ഭാഗം 10: The Road Back

ഇറ്റാലിയൻ അച്ഛനും ഫ്രഞ്ച് അമ്മയ്ക്കുമായി ഇറ്റലിയിൽ ജനിച്ച വാലെന്റിനോ (Rudolph Valentino) ഹോളിവുഡിൽ എത്തുമ്പോൾ നിശബ്ദ ചലച്ചിത്രങ്ങൾ ശൈശവ ദശ പിന്നിട്ടിരുന്നു. കഷ്ടപ്പാടിനും, അലച്ചിലിനും ഒടുവിൽ അദ്ദേഹം ഒരു 'താര'മായി മാറുന്നത് 1921 ഇൽ ആണ്. The Four Horsemen of the Apocalypse എന്ന ചിത്രം. 1921 ഇൽ ഈ ചിത്രം നേടിയത് പത്തുലക്ഷം ഡോളറാണ്. ആദ്യ മില്യൺ ഡോളർ അമേരിക്കൻ സിനിമ!

പ്രശസ്തിയിൽ നിന്നും അതി പ്രശസ്തിയിലേക്കു കുതിക്കുമ്പോഴും വംശീയ വിദ്വേഷത്തിന്റെ പേരിൽ അദ്ദേഹത്തെ വെറുത്തവരും ഉണ്ടായിരുന്നു. എങ്കിലും സ്ത്രീകളുടെ പ്രിയപ്പെട്ടവൻ ആയിരുന്നു അദ്ദേഹം. വാലെന്റിനോയെ പറ്റി ഒരു ശരാശരി അമേരിക്കൻ പുരുഷൻ ഇങ്ങനെ പറഞ്ഞു, “Many man desire to be Douglas Fairbanks. But Valentino? I wonder". സ്ത്രീകൾ പറഞ്ഞത് തികച്ചും മറ്റൊന്നും, “Triumphantly seductive, puts the lovemaking of the average husband or sweetheart into discard as tame, flat and unimpassioned”.

1926ഇൽ തന്റെ 31ആം വയസ്സിൽ അദ്ദേഹം മരിക്കുന്നത് perforated ulcer mimicking as appendicitis എന്ന കാരണത്താലാണ്. ഇന്നതിനെ ‘Valentino Syndrome’ എന്ന് വിളിക്കപ്പെടുന്നു. സംസ്കാരത്തിന് ഒരു ലക്ഷത്തോളം പേര് കൂടി. ദുഃഖം സഹിക്കാനാവാതെ ഒന്നിലേറെ സ്ത്രീകൾ ആത്മഹത്യ ചെയ്തു. ലോക സിനിമയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട 'ആരാധനയുടെ അതിര് കടക്കൽ'. 1926ഇൽ സിനിമ ശബ്ദിച്ചു പോലും തുടങ്ങിയിട്ടില്ല എന്നോർക്കണം.

ഇന്ന് താര നിർമ്മിതിയെ പറ്റി നോക്കാം, അതിന് ഏറ്റവും സഹായിക്കുന്ന തിരക്കഥയിലെ സ്റ്റേജിന്റെ കാര്യങ്ങളും.

The Road Back

സിനിമയിൽ ഇനിയാണ് പഞ്ചു ഡയലോഗും, സ്ലോ മോഷനും, കറക്കി എറിഞ്ഞുള്ള സിഗരറ്റ് പിടുത്തവും ഒക്കെ സ്ക്രീനിൽ നിറയാൻ പോവുന്നത്. പത്താം സ്റ്റേജായ the road back ഇൽ.

ആ പേരിൽ നിന്നു തന്നെ ഊഹിയ്ക്കാൻ കഴിയുന്നില്ലേ? വീണ വീഴ്ചയിൽ (the supreme ordeal - സ്റ്റേജ് 8) നിന്നും ഉയർത്തെഴുനേറ്റ (the reward - സ്റ്റേജ് 9) നായകൻ അല്ലെങ്കിൽ നായികയുടെ തിരിച്ചുള്ള വരവാണ് the road back.

പടയപ്പ മുതലിങ്ങോട്ട് ശ്രീ രജിനി സാറിന്റെ എല്ലാ പടവും തീയേറ്ററിൽ കണ്ടിട്ടുണ്ട്, ആ കൂട്ടത്തിൽ ഏറ്റവും പ്രിയവും ഒന്നിലേറെ തവണ കണ്ടതും ശിവജിയാണ്. രജിനി സാറിനോളം മിസ്റ്റർ ഷങ്കറും പ്രിയപ്പെട്ടവൻ ആകുന്നതിനാലാവണം അത്. The road backന്, ആ സ്റ്റേജിന്റെ പരിപൂർണ ഉപയോഗത്തിന് എടുത്തെഴുതാൻ കഴിയുന്ന ഉഗ്രൻ ഉദാഹരണമാണ് ശിവജി. ഒറ്റ രൂപ വച്ചുള്ള തിരിച്ചു വരവ്! അങ്ങേയറ്റം മികച്ചതായി എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റ് ആണ് ഈ പടത്തിന്റേത്. നോക്കൂ, ഒരു കമേഴ്സ്യൽ സിനിമയുടെ തിരക്കഥ എല്ലായ്പ്പോഴും ഷൂട്ട് നടക്കുന്ന ദിവസം സെറ്റിൽ വച്ചോ അല്ലെങ്കിൽ തലേന്ന് രാത്രി ഹോട്ടൽ മുറിയിൽ വച്ചോ സംഭവിയ്ക്കുന്നതല്ല, ഇനിയുള്ള കാലത്ത് അത്തരം സിനിമകൾ എത്രത്തോളം ദൂരം താണ്ടും എന്നും കണ്ടറിയണം. സിനിമ എന്നത് ആർക്കും ഇന്നൊരു കൗതുകമല്ല, അത് തന്നെയാണ് അതിന്റെ കാരണം.

ഷങ്കറിന്റെ സിനിമകളുടെ സ്ക്രിപ്റ്റുകൾ (2.0യും ഐയ്യും ഒഴിച്ച്) ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാവുന്ന ഒരു കാര്യം സ്ക്രിപ്റ്റ് എന്ന മേഖലയിൽ അദ്ദേഹത്തിനുള്ള അസാമാന്യ പാടവമാണ്. ഇന്റർവ്യൂകളിൽ എപ്പോഴും ചോദ്യകർത്താവ് 'പാട്ട് സീൻ' ചിത്രീകരണത്തെപ്പറ്റി ചോദിക്കുന്നതിനാൽ അദ്ദേഹത്തിന്റെ എഴുത്തു രീതികളെ പറ്റി അധികം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, നേരിട്ട് ഒട്ടു സംസാരിച്ചിട്ടുമില്ല!

വില്ലനെ പതിയെ പേടിപ്പിച്ച്, ചെയ്യുന്ന എല്ലാ കാര്യത്തിലും വിജയിച്ച്, അതിനൊക്കെ പ്രേക്ഷകരുടെ കയ്യടി നേടി അങ്ങനെ നായകൻ അല്ലെങ്കിൽ നായിക വിജയിച്ചു മുന്നേറുന്നതാണ് ഈ സ്റ്റേജ്. Test allies and enemies എങ്ങനെ ഒരു സിനിമയുടെ ഫസ്റ്റ് ഹാഫിനെ സമ്പൂർണമാക്കുന്നുവോ അത് പോലെയാണ് the road back സെക്കൻഡ് ഹാഫിനെ ജീവനുള്ളതാക്കുന്നത്.

സിനിമയിലെ മൊണ്ടാഷുകളെ പറ്റി പഠിയ്ക്കുമ്പോൾ ഏറെ കാണാൻ കഴിയുന്ന ഒന്നാണ് നായകൻ അല്ലെങ്കിൽ നായിക വരാനിരിക്കുന്ന ആ വല്യ ഈവന്റിന് വേണ്ടി സ്വയം തയ്യാറെടുക്കുന്ന വിവിധ ഷോട്ടുകൾകൾ കൂട്ടി ഒട്ടിച്ച മൊണ്ടാഷ്. ഹൗ ഓൾഡ് ആർ യുവിൽ മിസ് മഞ്ജു വാര്യരുടെ രാവിലെ ഉള്ള നടത്തം. റാംബോ പടങ്ങളിലെ അതി കഠിനമായ നായകന്റെ ട്രെയിനിംഗ്. ഇതിന്റെ ഒക്കെ ഒരു സ്പൂഫ് ആണ് മഹേഷിന്റെ പ്രതികാരത്തിലെ രണ്ടാം ഹാഫിൽ മഹേഷിന്റെ കുങ്ഫു പഠനം, മഹേഷ് അത് അങ്ങേയറ്റം ആത്മാർത്ഥമായിയാണ് ചെയ്യുന്നതെങ്കിലും. ഇതൊക്കെ road back ആണ്.

ഇനി ഇതിന്റെ പല വകഭേദങ്ങൾ, സിനിമയുടെ കഥയ്ക്കനുസരിച്ച് നമുക്ക് കാണാൻ കഴിയും. സ്പിരിറ്റിൽ ലാലേട്ടൻ കുപ്പികളൊഴിവാക്കുന്നതും മദ്യം സിങ്കിൽ ഒഴിച്ചു കളയുന്നതും ഒക്കെ ഒരു road back ആണ്. പ്രേമത്തിൽ ജോർജിന്റെ കേക്ക് കട ഈ സ്റ്റേജാണ്. അയപ്പനും കോശിയിലും ഇത് ഫിസിക്കലായ അടികൾ ആണ്. കഴിഞ്ഞ വർഷം കണ്ട മികച്ച road back സെഗ്മെന്റുള്ള ഒരു പടമായിരുന്നു സഫ്ദി സഹോദരന്മാരുടെ Uncut Gems. കൈതി സിനിമയിൽ കയ്യടി മുഴുവനും വരുന്നത് ഈ സ്റ്റേജിലാണ്, നായകൻ തിരിച്ചു സ്റ്റേഷനിൽ എത്തിയതിനു ശേഷമുള്ള അങ്കം. ഈയടുത്ത് വളരെ പോപ്പുലർ ആയി മാറിയ 2015ലെ ജർമൻ സിനിമയായ ഹൈദിയിൽ (Heidi) നഗരത്തിലെ കൂട്ടുകാരി ഗ്രാമത്തിൽ എത്തുന്ന ഈ പോർഷൻ എന്ത് രസമാണ് കണ്ടിരിയ്ക്കാൻ. ഇറാനിയൻ സിനിമകളിൽ ഈ സ്റ്റേജിന് അങ്ങേയറ്റം ഒരു മാനുഷിക തലം നൽകുന്നതായി കണ്ടിട്ടുണ്ട്. മജീദി സാഹിബിന്റെ Children of Heaven (പതിനാല് വയസ്സ് തികയും മുൻപ് കണ്ടിരിക്കേണ്ട നൂറ് പടങ്ങളിൽ ഒന്നാണിത്!) ഉദാഹരണമായി എടുത്താൽ, ഇറാനിയൻ സിനിമകളിൽ അവസരത്തിന് വേണ്ടിയുള്ള പെടാപ്പാട് ആണ് ഈ സ്റ്റേജ്. ഒറ്റ ഒരു അവസരം കിട്ടിയാൽ ഞാൻ ജയിക്കും, ആ അവസരം നേടാനുള്ള ഓട്ടമാണ് അവിടെ ഈ സ്റ്റേജ്. ഇങ്ങനെ, അങ്ങനെ, എങ്ങനെ പറഞ്ഞാലും ഈ സ്റ്റേജ് ഇല്ലാതെ സിനിമയില്ല.

ഈ അടുത്ത കാലത്ത് ഇവിടെയാണോ എന്നറിയില്ല വായിച്ച ഒരു കാര്യം, ഇന്ത്യയിൽ ആദ്യമായി ലൈവ് ആക്ഷൻ ആനിമേഷൻ ഉപയോഗിച്ച ചിത്രം മലയാളത്തിലെ 'ഓ ഫാബി'യാണോയെന്ന് തപ്പി ചെന്നപ്പോൾ വഴിയിൽ തടഞ്ഞ ഒരു സിനിമയാണ് രജിനി സാറിന്റെ 1989ലെ 'രാജാ ചിന്ന റോജാ'. ഇതിൽ ഒരു പാട്ടിൽ ലൈവ് ആക്ഷൻ ആനിമേഷൻ ഉപയോഗിച്ചിട്ടുണ്ട്‌. ഈ പറഞ്ഞ രണ്ടു സിനിമയിലും പിന്നണിയിൽ പ്രവർത്തിച്ചത് ഇന്ത്യൻ ആനിമേഷന്റെ പിതാവ് എന്നറിയപ്പെടുന്ന കഴിഞ്ഞ വർഷം അന്തരിച്ച നാട് പത്മശ്രീ നൽകി ആദരിച്ച രാം മോഹൻ സാറാണ്. 1988ഇൽ വന്ന Who Framed Roger Rabbit എന്ന ഹോളിവുഡ് ലൈവ് ആക്ഷൻ സിനിമയുടെ വമ്പൻ വിജയമായിരുന്നു മുൻപ് പറഞ്ഞ രണ്ടു സിനിമകൾക്കും ഉള്ള കാരണം. ഇതിപ്പോൾ പറയാൻ കാര്യം, എങ്ങനെ ഒരു 'താര സിനിമ' നിർമ്മിക്കപ്പെടുന്ന എന്ന് പറയാൻ വേണ്ടിയാണ്. ലോകത്ത്‌, ലോകത്തുള്ള സിനിമയിൽ വരുന്ന പുതിയ ഒരു സംഗതി (ഇത് ഒരു സിനിമയിൽ പ്രധാനമായി ഉപയോഗിക്കപ്പെടുന്ന കളർ മുതൽ stunt ലെ ഒരു മൂവ്മെന്റ് വരെയാവാം - കൈതി ട്രെയിലറിൽ കാണിയ്ക്കുന്ന ദേഹത്ത് ചാടിക്കയറി കറക്കി താഴെ വീഴ്ത്തുന്ന നമ്പർ ജോണി വിക്കാണ് കൊണ്ടു വന്നത്) അതായത് പുതിയ എന്തെങ്കിലും ടെക്നിക്കൽ ആസ്പെക്ട്, അപ്പോൾ നിലവിലുള്ള ഏറ്റവും വിലപിടിപ്പുള്ള നായിക, പിന്നെ തിരക്കഥയിൽ ധാരാളം 'അവസരങ്ങൾ' ഉൾക്കൊള്ളിച്ച the road back ഇതൊക്കെയാണ് ഒരു താരത്തിനെ നിർമ്മിച്ചത് അല്ലെങ്കിൽ നിർമ്മിക്കുന്നത് എന്ന് നമുക്ക് കാണാൻ കഴിയും. അതിനെ മോശമായി അല്ല ഞാൻ പറയുന്നത്, ചരിത്രം എടുത്തെഴുതി എന്ന് മാത്രം.

പഴയ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, ജോസഫ്‌ സോളമൻ. ജ്യോതികയുടെ പടം പൂജാമുറിയിൽ വെച്ചു സ്‌പെഷ്യൽ അർച്ചന നടത്തിയതിന് അപ്പൻ തല്ലിയവൻ. അവൻ പിന്നെ മതം മാറി. അവനായിരുന്നു തൂത്തുക്കുടി രജിനി മൻട്രം പ്രസിഡന്റ്, രജിനിയ്ക്ക് അതൊക്കെ നിർബന്ധം ആയിരുന്നു, തന്റെ ഫാൻസ് അസോസിയേഷൻ തലപ്പത്തുള്ളവർക്ക് വായിക്കാനറിയണമെന്ന്. അവൻ പറയുമായിരുന്നു, അവൻ ഒരു പശുവിനെ മേടിച്ച കഥയും, എല്ലാ ദിവസം രാവിലെ അണ്ണാമലയിലെ പാട്ടു പാടിയ കഥയും, ആയിരം വട്ടം പാടിയിട്ടും അവന്റെ ജീവിതത്തിൽ ഒന്നും സംഭവിയ്ക്കാതിരുന്ന കഥയും, അങ്ങനെ അവൻ ദുബായിയിൽ വന്നതും. എന്നിട്ടും അവന് രജിനി എന്നു പറഞ്ഞാൽ ജീവനായിരുന്നു.

Article Tags: