ഭാഗം 9: The Reward

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ അങ്ങേയറ്റം സന്തോഷവാന്മാരായ രണ്ടു പേർ മെഴുവേലിയിൽ ജീവിച്ചിരുന്നു, ഇലവുംതിട്ട യമുനയിലെ പ്രൊജക്ടർ ഓടിച്ചിരുന്ന ചേട്ടനും ഞാനും. ആ വർഷമാണ് യമുനയിൽ 'ഡബിൾ ഇമ്പാക്റ്റ്' വന്നത്. ഞങ്ങൾ രണ്ടു പേർക്കും ഇംഗ്ലീഷ് സംസാരിയ്ക്കാനോ, കേട്ടാൽ മനസ്സിലാക്കാനോ അറിയില്ലായിരുന്നു. എങ്കിലും ഞങ്ങൾ അങ്ങേയറ്റം സന്തോഷത്തിലായിരുന്നു, അത് പോലുള്ള ഒരു പടമായിരുന്നു അത്. പക്ഷെ ഞങ്ങളെ പറ്റിയ്ക്കുകയായിരുന്നു, ഒരു സീൻ വെട്ടിയ പെട്ടിയാണ് ഞങ്ങൾ കണ്ടത്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിൽ അങ്ങേയറ്റം ദുഃഖിതരായ രണ്ടു പേർ തിരുവനന്തപുരത്ത് ജീവിച്ചിരുന്നു, തിരുവനന്തപുരം ശ്രീ വിശാഖിൽ പ്രൊജക്ടർ ഓടിച്ചിരുന്ന ചേട്ടനും ഞാനും. ആ വർഷമാണ് ശ്രീ വിശാഖിൽ 'ഷേക്സ്പിയർ ഇൻ ലവ്' വന്നത്. ഞങ്ങൾ രണ്ടു പേർക്കും ഇംഗ്ലീഷ് വൃത്തിയായി സംസാരിയ്ക്കാനോ, കേട്ടാൽ മുഴുവനായി മനസ്സിലാക്കാനോ അറിയില്ലായിരുന്നു. എങ്കിലും ഞങ്ങൾ കണ്ട പടത്തിലെ ഒരു സീൻ മുറിച്ചു മാറ്റിയിരുന്നുവെന്ന് മനസ്സിലാക്കാനുള്ള വിവരം ഞങ്ങൾക്കന്ന് ഉണ്ടായിരുന്നു. ഒരു സീൻ വെട്ടിയ പെട്ടിയാണ് ഞങ്ങൾ കണ്ടത്.

ഇന്ന് വെട്ടിക്കളയപ്പെട്ട അത്തരം സീനുകളെ പറ്റി പറയാം. ഓർക്കാം.

The Reward

ഒരു റീ ക്യാപ് നല്ലത് എന്ന് തോന്നുന്നു പ്രത്യേകിച്ചും എന്താണ് ആ വെട്ടികളയപ്പെട്ട സീൻ എന്ന് കൃത്യമായി മനസ്സിലാക്കാൻ വേണ്ടി. ആദ്യം Xനേയും കഥയിലെ മറ്റ് പ്രധാനികളെയും നമ്മൾ പരിചയപ്പെട്ടു (ordinary world), തൊട്ട് പുറകെ Xന് നേരെ call to adventure വന്നു, X അത് നിരസിച്ചു (refuse to call to adventure), കാര്യങ്ങൾ ഒന്നുറപ്പിയ്ക്കാൻ X തന്റെ ഗുരുവിനെ കണ്ടുമുട്ടി (meeting the mentor), ഗുരുവിൽ നിന്നും കിട്ടിയ ധൈര്യത്തിൽ X ആദ്യ പടി കടന്നു (crossing the first threshold), അതിന് ശേഷം X കളത്തിൽ ഇറങ്ങി കളി തുടങ്ങി (test allies and enemies), അവിടെ വച്ച് Xന് ഒരു വെല്ലുവിളിയെ നേരിടേണ്ടി വന്നു (approach to inmost cave), Xന് ജീവിതത്തിൽ ആദ്യ അടിയും കിട്ടി (the supreme ordeal).

ഇനിയാണ് the reward.

ജീവിതം ഒരിക്കലും അത്ര ക്രൂരമൊന്നുമല്ല, സിനിമയും. തന്നെയുമല്ല, അടിയേറ്റ് നായകൻ അല്ലെങ്കിൽ നായിക വീണു കിടന്നാൽ കഥ മുൻപോട്ട് പോകില്ല, ലോജിക്കലി ശരിയല്ലേ? അത് കൊണ്ടു തന്നെ, നായകൻ അല്ലെങ്കിൽ നായികയ്ക്ക് ഏറ്റ പതനത്തിൽ നിന്നും അവരെ കൈപിടിച്ച് ഉയർത്താൻ സിനിമ അവർക്ക് ഒരു പിടിവള്ളി നൽകും, അതാണ്, സിനിമയിലെ ആ സ്റ്റേജാണ് the reward.

ഇംഗ്ലീഷ് സിനിമയിൽ അത് തൊണ്ണൂറ് ശതമാനം കേസിലും സെക്‌സ് സീനായിരിയ്ക്കും. ആദ്യം പറഞ്ഞ, പെട്ടിയിലെ വെട്ടി മാറ്റപ്പെട്ട സീൻ. ഒരു സിനിമയ്ക്ക് ഈ പറയുന്ന സ്റ്റേജുകൾ ഒക്കെയുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നതിനും വർഷങ്ങൾക്ക് മുൻപേ എനിക്കറിയാമായിരുന്ന ഒരു കാര്യമായിരുന്നു ഇംഗ്ലീഷ് സിനിമയിൽ ആദ്യ അടിയിൽ നായകൻ വീഴുമെന്നും, വീണ നായകനെ കാപ്പി കുടിയ്ക്കാൻ നായിക വീട്ടിൽ വിളിച്ചുകൊണ്ടു പോകുമെന്നുള്ളതും, വീട്ടിലെ ബാത്ത്റൂമിൽ വച്ചവൾ അവന്റെ ബൈസെപ്പിലെ വെടിയുണ്ട പുറത്ത് എടുക്കുമെന്നുള്ളതും പിന്നെ ഡിങ്കോൾഫി നടക്കുമെന്നുള്ളതും. വെടിയുണ്ട എടുക്കുന്ന സീനിൽ ഞാൻ കണ്ണ് തുറക്കാതെ ഇരുന്നു, തൊട്ടടുത്ത സീനിൽ കണ്ണ് അടയ്ക്കാതെയും ഇരുന്നു.

നോക്കൂ, ഒരു സെക്‌സ് സീനിനെ എത്ര കൃത്യമായിയാണ് ഹോളിവുഡ് പ്ലെയിസ് ചെയ്തിരിക്കുന്നതെന്ന്. ആ സീൻ കഴിയുമ്പോൾ നായകനോ നായികയ്ക്കോ ഒപ്പം അവർക്കേറ്റ അടി മറക്കാൻ നമുക്കും കഴിയുന്നുണ്ട്.

പാവം നമ്മൾ കാലാകാലങ്ങളിൽ എന്ത് ചെയ്തു? നമ്മൾ കണ്ണീർപ്പൂവ് പാടി. സേതുമാധവന് ദേവിയെ നഷ്ടപ്പെട്ടത് എന്തൊരു നഷ്ടപ്പെടൽ ആയിരുന്നു. ഓർക്കുമ്പോൾ ഇന്നും വിഷമം വരും.

ചെമ്പരത്തിപ്പൂവ് കൂട്ടിമുട്ടുന്നത് കണ്ടു നമ്മൾ കളിയാക്കി ചിരിച്ചു, സത്യമാണത്. പക്ഷെ എഴുതിയവരും എടുത്തവരും എത്ര വിയർത്തിട്ടുണ്ടാവും? നമുക്ക് അത് കൊണ്ട് തന്നെ the supreme ordeal പ്രിയപ്പെട്ടവരുടെ നഷ്ടം ആക്കേണ്ടി വന്നു, തുടർന്ന് വന്ന പാട്ടിൽ നമ്മൾ ഒരു ചാരു കസേര വലിച്ചിട്ടു, ആ കസേരയിൽ ഉറക്കം വരാതെ കിടന്ന നായകൻ മരിച്ചു പോയ അമ്മ ചായ കൊണ്ടുകൊടുത്തത് കണ്ട് ഞെട്ടി തിരിഞ്ഞു നോക്കി.

ദേശങ്ങൾ മാറുമ്പോൾ സിനിമകളിൽ വരുന്ന മാറ്റം ആണ് നമ്മൾ പറയുന്നത്. നമ്മുടെ സിനിമകളിൽ നമുക്ക് നൽകാൻ പറ്റുന്ന റിവാർഡിന് ഒരു പരിമിതിയുണ്ടെന്ന് നമ്മൾ ആദ്യം മനസ്സിലാക്കി. ഇന്ത്യൻ കമേഴ്സ്യൽ സിനിമ കണ്ടു വളർന്നത് ഡേവിഡ് ലീനിനെയും, കപ്പോളയെയെയും സെർജി ലിയോണിയേയും ഒക്കെയാണ്. അവർ പറഞ്ഞു വച്ച അതേ ചേരുവയിൽ നമ്മൾ ഓർഡിനറി വേൾഡും വില്ലനെയും ഒക്കെ സൃഷ്ടിച്ചു. പക്ഷെ റിവാർഡ് എന്ന സെഗ്മെന്റിൽ എന്ത് കാണിക്കാൻ കഴിയും അല്ലെങ്കിൽ എന്ത് കാണിയ്ക്കാൻ കഴിയില്ല എന്നതിനെപ്പറ്റി നമ്മൾക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ റിവാർഡിന്‌ ചേരുന്ന വണ്ണം നമ്മൾ approach to inmost caveഉം supreme ordeal ഉം മാറ്റി തുന്നി. നായകന്റെ വീഴ്ച അല്ലെങ്കിൽ അവന്റെ നഷ്ടം എന്നുള്ളത് നമ്മൾ അവന്റെ ബന്ധപ്പെട്ടവരുടെ വേർപാട് ആക്കി. ഹിന്ദിയിൽ കാമുകിയെ നമ്മൾ വില്ലനെകൊണ്ടു നാണം കെടുത്തി, തമിഴിൽ നമ്മൾ നായകന്റെ പെങ്ങളെ കൊന്നു, മലയാളത്തിൽ ഉറങ്ങിക്കിടന്ന അച്ഛനോ അമ്മയോ മരിച്ചു. മരണം ആയിരുന്നു ഒട്ടേറെക്കാലം ഇന്ത്യൻ സിനിമയുടെ ആസ്ഥാന supreme ordeal. കാരണം, മരണത്തെ എങ്ങനെ നേരിടണമെന്ന് നമുക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു.

Supreme ordeal കഴിഞ്ഞ നായകനോ നായികയ്ക്കോ കരയാൻ നമ്മൾ സമയം കൊടുത്തു. അതായിരുന്നു അവർക്കുള്ള, നമുക്ക് നൽകാൻ പറ്റുന്ന ഏറ്റവും നല്ല റിവാർഡ്. വേർപാടിനെക്കുറിച്ച് പാടിയപ്പോൾ സലിൽദായും റാഫിയും മെഹബൂബും പിറന്നു. കരയാൻ തോന്നുന്ന ഇത്രയധികം പാട്ടുകൾ നെഞ്ചിലേറ്റിയ മറ്റൊരു ജനസമൂഹം ഉണ്ടാവില്ല. ഈ കാലത്ത് മറ്റ് നാടുകളിൽ Mötley Crüe ഉം Mayhem ഉം ഒക്കെ മനുഷ്യനെ എങ്ങനെ പച്ചയ്ക്ക് കൊല്ലണമെന്ന് ചെകുത്താനോട് സംസാരിയ്ക്കുകയായിരുന്നു.

നമ്മുടെ നായകനും നായികയും കരഞ്ഞപ്പോൾ നമ്മളും കൂടെ കരഞ്ഞു, പിന്നെ നമ്മളും അവരും സമാധാനിച്ചു. ഇങ്ങനെ കരയേണ്ടി വന്നതും നമ്മുടെ ഇന്ത്യൻ സിനിമകളുടെ നീളം കൂടാൻ ഒരു കാരണമായി. എനിക്കിതിൽ പരാതികളില്ല. കരയാൻ കഴിയുന്ന ഒരു സമൂഹത്തേയ്ക്കാൾ എനിക്കിഷ്ടം കരയുന്നവളോട് അനുകമ്പ പ്രകടിപ്പിയ്ക്കാൻ കഴിയുന്ന ഒരു സമൂഹത്തെയാണ്. നമ്മളെ കുറെയൊക്കെ കരയാൻ പഠിപ്പിച്ചത് നമ്മുടെ സിനിമ തന്നെയാണ്.

അയ്യപ്പനും കോശിയിലും നിന്നും ഒരു കാര്യം ഇന്നു കൂടെ പറഞ്ഞോട്ടെ. ഈ സിനിമയിൽ സമർഥമായ ഒറ്റ ഡയലോഗിലാണ് the reward എന്ന സ്റ്റേജ് കടന്നുപോവുന്നത്. ഇങ്ങനെ ചിന്തിച്ച് നോക്കൂ, കണ്ണമ്മയ്ക്ക് അയ്യപ്പൻ വേണം എന്ന് നിർബന്ധമില്ല, പക്ഷെ അയ്യപ്പന് കണ്ണമ്മ ഉണ്ടായേ തീരൂ. അത്ര ഫ്രജൈൽ ആണയാൾ. "നീ ഒരു കട്ടൻ ഇട്ടാൽ ഞാൻ കുടിയ്ക്കാം". എത്ര മനോഹരമായി എഴുതപ്പെട്ട ഒരു സംഭാഷണം ആണത്. കട്ടൻ വേണ്ടിയിട്ട് അയ്യപ്പൻ പറഞ്ഞതല്ല അത്, അവൾ ഒപ്പമുണ്ട് എന്നയാൾ ഉറപ്പിയ്ക്കുകയാണ്, അവൾ ഉണ്ട് താനും. അതാണ് അയ്യപ്പന്റെ reward.

അയ്യപ്പനും കോശിയിലും നിന്നും ഇത് ഞാൻ എടുത്തെഴുതാൻ ഒരു കാരണം കൂടിയുണ്ട്. ഒരു സിനിമ എഴുത്തുകാരന് അല്ലെങ്കിൽ എഴുത്തുകാരിയ്ക്ക് മാത്രം കിട്ടുന്ന ഒരു പ്രിറോഗേറ്റിവ് ഉണ്ട് നമ്മുടെ നാട്ടിൽ. നിങ്ങൾ ഒരു എഴുത്തുകാരനെ അല്ലെങ്കിൽ ഒരു എഴുത്തുകാരിയെ വായിക്കുന്നു എന്നു കരുതുക, കയ്യിൽ കിട്ടുന്നതാണ് നമ്മൾ വായിക്കുക, നമ്മളാരും ഏത് വർഷമാണ് അവർ അതെഴുതിയത് എന്ന് ഒരിക്കലും നോക്കാറില്ല. ഒരു പക്ഷെ ആദ്യം നമ്മൾ വായിക്കുക അവർ ഏറ്റവും അവസാനം എഴുതിയ കഥയാവും, അത് അവരുടെ ഏറ്റവും മികച്ച കഥ ആവണമെന്നില്ല. പക്ഷെ അവിടെ നമ്മൾ അവർക്ക് മാർക്കിടും. അവരുടെ ആദ്യ കഥ അവർ അവസാനം എഴുതിയ കഥയുടെ അത്ര നിലവാരം പുലർത്തണം എന്നും നമുക്കൊരു കാഴ്ചപ്പാടുണ്ട്. കാലം തെറ്റിയാണ് നമ്മൾ വായിക്കുന്നത്, അതു കൊണ്ട് കാലത്തിന് അനുസരിച്ചു മാറാൻ ഉള്ള ഒരു അനുവാദം നമ്മൾ അവർക്ക് നൽകുന്നില്ല. പക്ഷെ, സിനിമയിൽ വരുമ്പോൾ അയ്യപ്പൻ കണ്ണമ്മയെ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്ന യാർഡ് സ്റ്റിക്കിൽ മിസ്റ്റർ സച്ചിയുടെ തൊട്ട് മുൻപുള്ള പടത്തിലെ മണ്ടിയും അസൂയക്കാരിയുമായ ക്ളീഷേ മിയയെ മറക്കാൻ നമ്മൾ റെഡിയാണ്. കാലത്തിനനുസരിച്ച് മാറാൻ നമ്മൾ ഒരു സിനിമാക്കാരനെ അല്ലെങ്കിൽ സിനിമാക്കാരിയെ അനുവദിയ്ക്കുന്നുണ്ട്. പലരും അത് ഉപയോഗിക്കുന്നില്ലെങ്കിലും.

റിവാർഡിനെ പറ്റി പറഞ്ഞു തുടങ്ങിയതിൽ ഒന്നു കൂടെ പറഞ്ഞു നിർത്താം. സ്ത്രീകളുടെ, നായികമാരുടെ താര നിർമ്മിതിയിൽ ഏറ്റവും അധികം പ്രാധാന്യം വഹിച്ച ഒരു സ്റ്റേജാണിത്. പുറത്തുള്ള സിനിമകളിൽ നായികമാർ വിവസ്ത്രരായപ്പോൾ ആരാധകർ കൂടി, ഇവിടെ ഇന്ത്യയിൽ ദുഃഖപുത്രിമാരെ നമ്മൾ ആരാധിച്ചു.

സോഫിയ ലോറൻ ഇന്ന് ജനീവയിൽ ജീവിച്ചിരിപ്പുണ്ട്. ഒരു കാലത്തെ നായിക, ഒരിക്കലും അവർ സ്ക്രീനിൽ നഗ്നയായില്ല, എങ്കിലും. മർലിന് ശേഷം സമാനതകളില്ലാത്ത താരം. നേരത്തെ പറഞ്ഞതനുസരിച്ച് ഒരിക്കൽ ഒരു റിപ്പോർട്ടർ അവരെ ഇന്റർവ്യൂ ചെയ്യാനെത്തി. ലിഫ്റ്റ് പണിമുടക്കിയ ഒരു ദിവസം. അഞ്ചാം നിലയിൽ അണച്ചെത്തിയ അവനുള്ള വാതിൽ തുറന്ന സോഫിയ ഒരു ചിരിയിൽ അവനോട് പറഞ്ഞു, "നിനക്കിപ്പോഴും എന്നെ കാണുമ്പോൾ ഒരു ശ്വാസം നഷ്ടപ്പെടുന്നുണ്ടല്ലേ!".

Article Tags: