ്ടമാവാതെ പോവുന്നതും.

ഇനി എപ്പോഴെങ്കിലും വീണ്ടും ചില വീട്ടുകാര്യങ്ങൾ കാണുമ്പോൾ cause and effect ശ്രദ്ധിച്ച് എനിക്ക് വേണ്ടി ഒന്നു കാണുക, പ്ലീസ്. നമുക്ക് രോമാഞ്ചം വരും, ഇത്ര 'പഴകിയ' ഒരു കഥ എങ്ങനെ ഇങ്ങനെ എഴുതാൻ പറ്റി എന്നു തോന്നും. ഞാൻ ചിലപ്പോഴൊക്കെ ഓർത്തിട്ടുണ്ട്, തന്റെ സിനിമകളിൽ മുഖം കാണിയ്ക്കുന്ന പതിവ് ലോഹിതദാസ് സാറിന് ഇല്ല, എന്നിട്ടും അദ്ദേഹം അദ്ദേഹമായി തന്നെ ഈ പടത്തിൽ ഉള്ളത് തന്റെ മറ്റ് പല സ്ക്രിപ്റ്റിൽ നിന്നും ക്രാഫ്റ്റ് പരമായി തന്റെ ഈ സൃഷ്ടി മികച്ചതാണ് എന്ന തോന്നലിൽ നിന്നുമാവാം. ഇനി ആരോട് ചോദിച്ച് സംശയം മാറ്റാൻ?!

സമാനമാണ് 'പൊന്മുട്ട ഇടുന്ന തട്ടാൻ'. മലയാളത്തിലല്ല, ലോക സിനിമയിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്ത് തിരക്കഥയിൽ ഒന്നാണ്, മൊത്തം cause and effect വച്ചുള്ള പ്ലോട്ട് ബിൽഡിങ് ആണ്.

ഇന്ന് പറയാനുള്ള പതിനൊന്നാം സ്റ്റേജ് നിങ്ങൾക്ക് ഒക്കെ അറിയാവുന്നതായത് കൊണ്ടാണ്, ആ സമയം ഈ പറഞ്ഞത് ഒക്കെ പറയാൻ ഞാൻ എടുത്തത്.

The Resurrection

ഉയിർത്തെഴുന്നേൽപ്പ് എന്ന് പരിഭാഷപ്പെടുത്താമെങ്കിലും അടിയോടടി അതാണ് ശരി, ക്ലൈമാക്സ്, ആഹാ...എന്ത് രസം. തല്ലുറപ്പാണ്, എങ്ങനെ തല്ലുന്നു എന്ന് നോക്കിയാൽ മതി. ഹിന്ദിയിൽ നിന്ന് വന്ന കലാകാരി ഒരു വശത്ത് ഡാൻസ് ചെയ്യുന്നു, ഇങ്ങേ വശത്ത് പൂര അടി, കാബേജ് അരിഞ്ഞു കൂട്ടും പോലെ എഡിറ്റ് ചെയ്ത് കൂട്ടിയ വിഷ്വൽസ്, എങ്കിൽ പടം ലൂസിഫർ. ക്യാമറ കയ്യിൽ, കട്ടുകളില്ല, ചെളിയിൽ കിടന്ന് നാടൻ അടി, ഡാൻസ് കളിയ്ക്കാൻ പോയിട്ട് കാണാൻ പോലും ഒരു പെണ്ണില്ല, എങ്കിൽ പടം മഹേഷിന്റെ പ്രതികാരം. അത്രെയേയുള്ളൂ.

എല്ലാ കഥയും തല്ലി തീർക്കാൻ പറ്റുമോ? പറ്റില്ല. അപ്പോൾ എന്ത് ചെയ്യാൻ കഴിയും? പ്രേമ കഥയാണെങ്കിൽ നായകനും നായികയും ഒന്നിക്കും. ക്രൈം ആയിരുന്നു പടമെങ്കിൽ കുറ്റവാളിയെ കണ്ടെത്തും, ഇനി നായകൻ നന്നാവുന്ന പടമാണെങ്കിൽ ചുറ്റും നിൽക്കുന്നവർ അവന് മാപ്പ് നൽകി പുതിയ ജീവിതത്തിലേയ്ക്ക് അവനെ കൂട്ടി കൊണ്ടു വരും. എന്ത് തന്നെയായാലും നായകന് അല്ലെങ്കിൽ നായികയ്ക്ക് ഒരു പുതിയ ജീവിതം കിട്ടുന്നു, ആ അർത്ഥത്തിലാണ് The Ressurection എന്നുപയോഗിച്ചിരിക്കുന്നത്.

ഒരു സംശയം വരാം, അല്ലെങ്കിൽ വരണം. നമ്മൾ കൈകാര്യം ചെയ്യുന്നത് കിരീടം പോലെ ഒരു പടം ആണെങ്കിലോ? അല്ലെങ്കിൽ ഒരു ട്രാജഡി ആണ് എഴുതി വന്നെങ്കിലോ? കിരീടത്തിൽ സേതുമാധവന് സംഭവിച്ചത് എങ്ങനെ ഒരു ഉയിർത്തെഴുന്നേൽപ്പ് ആണെന്ന് പറയാൻ കഴിയും? ഉത്തരം നിങ്ങൾക്ക് അറിയാം! ഒരു ട്രാജഡിയിലും ഇത് വരെ നമ്മൾ കണ്ട എല്ലാ സ്റ്റേജുകളും എഴുതി തന്നെയാണ് നമ്മൾ വന്നത്. നമ്മൾ ഇതു വരെ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്ത് നോക്കുക, എട്ടാം സ്റ്റേജായി The Supreme Ordeal എന്നൊന്ന് നമ്മൾ പഠിച്ചിരുന്നു, നായകന് അല്ലെങ്കിൽ നായികയ്ക്ക് കിട്ടുന്ന വീഴ്ചയായിരുന്നു ആ സ്റ്റേജ്. ഇപ്പോൾ നമ്മൾ കണ്ട The Ressurection എന്ന സ്റ്റേജ് ഈ സ്റ്റേജിന്റെ നേർ വിപരീതം ആണ്. ഇനി ഈ സ്റ്റേജുകൾ തമ്മിൽ ഒന്ന് തിരിച്ചിട്ടു നോക്കൂ. Bingo! ട്രാജഡി ആയി! സേതുമാധവൻ ആദ്യം വില്ലനെ തല്ലി തോൽപ്പിച്ചു, ക്ലൈമാക്സിൽ പക്ഷെ തല്ലി തോല്പിക്കുക എന്നതിനും അപ്പുറത്ത് തോറ്റുപോയി. കണ്ടില്ലേ? കേവലം രണ്ടു സ്റ്റേജുകൾ പരസ്പ്പരം തിരിച്ചിട്ടപ്പോൾ ഒരു സിനിമ ട്രാജഡിയായി!

പ്രേമത്തിൽ അപ്രാപ്യം എന്ന് പ്രേക്ഷകർക്ക് തോന്നിയ മലർ മിസ്സിന്റെ സ്നേഹം പിടിച്ചു പറ്റലാണ് The Resurrection, ഒടുക്കം മലർ മിസ്സിനെ നഷ്ടപ്പെടുന്നതാണ് The Supreme Ordeal. സ്റ്റേജ് 9 ഉം 11 ഉം തമ്മിൽ ഒന്നു മാറ്റി. (സെലിനെ കല്യാണം കഴിച്ചത് അടുത്ത സ്റ്റേജിലാണ്, അത്‌ നാളെ പറയാം).

നേരത്തെ ക്ലാസ് കഴിയുന്ന ദിവസം റോസിലിനെ കൊണ്ടു ഗിരിജ ടീച്ചർ പുലർ കാല സുന്ദര സ്വപ്നത്തിൽ ഞാൻ പൂമ്പാറ്റ ആയ പാട്ട് പാടിയ്ക്കുമായിരുന്നു. പക്ഷെ ചില ദിവസം പാടാൻ മൂഡില്ലെങ്കിൽ റോസ്‌ലിൻ പറയും, തൊണ്ട വേദനയാണെന്ന്, അത് പോലെയാണ് ഇന്ന് എന്റെ അവസ്ഥയും. നേരത്തെ കാര്യങ്ങൾ പറഞ്ഞു തീർത്തെങ്കിലും ഇന്നിനി പറഞ്ഞു നിർത്താൻ കഥകൾ ഒന്നും ഓർമ വരുന്നില്ല, അത് കൊണ്ട് പഠിയ്ക്കാനുള്ള ഒരു കാര്യം കൂടി പറഞ്ഞു നിർത്താം.

ഒരു സിനിമയെ പഴഞ്ചൻ ആക്കുന്നത് പ്രധാനമായും നമ്മൾ ഇന്ന് കണ്ട ഈ സ്റ്റേജാണ്. അവസാനം വില്ലനെ തല്ലികൊല്ലുന്നതാണ് പടമെങ്കിൽ വേറെ എന്തൊക്കെ അഭ്യാസം കാണിച്ചാലും പ്രേക്ഷകർക്ക് കണ്ടതിൽ ഒരു പുതുമ തോന്നില്ല. ഇവിടെയാണ് ഒരു എഴുത്തുകാരൻ എന്തെങ്കിലും ഒരു പുതുമ കൊണ്ടു വരാനോ അല്ലെങ്കിൽ പുതുമ കൊണ്ടു വന്നു എന്ന് പ്രേക്ഷരെ തെറ്റിദ്ധരിപ്പിക്കുകയോ വേണ്ടത്. ഉദാഹരണത്തിലൂടെ പറയാം. 'വിക്രം വേദ'യിൽ ഉപയോഗിക്കുന്നത് സ്പൂഫ് ആണ്. കണ്ടു മടുത്ത പഴയ ഫാക്ടറിയിലെ തല്ലാണ് ക്ളൈമാക്‌സ്. പക്ഷെ ആ 'പ്ലോട്ടിനെ' വിജയ് സേതുപതി കളിയാക്കുന്നുണ്ട്, എന്ത് കൊണ്ടാണ് വില്ലനും നായകനും എപ്പോഴും അടിച്ചു തീർക്കാൻ പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തിരഞ്ഞെടുക്കുന്നത് എന്ന ഡയലോഗിലൂടെ. പറയുന്നത് 'പുത്തൻ' എന്ന ഇമേജുള്ള വിജയ് സേതുപതിയായ കാരണം നമുക്ക് ആ ഡയലോഗ്‌ ഒന്നുകൂടെ ഇഷ്ടപ്പെടും. ആ ഡയലോഗ് പറഞ്ഞിട്ടും അവസാനം അടി നടന്നത് പഴയ ഫാക്ടറിയിൽ തന്നെയാണല്ലോ എന്ന കാര്യം നമ്മൾ മറക്കും! രണ്ടാം ടെക്നിക്കും ഇതേ ക്ളൈമാക്സിൽ ഉപയോഗിക്കുന്നുണ്ട്. അപൂർണ്ണമായി പടം തീർക്കുക. വെടി കൊണ്ട്‌ ഒരാൾ വീഴുന്നത് കാണിയ്ക്കുന്നില്ല, മറിച്ച് ക്യാമറ ഉയർന്നു പൊങ്ങിയപ്പോൾ നമ്മൾ ഒരു വെടിയൊച്ച കേട്ടു.

കാർത്തിക്ക് സുബ്ബരാജിന്റെ സിനിമകൾ കൈക്കൊള്ളുന്ന ശൈലി അപൂർണ്ണം എന്ന രീതിയിൽ സിനിമ അവസാനിപ്പിയ്ക്കുന്നതാണ്. എനിക്കത് ഇഷ്ടമാണ്.

പറഞ്ഞു വന്നത് പടിക്കൽ കൊണ്ടു പോയി കലം ഉടയ്ക്കാതിരിയ്ക്കാൻ, ഇന്ന് നമ്മൾ പഠിച്ച സ്റ്റേജിൽ പുതുമയുണ്ട് എന്നുറപ്പ് വരുത്തുക. വീണ്ടും പറയുന്നു, പുതുമ വേണ്ട പക്ഷെ പുതുമ ഉണ്ടെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചാൽ മതി. ഇനി അതിന് കഴിയുന്നില്ലെങ്കിൽ അവസാന അടവായി ഒരു സ്റ്റേജ് കൂടെ നമ്മുടെ കയ്യിലുണ്ട്. അത് നാളെ നോക്കാം.

(കഥയും പ്ലോട്ടും തമ്മിലുള്ള വ്യത്യാസം 100% മനസ്സിലാക്കിയിട്ടേ ഊണ് കഴിയ്ക്കൂ എന്ന് നിർബന്ധം ഉള്ളവർ 2010 പടമായ Blue Valentine കാണുക (ഉണ്ണുമ്പോൾ കണ്ടാലും മതി). കഴിഞ്ഞ വർഷം എനിക്ക് കാണാൻ കഴിഞ്ഞ ഏറ്റവും മികച്ച ഉയിർത്തെഴുന്നേൽപ്പ് ആണ് ചുവടെ, ചിത്രം -Ready or Not)

Article Tags: