ഭാഗം 8: Supreme Ordeal

Tyrion Lannister ആകെ 67 പ്രാവശ്യം ജീവിക്കുന്നുണ്ട്. Game of Thrones ന്റെ ആകെയുള്ള 73 എപ്പിസോഡുകളിൽ അയാൾ 67 എപ്പിസോഡിലും ഉണ്ട്. അയാളുടെ ജീവിതത്തിൽ നിന്നും നമുക്ക് എന്ത് പഠിയ്ക്കാം?

സിനിമയുടെ പശ്ചാത്തലത്തിൽ നമ്മൾ കണ്ടുകൊണ്ടിരിയ്ക്കുന്ന ഈ ഫോർമുലയ്ക്ക് ഒരു സീരീസിൽ സ്ഥാനം ഉണ്ടോ? 5 എപ്പിസോഡുള്ള (ചെർണോബിൽ) അതുമല്ലെങ്കിൽ 9 എപ്പിസോഡുള്ള (പാതാൾ ലോക്) ഒരു സീരീസിൽ എങ്ങനെ ഈ ഫോർമുല നമുക്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉപയോഗിച്ചിരിയ്ക്കുന്നത് കണ്ടെത്തുകയോ ചെയ്യാം?

Supreme Ordeal

എവിടെയാണ് തെറ്റിയതെന്ന് കൃത്യമായി എനിക്ക് മനസ്സിലാവുന്നില്ല, എന്തായാലും ഇന്നലെ എഴുതിയത് വായിച്ചവരുടെ എണ്ണം കുറവായിരുന്നു. എന്റെ ഊഹം, ഞാൻ വായന അറിവിനെ വിട്ട് 'എന്റെ കഥകളിലേയ്ക്ക്' ഒന്ന് ചുരുങ്ങിയതാണെന്നു തോന്നുന്നു. മറ്റുള്ളവർക്ക് കേൾക്കാൻ ഏറ്റവും കുറവ് താല്പര്യം നിന്റെ സ്വന്തം കഥകളാവും എന്നൊരിക്കൽ സുഹൃത്ത് സാഷ പറഞ്ഞത് ഞാൻ ഓർക്കുന്നു. സാഷ എന്നെക്കുറിച്ച് പറഞ്ഞതല്ല അത്. ഒരാൾ ആദ്യമായി എഴുതുന്ന ഒരു തിരക്കഥയിൽ ഏറ്റവും കൂടുതലുണ്ടാവുക അയാൾക്ക് തന്റെ അച്ഛനോടൊ അമ്മയോടോ അതുമല്ലെങ്കിൽ ഉപേക്ഷിച്ച് പോയ കാമുകനോടോ കാമുകിയോടോ പറയാനുള്ള കാര്യങ്ങളാവും എന്നൊരു തിയറിയുണ്ട്. അതിലുള്ള തമാശ, ഈ ഒറ്റ കാരണം കൊണ്ട് തന്നെ അത് മൊത്തത്തിലുള്ള പ്രേക്ഷകർക്ക് രസിക്കില്ല എന്നതാണ്. കാമുകിയോട് പറയാനുള്ള പരിഭവങ്ങൾ (അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ) അതല്ല കാമുകിയോട് പറയാനുള്ള സ്നേഹം നേരിട്ട് പറയുക (ടിക് ടോക്കിലും പറയാം) എന്തായാലും ഒരു തിരക്കഥയിലൂടെ ലക്ഷങ്ങൾ മുടക്കി പറയാതിരിയ്ക്കുക! ഇത് ഞാൻ പറഞ്ഞതല്ല മറിച്ച് എഴുത്തിന്റെ ഒരു ടെക്‌നിക്ക് ആണ്.

എന്തായാലും എനിക്ക് തെറ്റി. വായിച്ചവരുടെ എണ്ണം വളരെ കുറവ്. തെറ്റുമ്പോൾ ഒരാൾ ആദ്യം ചെയ്യുക എന്താവും? തല പോയാലും സ്വന്തം തെറ്റ് സമ്മതിയ്ക്കില്ല എന്ന് തീരുമാനിയ്ക്കും! രണ്ട് എന്ത് ചെയ്യും? നിരാശപ്പെടും. അതേ, അതാണ് പോയിന്റ്. ബാക്കിയുള്ള എപ്പിസോഡുകൾ ഇനി എഴുതണമോയെന്ന ആ സംശയം, ആ തളർച്ച, ആ ദുഃഖം അതാണ് ഇന്നത്തെ നമ്മുടെ വിഷയം, ഒരു കമേഴ്സ്യൽ സിനിമ തിരക്കഥയിലെ എട്ടാം സ്റ്റേജ്, The Supreme Ordeal. ഒരു നായകൻ അല്ലെങ്കിൽ നായികയുടെ കഥയിലെ തിരിച്ചടികൾ നേരിടേണ്ടി വരുന്ന നിമിഷം. നമ്മൾ rock bottom എന്നൊക്കെ പറയുന്ന അവസ്‌ഥ.

മുകളിൽ എഴുതിയതിനെ ഉദാഹരണമായി കാണുക, 12 എപ്പിസോഡും എഴുതി തീർത്തിട്ടെ മുടി വെട്ടൂ എന്ന ശപഥം ചെയ്ത് ഇറങ്ങിയ ആളാണ് ഞാൻ, കുറഞ്ഞത് 25 പേർ വായിക്കും എന്നൊരു കോണ്ഫിഡൻസ് ഉണ്ട്, ആ സ്ഥിര വായനക്കാർക്ക് നന്ദി.

ശ്രദ്ധിയ്ക്കേണ്ട ആദ്യ കാര്യം, ഇന്നലെ നമ്മൾ കണ്ട approach to the in most cave കഴിഞ്ഞുടനെ തന്നെ, മിക്കവാറും ആ സീനിൽ അല്ലെങ്കിൽ തൊട്ടടുത്ത സീനിൽ സംഭവിയ്ക്കുന്ന ഒന്നാണ് നായകൻ അല്ലെങ്കിൽ നായികയുടെ പതനം. ദേവാസുരത്തിൽ നിന്നു തന്നെ ഉദാഹരണം പറഞ്ഞാൽ നീലകണ്ഠൻ പാതി ജീവൻ പോയ അവസ്ഥയിൽ എത്തിയത്. ആശിച്ച മെഡലും ചിലപ്പോൾ ജോലി തന്നെയും നഷ്ടപ്പെടാം എന്ന അവസ്ഥയിലെ അയ്യപ്പൻ.

അടി കൊണ്ടു വീഴുന്നതായിരുന്നു കുറെ ഏറെക്കാലം മലയാള സിനിമയിലെ supreme ordeal. അതുമല്ലെങ്കിൽ നായകന്റെയോ നായികയുടെയോ പ്രിയപ്പെട്ടവർ ആർക്കെങ്കിലും സംഭവിയ്ക്കുന്ന മരണം അല്ലെങ്കിൽ ആപത്ത്, ഇതും supreme ordeal ആണ്. നമ്മൾ മുൻപ് പരിചയപ്പെട്ട മെന്ററിന്റെ മരണം അല്ലെങ്കിൽ മെന്ററിന് സംഭവിയ്ക്കുന്ന ആപത്ത് ഒരുഗ്രൻ supreme ordeal ആണ്. പറഞ്ഞു വന്നത്, അടിപ്പടങ്ങൾ മലയാളത്തിൽ ഗണ്യമായി കുറഞ്ഞപ്പോൾ നായകൻ ശരിക്കും അടികൊണ്ടു വീഴുന്ന supreme ordeal ഇപ്പോൾ മലയാളത്തിൽ കാണാൻ തന്നെ ഇല്ലെന്ന് പറയാം. മലയാളിയ്ക്ക് ഇപ്പോൾ ഇഷ്ടം മാനസിക തളർച്ചകൾ ആണ്! കുമ്പളങ്ങിയിലെ സജിയ്ക്ക് തന്നെ തന്നെ കൈവിട്ട് പോവുന്ന നിമിഷം, അഞ്ചാം പാതിരയിലെ കുഞ്ചാക്കോ ബോബന് മടുപ്പ് തോന്നുന്ന നിമിഷം, ജനമൈത്രി പടത്തിലെ നായകൻ എസ് ഐ ഷിബുവാണ് എന്ന രീതിയിൽ ചിന്തിച്ചാൽ കള്ളന്മാരുടെ കയ്യിൽ നിന്നും പൂച്ചെണ്ട് ഏറ്റു വാങ്ങിയ നിമിഷം, ജെല്ലിക്കെട്ടിൽ കുട്ടച്ചനെ നാട് കടത്തപ്പെടുന്ന നിമിഷം.

മാനസികമായി തളർത്തണോ അതോ തല്ലി തളർത്തണോയെന്ന് എഴുത്തുകാർ തീരുമാനിയ്ക്കുക, എന്തായാലും തളർത്തുക. അപ്പോൾ എന്ത് സംഭവിയ്ക്കും? അപ്പോൾ ആക്റ്റ് 2നും 3നും ഇടയിലുള്ള ഗ്യാപ്പ് അവിടെ വരും. മലയാളത്തിൽ പറഞ്ഞാൽ ഇന്റർവെൽ.

Test allies and enemies രസിച്ചെഴുതുന്ന പ്രിയദർശൻ സാറിനെ പറ്റി നമ്മൾ പറഞ്ഞിരുന്നു, മുൻപ്. അദ്ദേഹം ഉപയോഗിച്ചു കണ്ടിട്ടുള്ള ശൈലിയെന്നത്, വളരെ ഫേക്ക് ആയ ഒരു 'approach to inmost cave' & 'supreme ordeal' നായകന് നൽകി അവിടെ ഇന്റർവെൽ കൊടുത്ത്, അയ്യോ പറ്റിച്ചേ എന്നുമ്പറഞ്ഞു വീണ്ടും test allies and enemiesലേക്ക് സെക്കൻഡ് ഹാഫിൽ തിരിച്ചെത്തുന്ന ഒരു രീതിയാണ്. ഉഗ്രൻ എഴുത്താണിത്, പ്രധാന ഗുണം സെക്കൻഡ് ഹാഫിലും തമാശ തീരുന്നില്ല എന്നത് തന്നെ. ചന്ദ്രലേഖയിൽ അനിൽ കപൂറിന്റെ ഇന്റർവെൽ എൻട്രി ഉദാഹരണമാണ്. 'പ്രേമത്തിലെ' ഇന്റർവെൽ ഈ പറഞ്ഞതിന് ഒരുഗ്രൻ ഉദാഹരണമാണ്.

ഇനി നമുക്ക് സീരീസിലേയ്ക്ക് തിരിച്ചുവരാം. ഒരു സിനിമയെക്കാൾ കൂടുതൽ ദൈർഘ്യം ഉള്ളത് കൊണ്ട് ഒരു സീരീസിൽ കഥാപാത്രങ്ങളുടെ എണ്ണം കൂടുതൽ ആവും. അത് പോലെ തന്നെ, ആ കഥാപാത്രങ്ങളുടെ കഥ കൂടുതൽ വിശദമായി പറഞ്ഞിട്ടും ഉണ്ടാവും. ആ സീരീസിലെ നായകൻ അല്ലെങ്കിൽ നായിക ഇനി അതല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തിന്റെ കഥ ഒന്ന് വിശദമായി പരിശോധിയ്ക്കുക, ആ കഥാപാത്രം നമ്മൾ കണ്ട എല്ലാ സ്റ്റേജിലൂടെയുമാണ് കടന്നു പോവുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അങ്ങനെയേ എഴുതാൻ കഴിയൂ. Game of Thronesഇൽ Tyrion Lannisterനെ ശ്രദ്ധിയ്ക്കുക, Chernobyl കാണുമ്പോൾ അത് Valery Legasovന്റെ കഥയായി കാണുക, ഇനി പാതാൾ ലോകാണെങ്കിൽ ജയ്‌ദീപ് അഹ്ലാവത്ത് എന്ന ഗംഭീര നടന്റെ ഹാഥി രാം ചൗധരിയുടെ കഥയായി കാണുക. ഈ ഫോർമുല വളരെ കൃത്യമായി ഉപയോഗിച്ചാണ് ആ കഥാപാത്രങ്ങളെ നിർമ്മിച്ചിരിയ്ക്കുന്നത് എന്നു നിങ്ങൾക്ക് കാണാൻ കഴിയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ വയ്ക്കപ്പെടുന്ന കറി സാമ്പാർ ആവും, സാമ്പാർ നിങ്ങൾക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും. ആ പ്രപഞ്ച സത്യം അംഗീകരിക്കുക!

നിശബ്ദ സിനിമകളുടെ കാലം മുതൽക്ക് തന്നെ നിരന്തരം പരീക്ഷിക്കപ്പെട്ട് രാകി മിനുക്കിയെടുക്കപ്പെട്ട ഒരു ഫോർമുലയാണിത്. ആദ്യകാലങ്ങളിലെ സിനിമകൾ ഒരു റീൽ അല്ലെങ്കിൽ രണ്ടു റീൽ ദൈർഘ്യം ഉള്ളവയായിരുന്നു. ഒരു സംവിധായകൻ തന്നെ അത്തരത്തിലുള്ള കുറഞ്ഞത് നാല് റീലെങ്കിലും ഒരാഴ്ചയിൽ നിർമ്മിച്ചിരുന്നു, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ നാല് ഷോർട്ട് ഫിലിമുകൾ ഒരാഴ്ചയിൽ! ഇരുപതുകളിലെ (1920s) ഏറ്റവും പ്രശസ്ത സംവിധായകനായ Joseph Aloysius Dawn ഒരിക്കൽ എഴുതി, "I once tried to draw up a list of pictures I'd done. Some one sent me a list with 800 titles on it, and I tried to help him by adding on the rest. I got to 1400 and I had to give up. Just couldn't remember the others".

എന്തൊരു മനുഷ്യർ! റ്റിരിയൺ ലാനിസ്റ്ററിനെ പോലെ!

Article Tags: